ആപ്പിള്‍ ഐ കാര്‍ ഒരു സംഭവമായിരിക്കും

ആപ്പിള്‍ ഐ കാര്‍ ഒരു സംഭവമായിരിക്കും
കാലിഫോര്‍ണിയയില്‍ സെല്‍ഫ്-ഡ്രൈവിംഗ് കാറുകളുടെ പരീക്ഷണം നടത്തുന്നതിന് 
കമ്പനിക്ക് ഈയിടെ അനുമതി ലഭിച്ചുകഴിഞ്ഞു

ന്യൂ ഡെല്‍ഹി : അനിതരസാധാരണമായ ഒരു കാറിന്റെ പണിപ്പുരയിലാണ് സാങ്കേതികവിദ്യാ ഭീമനായ ആപ്പിള്‍. വാഹന നിര്‍മ്മാണ വ്യവസായത്തില്‍ തങ്ങളുടെ സാമര്‍ത്ഥ്യവും ശേഷിയും മാറ്റുരച്ചുനോക്കാനാണ് ആപ്പിള്‍ ശ്രമിക്കുന്നത്. ആപ്പിള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഇലക്ട്രിക് ഓട്ടോണമസ് കാര്‍ സംബന്ധിച്ച കിംവദന്തികള്‍ ധാരാളമാണ്. എന്നാല്‍ ആപ്പിളിന്റെ ഐ കാറിനെക്കുറിച്ചുള്ള കേട്ടുകേള്‍വികളെല്ലാം യാഥാര്‍ത്ഥ്യമാവുകയാണ്. കാലിഫോര്‍ണിയയില്‍ സെല്‍ഫ്-ഡ്രൈവിംഗ് കാറുകളുടെ പരീക്ഷണം നടത്തുന്നതിന് കമ്പനിക്ക് ഈയിടെ അനുമതി ലഭിച്ചുകഴിഞ്ഞു.

ടൈറ്റന്‍ എന്നാണ് ആപ്പിളിന്റെ പ്രോജക്റ്റിന്റെ പേര്. പദ്ധതിയെ വളരെ ഗൗരവത്തോടെയാണ് ടിം കുക്ക് കാണുന്നത്. പ്രോജക്റ്റ് യാഥാര്‍ത്ഥ്യമാക്കുന്നതിന് നിയോഗിച്ചവരെ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ഡ്രൈവറില്ലാ കാറിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നതിന് ബ്ലാക്ക്‌ബെറിയില്‍നിന്നുള്ള എന്‍ജിനീയര്‍മാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

ഇലക്ട്രിക് മോട്ടോറോ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്ലുകളോ കരുത്ത് പകരുന്ന ഇലക്ട്രിക് വാഹനമായിരിക്കും ആപ്പിള്‍ ഐ കാര്‍. പരമ്പരാഗത ആന്തരിക ദഹന എന്‍ജിന്‍ ഒരിക്കലുമാകില്ല. പവര്‍സോഴ്‌സ്, ഡ്രൈവ് എന്നിവയേക്കാള്‍ കണക്റ്റിവിറ്റി, നാവിഗേഷന്‍, എന്റര്‍ടെയ്ന്‍മെന്റ് തുടങ്ങിയ ഇലക്ട്രോണിക്‌സ് കാര്യങ്ങളിലാണ് ആപ്പിള്‍ കൂടുതലായി ശ്രദ്ധിക്കുന്നത്. ഡ്രൈവറില്ലാ വാഹനമായിരിക്കും പുറത്തിറക്കുന്നത്.

