മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച് പെട്രോനെറ്റ്

മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച് പെട്രോനെറ്റ്
അറ്റലാഭം 92 ശതമാനം ഉയര്‍ന്ന് 471 കോടി രൂപയിലെത്തി

മുംബൈ: പൊതുമേഖല ഓയില്‍ ആന്‍ഡ് ഗ്യാസ് കമ്പനി പെട്രോനെറ്റ് എല്‍എന്‍ജി ആദ്യ സാമ്പത്തിക പാദത്തിലും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ധനകാര്യ വര്‍ഷം മാര്‍ച്ച് പാദത്തിലെ കണക്കുകള്‍ ആദ്യ മൂന്നു പാദങ്ങളിലെ മികച്ച പ്രകടനത്തിന്റെ തുടര്‍ച്ചയായിരുന്നു. കഴിഞ്ഞയാഴ്ച കമ്പനി നാലാം പാദത്തിലെ കണക്കുകള്‍ പുറത്തുവിട്ടതു മുതല്‍ ഓഹരി വില അഞ്ചു ശതമാനം ഉയര്‍ന്നിട്ടുണ്ട്.

മാര്‍ച്ച് പാദത്തില്‍ പെട്രോനെറ്റിന്റെ അറ്റലാഭം 92 ശതമാനം വളര്‍ന്ന് 471 കോടി രൂപയിലേക്കാണെത്തിയത്. പാദാടിസ്ഥാനത്തില്‍ കമ്പനിയുടെ ഏറ്റവും ഉയര്‍ന്ന ലാഭമാണിതെന്ന് അധികൃതര്‍ അറിയിച്ചു. പെട്രോനെറ്റിന് ശക്തമായ വരുമാന വളര്‍ച്ചയും നേടാനായി. ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ മുന്നേറാനായത് ലാഭ വളര്‍ച്ചയെ സഹായിച്ചു. മറ്റ് ചെലവുകളിലും ഇത്തരത്തിലുള്ള ക്രമീകരണങ്ങള്‍ നടത്താനായതിന്റെ ഫലമായി ലാഭത്തില്‍ വര്‍ധന കൈവന്നു. വരുമാനം 50 ശതമാനം ഉയര്‍ന്നു. പ്രവര്‍ത്തന ലാഭം 24 ശതമാനം വര്‍ധിച്ച് 616 കോടി രൂപയിലെത്തുകയും ചെയ്തു. ജീവനക്കാര്‍ക്കു നല്‍കുന്ന വകയിലേതടക്കം ചെലവുകള്‍ ഇടിഞ്ഞുവെന്ന് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

2016-17ന്റെ അവസാന പാദത്തില്‍ പെട്രോനെറ്റിന്റെ ദാഹെജ് ടെര്‍മിനല്‍ 177 ട്രില്ല്യണ്‍ ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റ് ലിക്യുഫൈഡ് നാച്ചുറല്‍ ഗ്യാസിന്റെ സംസ്‌കരണം നടത്തി. ദാഹെജ് ടെര്‍മിനലിന് പ്രതിവര്‍ഷം 15 മില്ല്യണ്‍ ടണ്‍ ശേഷിയുണ്ട്. അതേസമയം, കമ്പനിയുടെ മൊത്തം വില്‍പ്പന വ്യാപ്തി ഡിസംബര്‍ പാദത്തെ അപേക്ഷിച്ച് മാര്‍ച്ച് പാദത്തില്‍ ഇടിവ് രേഖപ്പെടുത്തി. ജനുവരിയിലെ വിലവര്‍ധനയാണ് ഇതിനു കാരണം. എന്നാല്‍ ഇത് നിക്ഷേപകരെ ബുദ്ധിമുട്ടിച്ചില്ല. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 1,706 കോടി രൂപയുടെ ഏറ്റവും മികച്ച വാര്‍ഷിക ലാഭമാണ് നേടിയെടുത്തത്.

പെട്രോനെറ്റിന്റെ ഓഹരിയെ നിക്ഷേപകര്‍ പിന്തുണച്ചിരുന്നു. ഇതു ഓഹരി വിപണിയിലെ മികച്ച പ്രകടനത്തെ തുണച്ചു. ഇപ്പോള്‍ ഒരു ഓഹരി പ്രതീക്ഷിച്ചതിനെക്കാള്‍ ഏതാണ്ട് 17 മടങ്ങ് വരുമാനമാണ് നല്‍കുന്നത്. രാജ്യത്തെ ഗ്യാസ് ആവശ്യകത ശക്തമായി തുടരുന്നതിനാല്‍ കമ്പനിക്ക് നല്ല സാധ്യതകളുണ്ട്. ഇതുകൂടാതെ ആഗോള വില്‍പ്പന അധികമാക്കി എല്‍എന്‍ജി വില കുറയ്ക്കാമെന്നാണ് കരുതുന്നത്. ഇത് ആവശ്യകതയെ പിന്തുണയ്ക്കുമെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy