ഉദാന്‍ പദ്ധതിക്കു കീഴില്‍ സര്‍വീസ് നടത്താനുള്ള ആദ്യ ലൈസന്‍സ് ട്രൂജെറ്റിന്

ഉദാന്‍ പദ്ധതിക്കു കീഴില്‍ സര്‍വീസ് നടത്താനുള്ള ആദ്യ ലൈസന്‍സ് ട്രൂജെറ്റിന്

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഉദാന്‍ പദ്ധതിക്കു കീഴില്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള ലൈസന്‍സ് നേടുന്ന ആദ്യ സ്വകാര്യ എയര്‍ലൈന്‍ എന്ന ബഹുമതി ടര്‍ബോ മേഘ എയര്‍വെയ്‌സ് (ട്രൂജെറ്റ്) സ്വന്തമാക്കി. സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവര്‍ക്കും വിമാനയാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ഉദേ ദേശ് ക ആം നാഗരിക് (ഉദാന്‍).

ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടര്‍ബോ മേഘ എയര്‍വെയ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ട്രൂജെറ്റ് എന്ന ബ്രാന്‍ഡിനു കീഴിലാണ് സര്‍വീസ് നടത്തുന്നത്. ഉദാന്‍ പദ്ധതിക്കു കീഴില്‍ സര്‍വീസ് നടത്തുന്നതിന് തെരഞ്ഞെടുത്തിട്ടുള്ള അഞ്ച് വിമാനക്കമ്പനികളിലൊന്നായ ടര്‍ബോ മേഘ എയര്‍വെയ്‌സിന് ആദ്യ എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി ഡയറക്റ്റര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വക്താവ് അറിയിച്ചു. കമ്യൂട്ടര്‍ കാറ്റഗറിയിലാണ് ട്രൂജെറ്റിന് ലൈസന്‍സ് അനുവദിച്ചിട്ടുള്ളത്. നേരത്തെ, പ്രാദേശിക തലത്തില്‍ ഷെഡ്യൂള്‍ ചെയ്ത വിഭാഗത്തിലായിരുന്നു ട്രൂജെറ്റിനെ ഉള്‍പ്പെടുത്തിയത്. അതിനാല്‍ മറ്റ് സ്ഥലങ്ങളിലേക്ക് മെട്രോകളിലേക്ക് സര്‍വീസ് നടത്താന്‍ അവര്‍ക്ക് സാധിക്കുമായിരുന്നല്ലല്ല. എന്നാല്‍, എസ്‌സിഒ (ഷെഡ്യൂള്‍ഡ് കമ്മ്യൂട്ടര്‍ ഓപ്പറേറ്റര്‍) വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതോടെ മറ്റ് റീജിയണുകളിലെ മെട്രോകളിലേക്കും ട്രൂജെറ്റിന് സര്‍വീസ് നടത്താന്‍ സാധിക്കും.

ഉദാന്‍ പദ്ധതിയുടെ ഭാഗമായി 128 റൂട്ടുകളിലാണ് സര്‍വീസ് നടത്തുന്നത്. നിലവില്‍ മൂന്ന് എടിആര്‍-72 എയര്‍ക്രാഫ്റ്റുകള്‍ ഉപയോഗിച്ചാണ് ട്രൂജെറ്റ് കമ്പനി ഉദാന്‍ സ്‌കീമില്‍ സര്‍വീസ് നടത്തുന്നത്. പിന്നീട് കൂടുതല്‍ വിമാനങ്ങള്‍ കൂട്ടിച്ചേര്‍ക്കുമെന്നാണ് വിവരം. ഹൈദരാബാദ്-കുഡപ്പാ, ഹൈദരാബാദ്-നന്ദേദ്, നന്ദേദ്-മുംബൈ റൂട്ടുകളില്‍ വിമാന സര്‍വീസ് ആരംഭിക്കുമെന്ന് കഴിഞ്ഞ മാസം ട്രൂജെറ്റ് അറിയിച്ചിരുന്നു. അലയന്‍സ് എയര്‍, സ്‌പൈസ് ജെറ്റ്, എയര്‍ ഡെക്കാന്‍, എയര്‍ ഒഡിഷ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെട്ട മറ്റുു വ്യോമയാന കമ്പനികള്‍. പദ്ധതി പ്രകാരം ഒരു മണിക്കൂര്‍ വിമാനയാത്രയ്ക്ക് 2,500 രൂപയാണ് നിരക്ക്.

Comments

comments

Categories: Business & Economy