ആപ്പിള്‍ ഫോണുകളെപ്പോലെ കാറിനും നല്ല വില വരും. പ്രോജക്റ്റിനായി ഇതിനകം 10 ബില്യണ്‍ യുഎസ് ഡോളറാണ് ആപ്പിള്‍ നിക്ഷേപിച്ചത്. ആപ്പിള്‍ കാറുകളില്‍ V2X (വെഹിക്ക്ള്‍ ടു വെഹിക്ക്ള്‍ ആന്‍ഡ് വെഹിക്ക്ള്‍ ടു ഇന്‍ഫ്രാസ്ട്രക്ച്ചര്‍) മിക്കവാറും ഉണ്ടായിരിക്കും. മറ്റ് കാറുകളുമായും വൈദ്യുതി വഴിവിളക്കുകള്‍, കെട്ടിടങ്ങള്‍, സൈക്കിളുകള്‍, കാല്‍നടയാത്രക്കാര്‍ എന്നിവയുമായും ആശയവിനിമയം നടത്തുന്നതിന് ആപ്പിള്‍ ഐ കാറിന് കഴിയും.

പറഞ്ഞുകേട്ടതെല്ലാം ശരിയാണെങ്കില്‍ കാറിന് മിനിവാനുമായി നല്ല സാമ്യമുണ്ടായിരിക്കും. 2020 ല്‍ ഉല്‍പ്പാദനം ആരംഭിക്കും. പാസഞ്ചര്‍ വാഹനങ്ങളായി വാങ്ങുന്നതിന് ലഭ്യമായിരിക്കുമെങ്കിലും റൈഡ് ഷെയറിംഗ് സര്‍വീസുകള്‍ക്കും സെല്‍ഫ്-ഡ്രൈവിംഗ് ടാക്‌സികള്‍ക്കുമായിരിക്കും ഐ കാര്‍ ഉപയോഗിക്കുന്നത്. ഇലക്ട്രിക് കാറുകളുമായി ടെസ്‌ല പൂര്‍ണ്ണമായും കളം വാഴുന്നിടത്തേക്കാണ് ഐ കാര്‍ വരുന്നത്. ഇലോണ്‍ മസ്‌കിന്റെ ഡ്രൈവറില്ലാ വാഹന സാമ്രാജ്യത്തിന്റെ ശക്തി ക്ഷയിപ്പിക്കുന്നതിന് ഐ കാറിന് കഴിയും.

ഐ കാര്‍ പ്രോജക്റ്റിന് ഉപകരിക്കുമെന്നതിനാല്‍ മക്‌ലാറനെ വാങ്ങാന്‍ ആപ്പിള്‍ ശ്രമിക്കുന്നതായി കഴിഞ്ഞ വര്‍ഷം വാര്‍ത്തകള്‍ വന്നിരുന്നു. മക്‌ലാറന്റെ അപ്ലൈഡ് ടെക്‌നോളജീസ് ഗ്രൂപ്പിന്റെ വൈദഗ്ധ്യമാണ് ആപ്പിള്‍ പരിഗണിച്ചത്. മാത്രമല്ല, ഫോര്‍മുല വണ്ണിനും നാസ്‌കാറിനും ഇലക്ട്രോണിക്‌സ് വിതരണം ചെയ്യുന്നത് മക്‌ലാറനാണ്.

സിലിണ്ടര്‍ ആകൃതിയിലുള്ള ലിഥിയം-അയണ്‍ ബാറ്ററികള്‍ക്കായി ദക്ഷിണ കൊറിയന്‍ ബാറ്ററി നിര്‍മ്മാണ കമ്പനിയുമായി കഴിഞ്ഞ ഓഗസ്റ്റില്‍ ആപ്പിള്‍ കരാര്‍ ഒപ്പുവെച്ചിരുന്നു. പുതിയ ഡ്രൈവറില്ലാ കാറില്‍ ഈ ബാറ്ററി ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐ കാര്‍ പ്രോജക്റ്റില്‍ ആപ്പിള്‍ അക്ഷീണം പ്രയത്‌നിക്കുകയാണ്. പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ ആപ്പിളിന്റെ സെല്‍ഫ്-ഡ്രൈവിംഗ് ഇലക്ട്രിക് കാര്‍ യാഥാര്‍ത്ഥ്യമായേക്കും.

Comments

comments

Categories: Auto