പോക്കറ്റ് കാലിയാക്കുന്ന കാന്‍സര്‍

പോക്കറ്റ് കാലിയാക്കുന്ന കാന്‍സര്‍
ഒരു കുടുംബത്തിന്റെ സാമ്പത്തിക സമവാക്യങ്ങള്‍ തെറ്റിക്കുന്ന രോഗമാണ് കാന്‍സര്‍. 
രോഗികളുടെ എണ്ണം ഭീതിതമായ തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ 
കാര്യക്ഷമമായ ഇടപെടല്‍ അത്യാവശ്യമാണ്

‘നിങ്ങള്‍ക്ക് കാന്‍സര്‍ ആണ് !.’ ഈ ഭീതിജനകമായ വാക്കുകള്‍ രോഗം തിരിച്ചറിയപ്പെട്ട വ്യക്തിയുടെ ചെവിയില്‍ പ്രതിധ്വനിച്ചുകൊണ്ടിരിക്കും. അവരുടെ കുടുംബത്തെ സംബന്ധിച്ച് ആദ്യം ഓര്‍മയിലെത്തുക താങ്ങാനാവാത്ത ചികില്‍സാ ചെലവുകളായിരിക്കും. ഇന്ത്യ പോലെ വിഭവങ്ങള്‍ കുറഞ്ഞ ഒരു രാജ്യത്ത്, ഇത് ഏറ്റവും ദുരന്തപൂര്‍ണമായ പകര്‍ച്ചവ്യാധിയല്ലാത്ത (നോണ്‍ കമ്യൂണിക്കബിള്‍ ഡിസീസ് അഥവാ എന്‍സിഡി) അസുഖമാണ്. കാന്‍സര്‍ ബാധിതരുടെ എണ്ണമാകട്ടെ ഭീതിതമായ തോതില്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. ഓരോ വര്‍ഷവും 12.5 ലക്ഷം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പ്രതിവര്‍ഷം 6.8 ലക്ഷം രോഗികളുടെ ജീവന്‍ ഈ രോഗം അപഹരിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം 2030ഓടെ ഇന്ത്യയില്‍ കാന്‍സര്‍ രോഗവുമായി ബന്ധപ്പെട്ട മരണങ്ങള്‍ 13.1 മില്യണായി വര്‍ധിക്കും.

ഗുണനിലവാരമുള്ള കാന്‍സര്‍ പരിചരണം ഉറപ്പുവരുത്താന്‍ സമഗ്രമായ ഒരു സമീപനത്തിന് അടിയന്തിരപ്രാധാന്യം നല്‍കേണ്ടിയിരിക്കുന്നു. ആരോഗ്യ സംരംക്ഷണവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ഇനിയും വൈകുന്നതില്‍ അര്‍ത്ഥമില്ല. ഐക്യരാഷ്ട്ര സഭയുടേയും ലോകാരോഗ്യ സംഘടനയുടേയും കണക്കുകള്‍ പ്രകാരം 2012 മുതല്‍ 2030 വരെയുള്ള കാലയളവില്‍ ഈ എന്‍സിഡിക്കുള്ള ഇന്ത്യയിലെ ചെലവ് 6.2 ട്രില്യണ്‍ ഡോളര്‍ ആകും. കാന്‍സര്‍ ഇതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പരിചരണത്തിന്റെ ലഭ്യത എന്നത് ബഹുമുഖമായ ഒരു ആശയമാണ്. മികച്ച ചികില്‍സാ ഫലങ്ങള്‍ ലഭിക്കണമെങ്കില്‍ വ്യക്തിഗത ആരോഗ്യ സേവനങ്ങളുടെ കൃത്യസമയത്തുള്ള ഉപയോഗവും താങ്ങാവുന്ന നിരക്കും സാധ്യമാകണം.

