എയര്‍ടെല്‍ – ടികോന കരാറിന് അനുമതി നല്‍കരുതെന്ന് ജിയോ

എയര്‍ടെല്‍ – ടികോന കരാറിന് അനുമതി നല്‍കരുതെന്ന് ജിയോ
ലയന,ഏറ്റെടുക്കല്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തണമെന്നും ജിയോ ആവശ്യം ഉന്നയിച്ചിട്ടുണ്ട്

ന്യൂഡെല്‍ഹി: ടികോന ഡിജിറ്റല്‍ നെറ്റ്‌വര്‍ക്കിനെ ഏറ്റെടുക്കാനുള്ള ഭാരതി എയര്‍ടെലിന്റെ നീക്കത്തിന് അനുമതി നല്‍കരുതെന്ന് ടെലികോം വകുപ്പിനോട് റിലയന്‍സ് ജിയോ ഇന്‍ഫോകോം ആവശ്യപ്പെട്ടു. ടികോനയുടെ വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് സ്‌പെക്ട്രം ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ (ഐഎസ്പി) ലൈസന്‍സില്‍ നിന്ന് ഓപ്പറേറ്റര്‍മാര്‍ക്ക് എല്ലാത്തരം സേവനങ്ങളും നല്‍കാന്‍ അനുവദിക്കുന്ന ഏകീകൃത ലൈസന്‍സിലേക്ക് (യുഎല്‍) നിന്ന് മാറുന്നതിന് എയര്‍ടെല്‍ ഫീസ് നല്‍കുന്നതുവരെ അനുമതി നല്‍കുന്നത് നിര്‍ത്തി വയ്ക്കണമെന്നാണ് ജിയോയുടെ ആവശ്യം.

മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലുള്ള ജിയോ മെയ് 5ന് ടെലികോം വകുപ്പിന് ഇതുസംബന്ധമായ കത്തയച്ചിരുന്നു. അംഗീകാരത്തിനായി ഇടപാടുകള്‍ വിലയിരുത്തുന്നതിന് മുമ്പ് നിലവിലുള്ള മാര്‍ഗരേഖകളിലെ പഴുതുകള്‍ അടയ്ക്കണമെന്നും ഇതിനായി ലയന, ഏറ്റെടുക്കല്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തണമെന്നും ജിയോ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അതല്ലെങ്കില്‍ ഏകീകൃത ലൈസന്‍സിനായി തങ്ങള്‍ അടച്ച 1658 കോടി രൂപ തിരികെ നല്‍കണമെന്ന നിര്‍ദേശവും ജിയോയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ട്.

ടികോനയുടെ ഏറ്റെടുക്കല്‍ അനുവദിച്ചാല്‍ സര്‍ക്കാരിന് 217 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നും ജിയോ പറഞ്ഞു. എന്നാല്‍ എല്ലായ്‌പ്പോഴും റെഗുലേറ്ററി നിര്‍ദേശങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും അതിനിയും തുടരുമെന്നും എയര്‍ടെല്‍ വിശദീകരിക്കുന്നു. മത്സരങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ഉന്നയിക്കുന്ന ആരോപണങ്ങളെ ശക്തമായി നിഷേധിക്കുകയാണെന്നും എയര്‍ടെല്‍ വക്താവ് പറഞ്ഞു. ഐഎസ്പി ലൈസന്‍സ് ഉള്ള ഒരാള്‍ക്ക് ഉപഭോക്താക്കള്‍ക്ക് ഡാറ്റ സേവനങ്ങള്‍ നല്‍കാന്‍ മാത്രമേ കഴിയു. എന്നാല്‍ ലയന, ഏറ്റെടുക്കലുകളുടെ ഭാഗമായി ഒരു ഐഎസ്പിയുടെ സ്‌പെക്ട്രം യുഎല്‍ സമ്പ്രദായത്തിന് കീഴില്‍ വോയ്‌സ് സേവനങ്ങളിലേക്ക് നീങ്ങുമ്പോള്‍ ഇതിനനുസരിച്ച ഫീസ് സര്‍ക്കാരിന് നല്‍കണമെന്നും ജിയോ പറഞ്ഞു.

