ഐഒടി പ്രയോഗിക്കുന്നതില്‍ ഇന്ത്യ മുന്‍നിരയിലെത്തുമെന്ന് ഐടി സെക്രട്ടറി

ഐഒടി പ്രയോഗിക്കുന്നതില്‍ ഇന്ത്യ മുന്‍നിരയിലെത്തുമെന്ന് ഐടി സെക്രട്ടറി
2023ഓടെ ഇന്ത്യയില്‍ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന ഉപകരണങ്ങള്‍ 
ഏകദേശം 1.9 ബില്യണ്‍ ആയിരിക്കും

ന്യൂഡെല്‍ഹി: വിവിധ മേഖലകളിലെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) സാങ്കേതിക വിദ്യ പ്രയോഗിക്കുന്നതില്‍ മുന്‍നിര രാജ്യമാകാനാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നതെന്ന് ഐടി സെക്രട്ടറി അരുണാ സുന്ദരരാജന്‍. ഐഒടി സാങ്കേതിക വിദ്യയുടെ വിപുലമായ സാധ്യതകളെക്കുറിച്ച് ഇന്ത്യ മനസിലാക്കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.. ഐഒടി വഴി വിവരസാങ്കേതിക വിദ്യയിലും ടെലികോം മേഖലയിലും ഇന്ത്യ ശക്തമായ മുന്നേറ്റത്തിന് തയാറെടുക്കുകയാണെന്ന് ഐഒടി ഇന്ത്യ കോണ്‍ഗ്രസ് 2017ന്റെ രണ്ടാം എഡിഷന്‍ പ്രഖ്യാപന വേളയില്‍ സംസാരിക്കുകയായിരുന്നു ഐടി സെക്രട്ടറി.

വിവിധ മേഖലകളിലെ സംരംഭകരുടെ പ്രാപ്തിയും ഇന്ത്യയില്‍ അഭിവൃദ്ധിപ്പെടുന്ന സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയും യുവജനസംഖ്യയും ഐഒടി മേഖലയിലെ ഇന്ത്യയുടെ ഭാവി സംബന്ധിച്ച് ശുഭാപ്തി വിശ്വാസം നല്‍കുന്നതായി അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഐഒടിയുടെ ബിസിനസ് പ്രയോഗങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്‌നോളജി (ഐഇടി) സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ പ്ലാറ്റ്‌ഫോമാണ് ഐഒടി ഇന്ത്യ കോണ്‍ഗ്രസ്.

2020ഓടെ ആഗോള ഐഒടി മാര്‍ക്കറ്റ് 300 ബില്ല്യണ്‍ ഡോളറായി ഉയരുമെന്നും 2023ഓടെ ഇന്ത്യയില്‍ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന ഉപകരണങ്ങള്‍ ഏകദേശം 1.9 ബില്യണ്‍ ആയിരിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ആഗോള ഐഒടി ബിസിനസ് വ്യവസായത്തിന്റെ 20 ശതമാനം കരസ്ഥമാക്കി അടുത്ത മൂന്ന് വര്‍ഷങ്ങളില്‍ ഏകദേശം 15 ബില്ല്യണ്‍ ഡോളറിലേക്ക് എത്താന്‍ സാധിക്കുമെന്നാണ് ഇന്ത്യന്‍ ഐഒടി മേഖല കണക്കാക്കുന്നത്. ചെലവുകള്‍ ചുരുക്കുന്നതിനും കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ഐഒടി ബിസിനസ് മേഖലയെ സഹായിക്കുമെന്നതിനെ കുറിച്ചായിരിക്കും രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഐഒടി ഇന്ത്യ കോണ്‍ഗ്രസ് പ്രധാനമായും ചര്‍ച്ച ചെയ്യുക.

Comments

comments

Categories: Top Stories

Related Articles