നിരവധി വെല്ലുവിളികള്‍

നമുക്ക് താങ്ങാവുന്ന നിരക്കിലുള്ളതും ഉചിതവുമായ കാന്‍സര്‍ കെയര്‍ സേവനങ്ങളുടെ വിതരണമാണ് ഇന്ന് പൊതു ആരോഗ്യരംഗവുമായി ബന്ധപ്പെട്ട് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇന്ത്യയില്‍ കാന്‍സറുമായി ബന്ധപ്പെട്ട പൊതുചെലവ് ഓരോ വ്യക്തിക്കും 10 ഡോളറില്‍ താഴെയായി നിലനില്‍ക്കുന്നു. ആരോഗ്യ രംഗത്തേക്കുള്ള ആകെ പൊതുചെലവ് ജിഡിപിയുടെ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ്. ലോകാരോഗ്യ സംഘടനയുടെ വേള്‍ഡ് ഹെല്‍ത്ത് സ്റ്റാറ്റിറ്റിക്‌സ് 2015 പ്രകാരം ഇന്ത്യ ആരോഗ്യ രംഗത്തെ പൊതുചെലവായി ജിഡിപിയുടെ 1.16 ശതമാനമാണ് ചെലവഴിക്കുന്നത്. ഇക്കാര്യത്തില്‍ 194 രാജ്യങ്ങളില്‍ 187ാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. ജിഡിപിയുടെ ചുരുങ്ങിയത് 5 മുതല്‍ 6 ശതമാനം വരെ ആരോഗ്യമേഖലയ്ക്കായി ചെലവഴിക്കുന്ന ഒരു രാജ്യത്താണ് അടിസ്ഥാന ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്താന്‍ സാധിക്കുന്നതെന്ന് ആരോഗ്യ രംഗത്തെ ചെലവിടലുമായി ബന്ധപ്പെട്ട തെളിവുകള്‍ സൂചിപ്പിക്കുന്നു . ഇതിന്റെ പ്രധാന ഭാഗവും സര്‍ക്കാരില്‍ നിന്നു വരുന്നതാണ്.

താങ്ങാനാവാത്ത ഔട്ട് ഓഫ് പോക്കറ്റ് ചെലവുകളാണ് ഇവിടെ രോഗിയേയും കുടുംബത്തേയും വലയ്ക്കുന്ന പ്രധാന പ്രശ്‌നം. കാന്‍സര്‍ രോഗം നിര്‍ണയിക്കപ്പെടുന്നത് പലപ്പോഴും മരണമണിയായി പരിഗണിക്കപ്പെടുന്നു. ഇന്ത്യയുടെ നാഷണല്‍ ഹെല്‍ത്ത് പോളിസി 2015 പ്രകാരം ആരോഗ്യ രംഗത്തുള്ള രാജ്യത്തെ ഔട്ട് ഓഫ് പോക്കറ്റ് എക്‌സ്‌പെന്‍ഡിച്ചര്‍ 60 ശതമാനം വരെയാണ്. ലോകത്തിലെ തന്നെ ഏറ്റവും കൂടിയ ചെലവാണിത്. 55 മില്യണ്‍ ഇന്ത്യാക്കാരാണ് 2011 -12 കാലയളവില്‍ ആരോഗ്യ മേഖലയിലെ ഭീമമായ ചെലവുകള്‍ താങ്ങാനാവാതെ കടുത്ത ദാരിദ്ര്യത്തില്‍ അകപ്പെട്ടത്. ഗ്രാമീണ മേഖലയില്‍ 47 ശതമാനവും നഗരപ്രദേശങ്ങളില്‍ 31 ശതമാനവും ആരോഗ്യ സേവനങ്ങള്‍ക്കായുള്ള ചെലവുകള്‍ ബാങ്കുകളുടെ സഹായത്തോടെയാണ് ലഭ്യമാക്കുന്നത്. ഇതുവഴി 60 മില്യണ്‍ ജനങ്ങളാണ് ദാരിദ്ര്യത്തിലേക്ക് തള്ളപ്പെടുന്നത്. ഇത്തരം രോഗങ്ങളുടെ കൂടപ്പിറപ്പാണ് ദാരിദ്ര്യവും. വ്യക്തിപരമായ സാമ്പത്തിക പ്രതിസന്ധികള്‍ ഇതോടെ വര്‍ധിക്കും.

