ഇന്ത്യ മുന്നോട്ടു തന്നെ

ഇന്ത്യ മുന്നോട്ടു തന്നെ
നരേന്ദ്ര മോദി സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന വേളയില്‍ രാജ്യത്തിന്റെ 
വളര്‍ച്ചയെ സംബന്ധിച്ച് പുറത്തുവരുന്ന പഠനങ്ങള്‍ ശുഭകരമാണ്. ഇന്ത്യ എട്ട് ശതമാനം 
വളര്‍ച്ച നേടുമെന്നാണ് യുഎന്‍ നടത്തിയ പഠനത്തില്‍ വ്യക്തമായത്. സാമ്പത്തികരംഗത്ത് 
പ്രകടമാകുന്നത് കുതിപ്പ് തന്നെയായിരിക്കും 

പരിഷ്‌കരണങ്ങളുടെ ഉറച്ച അടിത്തറയിലാണ് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മുന്നോട്ടുപോകുന്നത്. അതില്‍ വ്യക്തത വരുന്നതാണ് പുറത്തുവരുന്ന സര്‍വേകളും പഠനങ്ങളും. നോട്ട് അസാധുവാക്കലിന്റെ പ്രത്യാഘാതങ്ങള്‍ എല്ലാം അവസാനിച്ചുവെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബര്‍ എട്ടിന് കൈക്കൊണ്ട സുപ്രധാനമായ സാമ്പത്തിക പരിഷ്‌കരണമായിരുന്നു നോട്ട് അസാധുവാക്കല്‍. അത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകിടം മറിയ്ക്കുമെന്നും ജിഡിപി വളര്‍ച്ചയെ അട്ടിമറിക്കും എന്നുമായിരുന്നു പ്രധാന വിമര്‍ശനം.

എന്നാല്‍ ഈ വിമര്‍ശനങ്ങളെ സാധൂകരിക്കുന്ന രീതിയിലായിരുന്നില്ല ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന്റെ പ്രതികരണം. തുടക്കത്തില്‍ നല്ല ബുദ്ധിമുട്ട് വിവിധ രംഗങ്ങളില്‍ അനുഭവപ്പെട്ടെങ്കിലും സാമ്പത്തിക രംഗം തകരുന്ന തരത്തിലൊന്നും ആയിരുന്നില്ല അത്. മറിച്ച് സമ്പദ് വ്യവസ്ഥയ്ക്ക് നോട്ട് അസാധുവാക്കലിന്റെ പ്രത്യാഘാതങ്ങളെ വളരെ നന്നായി അതിജീവിക്കാനും സാധിച്ചു.

ഐഎംഎഫ് ഉള്‍പ്പെടെയുള്ള ആഗോള സ്ഥാപനങ്ങള്‍ ഇന്ത്യയുടെ വളര്‍ച്ചാ പ്രതീക്ഷയില്‍ അത്ര വലിയ പ്രശ്‌നങ്ങളൊന്നും കണ്ടുമില്ല. കഴിഞ്ഞ ദിവസം പുറത്തുവന്ന ഐക്യരാഷ്ട്രസഭയുടെ പഠനം വ്യക്തമാക്കുന്നത് ഇന്ത്യ 2018ല്‍ എട്ട് ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന വേളയിലാണ് യുഎന്നിന്റെ വേള്‍ഡ് ഇക്കണോമിക് സിറ്റുവേഷന്‍ ആന്‍ഡ് പ്രോസ്പക്റ്റ്‌സ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ 7.6 ശതമാനമായിരുന്നു യുഎന്‍ ഇന്ത്യയുടെ വളര്‍ച്ചാ പ്രതീക്ഷ കണക്കാക്കിയിരുന്നത്. ഇപ്പോള്‍ അതില്‍ വര്‍ധന വരുത്തിയത് രാജ്യത്തിന്റെ പോക്ക് ശരിയായ ദിശയിലാണെന്നതിന് തെളിവാണ്. നോട്ട് അസാധുവാക്കല്‍ തീര്‍ത്ത താല്‍ക്കാലിക പ്രശ്‌നങ്ങളെ മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഊര്‍ജ്ജസ്വലമായി മുന്നോട്ടു പോകുന്നുവെന്നും ധനകാര്യ നയങ്ങളും സാമ്പത്തിക പരിഷ്‌കരണങ്ങളും ഇന്ത്യയുടെ വളര്‍ച്ചാ വേഗം ത്വരിതപ്പെടുത്തുമെന്നും യുഎന്‍ നിരീക്ഷിക്കുന്നുണ്ട്.

