കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷയ്ക്ക് അന്താരാഷ്ട്ര കോടതിയുടെ സ്‌റ്റേ

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷയ്ക്ക് അന്താരാഷ്ട്ര കോടതിയുടെ സ്‌റ്റേ

ഹേഗ്: ചാരവൃത്തി ആരോപിച്ച് മുന്‍ ഇന്ത്യന്‍ സൈനികന്‍ കുല്‍ഭൂഷണ്‍ ജാദവിന് പാക് സൈനിക കോടതി വിധിച്ച വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തു. 11 അംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഇന്ത്യയും പാക്കിസ്ഥാനും ഉറ്റുനോക്കിയ വിധിയില്‍ പാക്കിസ്ഥാന്റെ എല്ലാ വാദങ്ങളും കോടതി തള്ളി. ഇന്ത്യയുടെയും ജാദവിന്റെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി അന്തിമവിചാരണ സ്വതന്ത്ര കോടതിയില്‍ പൂര്‍ത്തിയാക്കണമെന്നും അതുവരെ വിധി നടപ്പാക്കില്ലെന്ന് പാക്കിസ്ഥാന്‍ ഉറപ്പ് വരുത്തണമെന്നും ഉത്തരവിട്ടു. നിയമസഹായം അനുവദിക്കണമെന്ന ഇന്ത്യയുടെ വാദം രാജ്യാന്തര കോടതി അംഗീകരിച്ചു. കുല്‍ഭൂഷണെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിക്ക് അവകാശമുണ്ട്.

ഇത് അനുവദിക്കാതിരുന്നത് വിയന്ന ഉടമ്പടിയുടെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. 2016ലാണ് ഇറാന്‍-പാക് അതിര്‍ത്തിയില്‍ നിന്നും പാകിസ്ഥാന്‍ രഹസ്യാന്വേഷകര്‍ കുല്‍ഭൂഷണിനെ പിടികൂടിയത്. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം എന്നാണ് പാകിസ്ഥാന്‍ ആരോപിക്കുന്നത്. ഇന്ത്യയ്ക്ക് വേണ്ടി ബലൂചിസ്ഥാനില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ആരോപിച്ചാണ് പാക് സൈനിക കോടതി ഇദ്ദേഹത്തിന് വധശിക്ഷ വിധിച്ചത്. കുല്‍ഭൂഷണിന് വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യ നല്‍കിയ അപ്പീലില്‍ അന്താരാഷ്ട്ര കോടതി ഈ മാസം 10 ന് താല്‍ക്കാലിക സ്‌റ്റേ അനുവദിച്ചിരുന്നു. തുടര്‍ന്ന് ഈ മാസം 15 ഹര്‍ജി പരിഗണിച്ച കോടതി ഇരുരാജ്യങ്ങളുടേയും വാദം കേട്ടു.

കുല്‍ഭൂഷണിന് വധശിക്ഷ വിധിച്ചത് വിയന്ന കണ്‍വെന്‍ഷന്റെ ലംഘനമാണെന്നും ശിക്ഷ റദ്ദാക്കണമെന്നുമാണ് ഇന്ത്യ ആവശ്യപ്പെട്ടത്. ജാദവിനെ ഇറാനില്‍ നിന്നും പാക്കിസ്ഥാന്‍ തട്ടിക്കൊണ്ടുപോയി കുറ്റം ചുമത്തുകയായിരുന്നെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. ജാദവിന് നിയമസഹായം ലഭ്യമാക്കണമെന്ന് ഇന്ത്യ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പാകിസ്താന്‍ അത് നിരസിക്കുകയായിരുന്നെന്നും ജാദവിന്റെ അറസ്റ്റ് നടന്ന വിവരം പാകിസ്താന്‍ ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും ഇന്ത്യയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേ ചൂണ്ടിക്കാട്ടി..

എന്നാല്‍ കേസില്‍ ഇടപെടാന്‍ അന്താരാഷ്ട്ര കോടതിക്ക് അധികാരമില്ലെന്ന നിലപാടാണ് പാക്കിസ്ഥാന്‍ കൈക്കൊണ്ടത്. ജാദവ് ഇന്ത്യന്‍ ചാരനാണെന്നും ഇക്കാര്യം ജാദവ് സമ്മതിച്ചിട്ടുണ്ടെന്നും പാക്കിസ്ഥാന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ജാദവിന്റെ കുറ്റസമ്മത വീഡിയോ പ്രദര്‍ശിപ്പിക്കാന്‍ അന്താരാഷ്ട്ര കോടതി അനുവാദം ലഭിക്കാഞ്ഞത് പാക്കിസ്ഥാന് കനത്ത തിരിച്ചടി ആയിരുന്നു.

Comments

comments

Categories: Top Stories