ഉഡാന്‍ പദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തുന്നു

ഉഡാന്‍ പദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തുന്നു
ആദ്യ ഘട്ട ലേലത്തില്‍ വ്യോമയാന മന്ത്രാലയത്തിന് തൃപ്തി

ന്യൂഡെല്‍ഹി: രണ്ടാം ഘട്ട ലേല നടപടികള്‍ക്ക് മുമ്പായി, പ്രാദേശിക വ്യോമയാന ബന്ധ വിപുലീകരണ പദ്ധതിയായ ഉഡാനില്‍ ചില മാറ്റങ്ങള്‍ വരുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. പദ്ധതി കൂടുതല്‍ ബിസിനസ് സൗഹൃദവും നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനുമായി വാണിജ്യപരമായി ലാഭകരമായ റൂട്ടുകളില്‍ പറക്കുന്നതിന് പ്രത്യേകമായ അവകാശങ്ങള്‍ നല്‍കുന്നതിനാണ് നീക്കം. ചെറിയ നഗരങ്ങളിലും ഉള്‍പ്രദേശങ്ങളിലും സേവനം നടത്തുന്ന വിമാന കമ്പനികള്‍ക്ക് അധിക ആനുകൂല്യം നല്‍കുന്നതും പ്രാദേശിക എയര്‍ലൈനുകളെ വിമാനങ്ങള്‍ ഏറ്റെടുക്കാന്‍ അനുവദിക്കുന്നതുമാകും മറ്റു മാറ്റങ്ങള്‍.

ആദ്യ ഘട്ട ലേലത്തിലെ പ്രതികരണത്തില്‍ വ്യോമയാന മന്ത്രാലയം തൃപ്തരാണ്. എന്നാല്‍, പദ്ധതി കൂടുതല്‍ സജീവമാക്കുന്നതിനും നിക്ഷേപ സൗഹൃദമാക്കുന്നതിനും ചെറിയ പട്ടണങ്ങളിലും നഗരങ്ങളിലും ജീവിക്കുന്നവരിലേക്കും കൂടി പദ്ധതിയുടെ ഗുണം എത്തിക്കുന്നതിനും ചില കാര്യങ്ങളില്‍ മാറ്റം വരുത്തുന്നതിനാണ് മന്ത്രാലയം ആലോചിക്കുന്നത്. നിലവില്‍ വിജയകരമായി ലേലം പൂര്‍ത്തിയാക്കിയവര്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് പ്രത്യേകമായ അവകാശങ്ങള്‍ ഉണ്ട്. എന്നാല്‍, ലാഭകരമല്ലാത്ത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിമാനക്കമ്പനികള്‍ക്ക് പ്രത്യേകമായ അവകാശം നിലവിലെ മൂന്ന് വര്‍ഷത്തില്‍ നിന്ന് അഞ്ചോ ആറോ വര്‍ഷമായി ഉയര്‍ത്തും. ഇത് കൂടാതെ, പ്രദേശിക വിമാനക്കമ്പനികള്‍ പുതിയ വിമാനങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ ശക്തമായ നിരീക്ഷണ സംവിധാനവും ഏര്‍പ്പെടുത്തിയേക്കും. ഡെക്കാണ്‍ എയറിനും എയര്‍ഒഡീഷയ്ക്കും വിമാനങ്ങള്‍ ഇതുവരെയും ലഭിച്ചിട്ടില്ല. അടുത്ത ഘട്ട ലേല നടപടികള്‍ ജൂലൈയില്‍ ആരംഭിക്കും.

കൂടുതല്‍ വിമാനക്കമ്പനികള്‍ ഇതില്‍ പങ്കുകാരാകുമെന്നാണ് ഉദ്യോഗസ്ഥര്‍ കരുതുന്നത്. പ്രത്യേകിച്ച്, 50 എറ്റിആര്‍ വിമാനങ്ങള്‍ വാങ്ങുന്നതിന് ഇന്‍ഡിഗോ ശ്രമിക്കുന്ന സാഹചര്യത്തില്‍. ജനുവരിയില്‍ നടന്ന ആദ്യഘട്ട ലേലത്തില്‍ എയര്‍ ഇന്ത്യയും സ്‌പൈസ് ജെറ്റു ംപ്രാദേശിക കമ്പനികളായ ടര്‍ബോ മേഘ, എയര്‍ ഡെക്കാന്‍, എയര്‍ ഒഡീഷ ഏവിയേഷന്‍ എന്നിവയാണ് ബിഡ്ഡുകള്‍ സ്വന്തമാക്കിയത്. എയര്‍ ഇന്ത്യയുടെ ഉപശാഖയായ എലയന്‍സ് എയറിന് 15 റൂട്ടുകളും സ്‌പൈസ്‌ജെറ്റിന് 11 റൂട്ടുകളുമാണ് ലഭ്യമായത്. അതേസമയം, എയര്‍ ഒഡീഷയ്ക്ക് 50 റൂട്ടുകളിലും എയര്‍ ഡെക്കാന് 34 റൂട്ടുകളിലും ടര്‍ബോ മേഘയ്ക്ക് 18 റൂട്ടുകളിലും സേവനം നടത്തുന്നതിന് അനുമതി ലഭിച്ചു.

Comments

comments

Categories: Business & Economy