മുന്നോട്ടുള്ള വഴികള്‍

പാര്‍ട്ണര്‍ഷിപ്പ് ടു ഫൈറ്റ് ക്രോണിക് ഡിസീസ് (പിഎഫ്‌സിഡി) എന്ന ലാഭേച്ഛയില്ലാത്ത സ്ഥാപനം ആളുകള്‍ക്കിടയില്‍ ബോധവത്കരണം സൃഷ്ടിക്കാനും തീരാവ്യധികള്‍ പ്രതിരോധിക്കാന്‍ സുസ്ഥിരമായ മാര്‍ഗങ്ങള്‍ കണ്ടെത്താനും ഇന്ത്യയൊട്ടുക്കും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ രംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് പുതിയ വെല്ലുവിളികളുമായി കാന്‍സര്‍ പരിചരണത്തിന്റെ ഒരു പുതിയ യുഗത്തിലേക്ക് നാം കടക്കുകയാണെന്ന് വ്യക്തമായിട്ടുണ്ട്. രോഗങ്ങളുടെ മാറിവരുന്ന സ്വഭാവത്തേക്കുറിച്ച് മനസിലാക്കുകയും അവയ്ക്കായി സര്‍ക്കാര്‍ കൂടുതല്‍ ഫണ്ടും അനുവദിക്കേണ്ടിയിരിക്കുന്നു. 2020ഓടെ എന്‍സിഡി പ്രോഗ്രാമുകള്‍ക്കായുള്ള ഇന്ത്യയുടെ ഫണ്ട് ഇരട്ടിയാക്കണം. 2025ഓടെ ഇത് മൂന്നിരട്ടിയാക്കുന്നതോടൊപ്പം കാന്‍സറിന് കൂടുതല്‍ പ്രാധാന്യവും ഉറപ്പാക്കണം.

രാജ്യത്തിനായി സമഗ്രമായ ഒരു കാന്‍സര്‍ നയം രൂപീകരിക്കേണ്ട സമയമായി. കാന്‍സര്‍ രോഗത്തെക്കുറിച്ചും അതിന് തടയുന്നതിനേക്കുറിച്ചും ഒപ്പം രോഗികള്‍ക്ക് മികച്ച പരിചരണവും നല്‍കുന്ന സമഗ്രമായ കാന്‍സര്‍ നിയന്ത്രണ പരിപാടിയാണ് ഇനി ആവശ്യം. കാന്‍സര്‍ കാരണമുണ്ടാവുന്ന സാമ്പത്തിക ബാധ്യതകള്‍, തന്ത്രപരമായ ആരോഗ്യ നയങ്ങള്‍ എന്നിവ മനസിലാക്കി ദേശീയ ലക്ഷ്യങ്ങള്‍ രൂപവത്കരിക്കണം. രോഗികളുടെയും കുടുംബത്തിന്റെയും ചികില്‍സാ ഭാരം ലഘൂകരിക്കുന്ന തരത്തിലായിരിക്കണം ഇത്. ഹരിയാനയില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിനു കീഴില്‍ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (എന്‍സിഐ) സ്ഥാപിക്കാനുള്ള ശുപാര്‍ശ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ അംഗീകരിച്ചത് മികച്ച സൂചനയാണ്. ഇന്ത്യയിലെ കേന്ദ്രീകൃത കാന്‍സര്‍ ഗവേഷണങ്ങള്‍, അവയ്ക്കുള്ള പ്രോത്സാഹനം, രോഗപ്രതിരോധം, മാനവവിഭവശേഷി വികസനം എന്നിവയ്ക്കുള്ള ഒരു നോഡല്‍ സെന്ററായി പ്രവര്‍ത്തിക്കാന്‍ ഇതിന് സാധിക്കും.

Comments

comments

Categories: FK Special