ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയില്‍ കാര്‍ വില്‍പ്പന അവസാനിപ്പിക്കുന്നു; കയറ്റുമതിയില്‍ ശ്രദ്ധിക്കും

ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയില്‍ കാര്‍ വില്‍പ്പന അവസാനിപ്പിക്കുന്നു; കയറ്റുമതിയില്‍ ശ്രദ്ധിക്കും
ഇന്ത്യയില്‍നിന്ന് വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് ഇനി തലേഗാവ് പ്ലാന്റ് 
ഉപയോഗിക്കും

ന്യൂ ഡെല്‍ഹി : ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ കാര്‍ വില്‍പ്പന അവസാനിപ്പിക്കുകയാണെന്ന് ജനറല്‍ മോട്ടോഴ്‌സ് പ്രഖ്യാപിച്ചു. പകരം പൂര്‍ണ്ണമായും കയറ്റുമതി പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഇന്ത്യന്‍ അനുബന്ധ കമ്പനിയായ ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോഴ്‌സ് തീരുമാനത്തിലെത്തിയത്. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പുനര്‍ചിന്തനം കമ്പനി കഴിഞ്ഞ വര്‍ഷം ജൂണില്‍ തുടങ്ങിയിരുന്നു. ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു തീരുമാനം.

ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നത് പ്രതീക്ഷിച്ച ഫലം തരില്ലെന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ തീരുമാനമെന്ന് ജനറല്‍ മോട്ടോഴ്‌സ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഇന്റര്‍നാഷണല്‍ പ്രസിഡന്റുമായ സ്റ്റെഫാന്‍ ജേക്കബി പറഞ്ഞു. ഇന്ത്യന്‍ വിപണിയില്‍ നേതൃ സ്ഥാനത്തെത്തുമെന്ന് പ്രതീക്ഷയില്ലെന്നും ദീര്‍ഘകാലയളവില്‍ ലാഭസാധ്യത കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരമൊരു തീരുമാനമെടുക്കുന്നതില്‍ വളരെ പ്രയാസമുണ്ടെങ്കിലും കമ്പനിയുടെ ആഗോള ബിസിനസ് രീതി പിന്തുടരുന്നതിനും ഓഹരിയുടമകള്‍ക്ക് ഉചിതമായ വരുമാനം ഉറപ്പുവരുത്തുന്നതിനും ഇതല്ലാതെ മാര്‍ഗ്ഗമില്ലെന്നും സ്റ്റെഫാന്‍ ജേക്കബി വ്യക്തമാക്കി.

കമ്പനിയുടെ വരുമാനവും ഓഹരിയുടമകളുടെ മൂല്യവും വര്‍ധിപ്പിക്കുന്നതിനുള്ള ജനറല്‍ മോട്ടോഴ്‌സിന്റെ ആഗോള തീരുമാനമാണ് ഇന്ത്യയില്‍ പ്രതിഫലിച്ചത്. ഗുജറാത്തിലെ ഹലോല്‍ മാനുഫാക്ച്ചറിംഗ് പ്ലാന്റ് ജനറല്‍ മോട്ടോഴ്‌സ് കഴിഞ്ഞ മാസം 28 ന് പൂട്ടിയിരുന്നു. തലേഗാവ് അസ്സംബ്ലി പ്ലാന്റില്‍ ഇപ്പോള്‍ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുകയാണ്. ഇന്ത്യയില്‍നിന്ന് വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് ഇനി തലേഗാവ് പ്ലാന്റ് ഉപയോഗിക്കും.

ഇന്ത്യയില്‍ കാര്‍ വില്‍പ്പന അവസാനിപ്പിക്കുകയാണെന്ന തീരുമാനം ജനറല്‍ മോട്ടോഴ്‌സ് ജീവനക്കാരെ അറിയിച്ചു. ഉപയോക്താക്കളുടെയും ഡീലര്‍മാരുടെയും കാര്യത്തില്‍ കമ്പനി തീരുമാനമെടുക്കും. കസ്റ്റമര്‍ സപ്പോര്‍ട്ട് സെന്റര്‍ തുടരും. എല്ലാ വാറന്റികളും സര്‍വീസ് എഗ്രിമെന്റുകളും തുടര്‍ന്നുവരുന്ന സര്‍വീസുകളും എല്ലാ വാഹനങ്ങളുടെയും പാര്‍ട്‌സുകളും കമ്പനി ഉറപ്പുവരുത്തും. ഉപയോക്താക്കള്‍ക്ക് 1-800-3000-8080 നമ്പറില്‍ വിളിക്കുകയോ gmi.cac@gm.com ലേക്ക് ഇമെയില്‍ അയയ്ക്കുകയോ chevrolet.co.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാം.

ഇന്ത്യയില്‍ ജനറല്‍ മോട്ടോഴ്‌സ് തുടര്‍ച്ചയായ നഷ്ടമാണ് നേരിടുന്നത്. 2014-15 ല്‍ 1,003.39 കോടി രൂപയായിരുന്നു ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയുടെ അറ്റ നഷ്ടം. 2015-16 ല്‍ 3,812 കോടി രൂപയായി വര്‍ധിച്ചതോടെ കമ്പനിയുടെ മനസ്സ് മടുത്തു. ഇന്ത്യന്‍ വാഹന വിപണിയില്‍ മൂന്ന് ശതമാനം മാത്രമാണ് പങ്കാളിത്തം.

Comments

comments

Categories: Auto