മാനദണ്ഡങ്ങളില്‍ കൃത്രിമം കാണിക്കാനായാല്‍ സര്‍ക്കാര്‍ ഖജനാവിന് വന്‍ വരുമാന നഷ്ടമാണ് സംഭവിക്കുകയെന്നും ഇത് തടയണമെന്നും ജിയോ കത്തില്‍ വ്യക്തമാക്കി. ഇതിനെക്കുറിച്ച് ടെലികോം മന്ത്രാലയവും ഈ മേഖലയിലെ മറ്റുള്ളവരും ബോധവാന്മാരാണെങ്കിലും ലയന,ഏറ്റെടുക്കല്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ ഇത് വ്യക്തമാക്കിയിട്ടില്ലെന്നാണ് ജിയോ വിശദീകരിക്കുന്നത്. ഇതിന്റെ ഫലമായി സര്‍ക്കാരിലേക്ക് ഉചിതമായ പേമെന്റ് അടക്കുന്നതിന് എയര്‍ടെല്‍ വൈകിപ്പിക്കുകയാണെന്നും ആരോപിക്കുന്നു.

ബ്രോഡ്ബാന്റ് വയര്‍ലെസ് ആക്‌സസ് സ്‌പെക്ട്രവും, അഞ്ച് ടെലികോം സര്‍ക്കിളുകളിലെ 350 സെല്ലുലാര്‍ സൈറ്റുകളുമുള്‍പ്പെടെ ടികോന ഡിജിറ്റല്‍ നെറ്റ് വര്‍ക്കിന്റെ 4 ജി ബിസിനസ് ഏറ്റെടുക്കുകയാണെന്ന് മാര്‍ച്ച് 24നാണ് എയര്‍ടെല്‍ പ്രഖ്യാപിച്ചത്. ഏകദേശം 1,600 കോടി രൂപയാണ് കരാര്‍ തുക. ഭാരതി എയര്‍ടെലും മറ്റ് കമ്പനികളും ജിയോയെ പ്രതിരോധിക്കാന്‍ ശക്തമായ നീക്കങ്ങളാണ് നടത്തിവരുന്നത്. അതിനാല്‍ തന്നെ ജിയോയുടെ കത്ത് ടെലികോം മേഖലയിലെ പോരാട്ടത്തെ കൂടുതല്‍ കടുപ്പിക്കുന്നതിന് ഇടയാക്കും. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 1 മുതല്‍ സൗജന്യ സേവനങ്ങളുമായി പ്രവര്‍ത്തനമാരംഭിച്ച ജിയോ എതിരാളികള്‍ക്ക് കടുത്ത മത്സരമാണ് സൃഷ്ടിച്ചത്.

2013ല്‍ ബ്രോഡ്ബാന്‍ഡ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായുള്ള കരാര്‍ സമയത്ത് മാര്‍ഗനിര്‍ദേശങ്ങളിലെ പഴുതുകള്‍ പ്രയോജനപ്പെടുത്താന്‍ എയര്‍ടെല്‍ ശ്രമിച്ചിട്ടുണ്ടെന്നും ഇതിനെ തുടര്‍ന്ന് ടെലികോം മന്ത്രാലയം 436 കോടി രൂപ പിഴ അടയ്ക്കണമെന്ന് എയര്‍ടെലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജിയോ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ടികോനയുടെ ഏറ്റെടുക്കലിനായി എയര്‍ടെല്‍ ഇതേ തന്ത്രം തന്നെയാണ് ഉപയോഗിക്കുന്നതെന്നും ജിയോ ആരോപിക്കുന്നു.

Comments

comments

Categories: Business & Economy