ഫോര്‍ഡിന്റെ ആഗോള പിരിച്ചുവിടല്‍ ഇന്ത്യയില്‍ വലിയ ആഘാതമുണ്ടാക്കാനിടയില്ല

ഫോര്‍ഡിന്റെ ആഗോള പിരിച്ചുവിടല്‍ ഇന്ത്യയില്‍ വലിയ ആഘാതമുണ്ടാക്കാനിടയില്ല
കമ്പനിയുടെ ലാഭം കൂട്ടുന്നതിനും ഓഹരി മൂല്യം ഉയര്‍ത്തുന്നതിനുമായാണ് നടപടി

ന്യൂഡെല്‍ഹി: അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാര്‍ നിര്‍മാതാക്കളായ ഫോര്‍ഡ് ആഗോളതലത്തില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനൊരുങ്ങുന്നു. വടക്കേ അമേരിക്കയില്‍ നിന്നും ഏഷ്യാ- പസഫിക് റീജണില്‍ നിന്നുമായി 1,400 തൊഴിലവസരങ്ങള്‍ വെട്ടിച്ചുരുക്കാനാണ് കമ്പനിയുടെ നീക്കം. എന്നാല്‍, ഇത് ഇന്ത്യയില്‍ കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ വലിയ സ്വാധീനം ചെലുത്താനിടയില്ല.

നടപ്പുവര്‍ഷം വടക്കേ അമേരിക്ക കേന്ദ്രീകരിച്ചും ഏഷ്യ പസഫിക് റീജണില്‍ നിന്നും കമ്പനിയുടെ തൊഴില്‍ശേഷിയില്‍ പത്ത് ശതമാനത്തിന്റെ കുറവ് വരുത്താന്‍ പദ്ധതിയിടുന്നതായി ഫോര്‍ഡ് അറിയിച്ചു. വോളണ്ടറി റിട്ടയര്‍മെന്റ് പദ്ധതിയിലൂടെ കമ്പനി തങ്ങളുടെ ശമ്പള ചെലവിനത്തില്‍ കുറവ് വരുത്താനാണ് ഒരുങ്ങുന്നത്. സെപ്റ്റംബര്‍ അവസാനത്തോടെ ഇത് നടപ്പിലാക്കുമെന്നും ഫോര്‍ഡ് പ്രസ്താവനയിലൂടെ അറിയിച്ചു.

വോളണ്ടറി റിട്ടയര്‍മെന്റ് പ്രോഗ്രാമിന്റെ വിശദാംശങ്ങള്‍ ഈ മാസം തന്നെ ജീവനക്കാര്‍ക്ക് കൈമാറുമെന്നും ഇന്ത്യയിലെ കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ ഇതു വലിയ സ്വാധീനം ചെലുത്തില്ലെന്നും ഫോര്‍ഡ് വ്യക്തമാക്കി. കമ്പനിയുടെ പ്രൊഡക്റ്റ് ഡെവലപ്‌മെന്റ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് സ്ഥാപനമായ ഫോര്‍ഡ് ക്രെഡിറ്റിനെയും, മാനുഫാക്ചറിംഗ്, ഐടി, ഗ്ലോബല്‍ ഡാറ്റ, അലിറ്റിക്‌സ് തുടങ്ങിയ വിഭാഗങ്ങളെയും തൊഴില്‍ വെട്ടിച്ചുരുക്കല്‍ നീക്കം ബാധിക്കില്ല. ഇന്ത്യയില്‍ കമ്പനിയുടെ ഭൂരിഭാഗം പ്രവര്‍ത്തനങ്ങളും ഈ വിഭാഗങ്ങളിലാണ്.

കമ്പനിയുടെ ലാഭം കൂട്ടുന്നതിനും ഓഹരി മൂല്യം ഉയര്‍ത്തുന്നതിനും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറായ മാര്‍ക്ക് ഫീല്‍ഡ്‌സിന്റെ മേലുള്ള സമ്മര്‍ദമാണ് പിരിച്ചുവിടല്‍ നീക്കത്തിനു പിന്നിലെന്നാണ് സൂചന. ഫോര്‍ഡിന് ഏതാണ്ട് രണ്ട് ലക്ഷത്തിലധികം ജീവനക്കാരാണുള്ളത്. കമ്പനിയുടെ ഓഹരി മൂല്യത്തിലെ തളര്‍ച്ച ചൂണ്ടിക്കാണിച്ച് നേതൃത്വത്തിനെതിരെ ഓഹരി ഉടമകള്‍ രംഗത്തു വന്നിരുന്നു. അലന്‍ മുലല്ലിക്കു ശേഷം സിഇഒ ആയി മാര്‍ക്ക് ഫീല്‍ഡ്‌സ് ചുമതലയേറ്റ ശേഷം ഫോര്‍ഡിന്റെ ഓഹരി മൂല്യത്തില്‍ 36 ശതമാനം വരെ ഇടിവുണ്ടായിട്ടുണ്ട്.

Comments

comments

Categories: Auto, Business & Economy