ഇന്ത്യയുടെ അടുത്ത വര്‍ഷത്തെ വളര്‍ച്ച 7.7 ശതമാനം ആകുമെന്നായിരുന്നു ഐഎംഎഫ് വിലയിരുത്തിയത്. യുഎന്‍ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സില്‍ ഫോര്‍ ഏഷ്യ ആന്‍ഡ് ദി പസഫിക് നടത്തിയ സര്‍വേ അനുസരിച്ച് രാജ്യം 7.5 ശതമാനം വളര്‍ച്ച 2018ല്‍ നേടുമെന്ന് പറയുന്നു. ചെറിയ വ്യത്യാസങ്ങളേ ഈ പ്രതീക്ഷാ കണക്കുകളിലുള്ളൂ. അതിനര്‍ത്ഥം സാമ്പത്തിക പരിഷ്‌കരണങ്ങള്‍ ഫലം കാണുന്നുവെന്ന് തന്നെയാണ്.

കഴിഞ്ഞ ദിവസം പുറത്തുവന്ന മറ്റൊരു സര്‍വേയില്‍ 61 ശതമാനം ജനങ്ങളും നരേന്ദ്ര മോദിയുടെ മൂന്ന് വര്‍ഷത്തെ ഭരണത്തില്‍ സംതൃപ്തരാണെന്നാണ് വെളിപ്പെടുത്തിയത്. എന്നാല്‍ പ്രധാനപ്പെട്ട ചില മേഖലകളില്‍ വേഗം പുരോഗതി കൈവരിക്കണമെന്നും അവര്‍ പറയുന്നു. എല്ലാവര്‍ക്കും വികസനം എന്ന അജണ്ടയുമായാണ് മോദി സര്‍ക്കാര്‍ അധികാരത്തിലേറിയത്. ആ ലക്ഷ്യം മുന്‍നിര്‍ത്തി പരിഷ്‌കരണങ്ങളില്‍ ശ്രദ്ധയൂന്നാനാണ് സര്‍ക്കാര്‍ അടുത്ത രണ്ട് വര്‍ഷങ്ങളില്‍ ശ്രമിക്കേണ്ടത്. ഇതുവരെ വലിയ ആരോപണങ്ങളൊന്നും സര്‍ക്കാരിനെതിരെ ഉയര്‍ന്നില്ലെന്നതും അദ്ദേഹത്തിന്റെ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് വേഗം നല്‍കും.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം 10 ശതമാനം വളര്‍ച്ചാ നിരക്കില്‍ എത്തുകയെന്നത് സാധ്യമാണ്. ഏറെ ശ്രമകരമായ ദൗത്യമാണ് അതെങ്കിലും നേടാവുന്നതേയുള്ളൂ. ഇന്ത്യയുടെ ജനസംഖ്യയും വിഭവശേഷിയും വെച്ച് നോക്കുമ്പോള്‍ 10 ശതമാനം വളര്‍ച്ചാ നിരക്ക് ഒരു ആര്‍ഭാടമല്ല, മറിച്ച് അനിവാര്യതയാണെന്നാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യാ സന്ദര്‍ശനത്തിനിടെ സിംഗപ്പൂര്‍ ഉപപ്രധാനമന്ത്രി തര്‍മന്‍ ഷണ്‍മുഖരത്‌നം പറഞ്ഞത്. അദ്ദേഹം അതിനെ വിശേഷിപ്പിച്ചത് ഇന്ത്യ ഫോറുകളും സിക്‌സറുകളുമാണ് പായിക്കേണ്ടത്, സിംഗിളുകള്‍ എടുത്തല്ല മുന്നേറേണ്ടത് എന്നാണ്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 10 ശതമാനം വളര്‍ച്ചയെന്ന ലക്ഷ്യത്തിനായിരിക്കണം മറ്റെന്തിനേക്കാളും പ്രധാനമന്ത്രി പ്രാധാന്യം നല്‍കേണ്ടത്.

Comments

comments

Categories: Editorial, Top Stories