രാജ്യത്തെ വിന്റേജ് കാര്‍ വിപണിയില്‍ വന്‍ വളര്‍ച്ച

രാജ്യത്തെ വിന്റേജ് കാര്‍ വിപണിയില്‍ വന്‍ വളര്‍ച്ച
ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്കുവെച്ചിരിക്കുന്ന മിക്ക ക്ലാസ്സിക് കാറുകളും 50-60 വര്‍ഷം
പഴക്കമുള്ളവയാണ്

ന്യൂ ഡെല്‍ഹി : ഇന്ത്യയിലെ പ്രമുഖ യൂസ്ഡ് കാര്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റ്‌പ്ലേസായ ഒഎല്‍എക്‌സ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിന്റേജ്, ക്ലാസിക് കാര്‍ പ്രേമികള്‍ക്ക് വിരുന്നൊരുക്കുകയാണ്. ക്ലാസിക് കാര്‍ റാലികളും ക്ലബ്ബുകളും വ്യാപകമായതോടെ വിന്റേജ്, ക്ലാസിക് കാറുകള്‍ വാങ്ങുന്ന ശീലം പടര്‍ന്നുപിടിച്ചതിന്റെ ലക്ഷണങ്ങളാണ് ഒഎല്‍എക്‌സില്‍ കാണുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഇതൊരു ഹോബിയായിരുന്നെങ്കില്‍ ഇപ്പോള്‍ ഈ മോട്ടോറിംഗ് ആവേശം അതുക്കും മേലേയാണ്. യൂസ്ഡ് കാറുകളുടെ ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ മാര്‍ക്കറ്റ്‌പ്ലേസായ ഒഎല്‍എക്‌സ് വിന്റേജ് കാര്‍ വിപണിയുടെ 75 ശതമാനമാണ് കയ്യടക്കിവെച്ചിരിക്കുന്നത്.

വിന്റേജ് കാറുകള്‍ക്ക് ഒഎല്‍എക്‌സില്‍ വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലത്തെ അറുപതിലധികം ക്ലാസ്സിക് കാറുകളാണ് ഒഎല്‍എക്‌സിന്റെ വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം, അതായത് 1945 നും 1960 കളുടെ അവസാനവും 1970 കളുടെ തുടക്കത്തിനുമിടയില്‍ നിര്‍മ്മിച്ച കാറുകളെയാണ് ശരിക്കും ക്ലാസ്സിക് കാറുകളെന്ന് പറയുന്നത്. ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്കുവെച്ചിരിക്കുന്ന മിക്ക ക്ലാസ്സിക് കാറുകളും 50-60 വര്‍ഷം പഴക്കമുള്ളവയാണ്.

ഒഎല്‍എക്‌സില്‍ ക്ലാസിക് കാറുകള്‍ ഏറെയും അന്വേഷിക്കുന്നത് ഇതൊരു ഹോബിയാക്കിയവരാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഓരോ കാറിനും 3,000 മുതല്‍ 4,000 വരെ views ആണ് ലഭിക്കുന്നത്. നാല് ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെയാണ് വിന്റേജ് കാറുകളുടെ വില. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്കുവന്ന ക്ലാസിക് കാറുകളുടെ എണ്ണം ഇരട്ടിയായി വര്‍ധിക്കുകയും ചെയ്തു. എല്ലാ മാസവും ശരാശരി അറുപത് കാറുകളാണ് ഒഎല്‍എക്‌സില്‍ ലിസ്റ്റ് ചെയ്യുന്നത്. 2017 മാര്‍ച്ച് വരെ ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്കുവെച്ച ഏറ്റവും വിലയേറിയ വിന്റേജ് കാര്‍ 25 ലക്ഷം രൂപ വില വരുന്ന രാജ്‌കോട്ടിലെ മോറിസ് മൈനര്‍ മോഡലാണ്. ഒഎല്‍എക്‌സിലെത്തിയ ഏറ്റവും പഴക്കമേറിയ കാര്‍ 1936 മോഡല്‍ റൂബി ആസ്റ്റിന്‍.

ഇന്ത്യയിലെ നൂറിലധികം നഗരങ്ങളില്‍ നിന്നുള്ള ക്ലാസിക് കാറുകള്‍ എല്ലാ മാസവും ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്ക് വെയ്ക്കുന്നുണ്ട്. മുംബൈ, ഹൈദരാബാദ്, ഡെല്‍ഹി, ഭോപ്പാല്‍, ചെന്നൈ, ബെംഗളൂരു, കൊല്‍ക്കത്ത, ജയ്പുര്‍ എന്നിവിടങ്ങളില്‍നിന്നെല്ലാം വിന്റേജ് കാറുകള്‍ വില്‍പ്പനയ്ക്ക് ഒഎല്‍എക്‌സിലെത്തുന്നു. കണികാണാന്‍പോലും കിട്ടാത്ത ചില മോഡലുകള്‍ രാജ്യത്തെ ചെറിയ പട്ടണങ്ങളില്‍നിന്ന് ഒഎല്‍എക്‌സിലെത്തുന്നത് അമ്പരപ്പിക്കുന്നതാണ്. കോട്ടയത്തെ ബേക്കര്‍ ഹില്‍, കൊണ്ടോട്ടിയിലെ മുണ്ടപ്പാലം, ഭിലായ്, ഇറ്റാനഗര്‍ തുടങ്ങിയവയാണ് ഈ സ്ഥലങ്ങള്‍.

Comments

comments

Categories: Auto