ബിഎംഡബ്ല്യു M760Li V12 ഇന്ത്യയില്‍ അവതരിച്ചു

ബിഎംഡബ്ല്യു M760Li V12 ഇന്ത്യയില്‍ അവതരിച്ചു
ഡെല്‍ഹി എക്‌സ്-ഷോറൂം വില 2.27 കോടി രൂപ

ന്യൂ ഡെല്‍ഹി : പുതിയ M760Li* Drive ബിഎംഡബ്ല്യു ഇന്ത്യയില്‍ പുറത്തിറക്കി. ബിഎംഡബ്ല്യുവിന്റെ എക്കാലത്തെയും കരുത്തനായ ഈ പുതിയ ടോപ്-ഓഫ്-ദ-ലൈന്‍ സെവന്‍ സീരീസ് ഇന്ത്യയില്‍ സ്റ്റാന്‍ഡേഡ്, V12 എക്‌സലന്‍സ് വേരിയന്റുകളില്‍ ലഭിക്കും. 2.27 കോടി രൂപയാണ് ഡെല്‍ഹി എക്‌സ്-ഷോറൂം വില. സെവന്‍ സീരീസ് സെഡാന്‍ അടിസ്ഥാനമാക്കിയ ആദ്യ എം പെര്‍ഫോമന്‍സ് മോഡലാണ് M760Li V12. ബിഎംഡബ്ല്യുവിന്റെ സവിശേഷ *Drive ഓള്‍-വീല്‍-ഡ്രൈവ് സിസ്റ്റം സ്റ്റാന്‍ഡേഡായി ലഭിക്കും. ബിഎംഡബ്ല്യുവിന്റെ എം കാറുകള്‍ക്ക് ഒപ്പം നില്‍ക്കുംവിധം കാര്‍ നല്ലപോലെ മുഖം മിനുക്കിയിട്ടുണ്ട്.

പുതിയ M760Li കാറിലെ 6.6 ലിറ്റര്‍ എം പെര്‍ഫോമന്‍സ് ട്വിന്‍പവര്‍ ടര്‍ബോ 12 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 601 ബിഎച്ച്പി എന്ന ഭീമന്‍ കരുത്തും പരമാവധി 800 എന്‍എം എന്ന വലിയ തോതിലുള്ള ടോര്‍ക്കും നല്‍കും. v12 ന്റെ 8 സ്പീഡ് സ്റ്റെപ്‌ട്രോണിക് സ്‌പോര്‍ട് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് *Drive ഓള്‍-വീല്‍-ഡ്രൈവ് സിസ്റ്റം വഴി നാല് ചക്രങ്ങള്‍ക്കും കരുത്ത് പകരും. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ കാറിന് 3.7 സെക്കന്‍ഡ് മാത്രം മതിയെന്നാണ് ബിഎംഡബ്ല്യു അവകാശപ്പെടുന്നത്.

എം സ്‌പോര്‍ട് പാക്കേജും രൂപകല്‍പ്പനാ സവിശേഷതകളും കാറിന് ആകപ്പാടെ ഒരു എം ഫാമിലി ലുക്ക് നല്‍കുന്നു. കിഡ്‌നി ഗ്രില്ലും ഹെഡ്‌ലാമ്പുകളും സാധാരണ സെവന്‍ സീരീസ് സെഡാനില്‍ കാണുന്നത് തന്നെയാണ്. പുതിയ ഫ്രണ്ട് ബംപറില്‍ വലിയ ത്രീ-പാര്‍ട് എയര്‍ ഇന്‍ടേക് നല്‍കിയിരിക്കുന്നു. കാറിന്റെ വീതിയോളം തന്നെ ഇതിന് വീതിയുണ്ട്. എയര്‍ ഇന്‍ടേക്കുകളുടെ താഴെയും മേലെയും ക്രോം ആക്‌സന്റ് കാണാം. ഇരുവശങ്ങളിലെയും തിരശ്ചീന എല്‍ഇഡി ലൈറ്റുകള്‍ ഫോഗ് ലാമ്പുകളായി പ്രവര്‍ത്തിക്കും. പുതിയ 20 ഇഞ്ച് എം ഡബിള്‍ സ്‌പോക്ക് 760 എം അലോയ് വീലുകളിലാണ് M760Li വരുന്നത്. ഇരട്ടക്കുഴലുകളുള്ള പുതിയ ക്വാഡ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റം ഇരുവശങ്ങളിലും കാണാം.

കാബിന്റെ മൊത്തം ഡിസൈനില്‍ മാറ്റം കാണാന്‍ കഴിയില്ലെങ്കിലും എക്സ്റ്റീരിയറിലെ പോലെ ‘എം’ സ്വാധീനം ഇന്റീരിയറില്‍ ധാരാളമാണ്. ബിഎംഡബ്ല്യു സ്‌റ്റൈലില്‍ സ്റ്റിയറിംഗ് വളയം തുകല്‍കൊണ്ട് പൊതിഞ്ഞിരിക്കുന്നു.

Comments

comments

Categories: Auto