വോള്‍വോ കാര്‍സ് ബെംഗളൂരുവില്‍ അസ്സംബ്ലി പ്ലാന്റ് സ്ഥാപിക്കും

വോള്‍വോ കാര്‍സ് ബെംഗളൂരുവില്‍ അസ്സംബ്ലി പ്ലാന്റ് സ്ഥാപിക്കും
ആദ്യം വാഹനം ഈ വര്‍ഷം പുറത്തിറക്കും

ബെംഗളൂരു : സ്വീഡിഷ് വാഹന നിര്‍മ്മാതാക്കളായ വോള്‍വോ കാര്‍സ് ഇന്ത്യയില്‍ ഈ വര്‍ഷം വാഹന അസ്സംബ്ലിംഗ് തുടങ്ങും. ബെംഗളൂരുവിലാണ് അസ്സംബ്ലി യൂണിറ്റ് സ്ഥാപിക്കുന്നതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വോള്‍വോയുടെ എസ്പിഎ മോഡുലാര്‍ വെഹിക്ക്ള്‍ ആര്‍ക്കിടെക്ച്ചര്‍ അടിസ്ഥാനമാക്കിയ മോഡലുകളാണ് ഇന്ത്യയില്‍ അസ്സംബ്ള്‍ ചെയ്യുന്നത്. വോള്‍വോ XC90 എസ്‌യുവി ആയിരിക്കും ഇന്ത്യയില്‍ അസ്സംബ്ള്‍ ചെയ്യുന്ന ആദ്യ വോള്‍വോ കാര്‍. മറ്റ് മോഡലുകള്‍ ഏതെല്ലാമെന്ന് പിന്നീട് പ്രഖ്യാപിക്കും.

ഇന്ത്യയിലെ അതിവേഗം വളരുന്ന പ്രീമിയം കാര്‍ സെഗ്‌മെന്റില്‍ കമ്പനിയുടെ വളര്‍ച്ച തുടരുന്നത് പുതിയ തീരുമാനം ഉറപ്പുവരുത്തും. എന്നാല്‍ നിക്ഷേപ വിശദാംശങ്ങള്‍ വോള്‍വോ വെളിപ്പെടുത്തിയില്ല. അതേസമയം ട്രക്ക്-ബസ്-നിര്‍മ്മാണ ഉപകരണ വാഹന-പെന്റാ എന്‍ജിന്‍ നിര്‍മ്മാതാക്കളായ വോള്‍വോ ഗ്രൂപ്പ് ഇന്ത്യയുമായി ചേര്‍ന്നുപ്രവര്‍ത്തിക്കുമെന്ന് വോള്‍വോ കാര്‍സ് വ്യക്തമാക്കി. മാത്രമല്ല ബെംഗളൂരുവിലെ വോള്‍വോ ഗ്രൂപ്പ് ഇന്ത്യയുടെ അടിസ്ഥാനസൗകര്യങ്ങളും പ്രൊഡക്ഷന്‍ ലൈസന്‍സുകളും വോള്‍വോ കാര്‍സ് ഉപയോഗിക്കും.

ഈ വര്‍ഷം തന്നെ മെയ്ഡ് ഇന്‍ ഇന്ത്യ വോള്‍വോ കാറുകള്‍ വില്‍ക്കാന്‍ കഴിയുമെന്ന് വോള്‍വോ കാര്‍സ് പ്രസിഡന്റ് ആന്‍ഡ് സിഇഒ ഹകന്‍ സാമുവല്‍സണ്‍ പറഞ്ഞു. വരും വര്‍ഷങ്ങളില്‍ ഇന്ത്യയിലെ ലക്ഷ്വറി സെഗ്‌മെന്റില്‍ വിപണി വിഹിതം ഇരട്ടിയാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെവിടെയും കാണുന്ന വോള്‍വോ കാറുകളുടെ അതേ അന്തര്‍ദേശീയ നിലവാരങ്ങളോടെ തന്നെയായിരിക്കും ഇന്ത്യയിലും കാറുകള്‍ നിര്‍മ്മിക്കുന്നത്. പ്രീമിയം സെഗ്‌മെന്റില്‍ അഞ്ച് ശതമാനമാണ് വോള്‍വോയുടെ വിപണി വിഹിതം. 2020 ഓടെ ഇരട്ടിയാക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ രണ്ട് വര്‍ഷമായി 32 ശതമാനമാണ് വില്‍പ്പന വളര്‍ച്ച. ഈ വര്‍ഷം 25 ശതമാനം വര്‍ധനവോടെ 2,000 കാറുകള്‍ വില്‍ക്കാനാണ് പദ്ധതി.

Comments

comments

Categories: Auto