ബിസ് സ്‌റ്റോണ്‍ ട്വിറ്ററിലേക്ക് തിരികെയെത്തുന്നു

ബിസ് സ്‌റ്റോണ്‍ ട്വിറ്ററിലേക്ക്  തിരികെയെത്തുന്നു

സാന്‍ഫ്രാന്‍സിസ്‌കോ: ലോകത്തിലെ പ്രമുഖ മൈക്രോബ്ലോഗിംഗ് സര്‍വ്വീസായ ട്വിറ്ററിന്റെ സഹസ്ഥാപകനായ ബിസ് സ്റ്റോണ്‍ കമ്പനിയിലേക്ക് തിരിച്ചു വരുന്നു. മുഴുവന്‍ സമയവും ട്വിറ്റര്‍ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ വെയ്ക്കുന്നതിനു വേണ്ടിയാണ് സ്റ്റോണ്‍ തിരിച്ചെത്തുന്നത്. എന്നാല്‍ ഏത് പദവിയിലായിരിക്കും അദ്ദേഹം നിയമിതനാവുക എന്ന കാര്യം വ്യക്തമായിട്ടില്ല. കമ്പനിയുടെ സംസ്‌കാരത്തിനും ഊര്‍ജത്തിനുമൊക്കെ വഴികാട്ടുന്നതിലായിരിക്കും ഞാന്‍ ശ്രദ്ധ പതിപ്പിക്കുന്നത്- സ്റ്റോണ്‍ തന്റെ ബ്ലോഗ്്‌പോസ്റ്റിലൂടെ വ്യക്തമാക്കി. ഏതാനം ആഴ്ചകള്‍ക്കകം താന്‍ കമ്പനിയില്‍ പ്രവേശിക്കുമെന്നും അതിന്റെ ഭാഗമായി ട്വിറ്റര്‍ ജീവനക്കാരില്‍ ആരെയും തങ്ങളുടെ സ്ഥാനത്തു നിന്നു മാറ്റുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്വിറ്റര്‍ ചീഫ് എക്‌സിക്യൂട്ടീവ് ജാക്ക് ഡോര്‍സിയാണ് സ്‌റ്റോണിനോട് കമ്പനിയിലേക്ക് തിരികെയെത്തണമെന്നും ട്വിറ്ററില്‍ തന്നെ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കണമെന്നും ആവശ്യപ്പെട്ടതെന്നും സ്‌റ്റോണ്‍ തന്റെ പോസ്റ്റില്‍ വ്യക്തമാക്കി. സ്‌റ്റോണ്‍ ട്വിറ്ററിലേക്ക് തിരികെയെത്തുന്നതില്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് ഡോര്‍സിയും ട്വീറ്റ് ചെയ്തു.

ഉപഭോക്താക്കളുടെ വളര്‍ച്ച ഇരട്ടിയാക്കാന്‍ കമ്പനി ശ്രമിക്കുന്ന സമയത്താണ് സ്റ്റോണ്‍ ട്വിറ്ററിലേക്ക് തിരികെയെത്തുന്നത്. ജാക്ക് ഡോര്‍സി, ഇവി വില്ല്യംസ്, നോ ഗ്ലാസ്, ബിസ് സ്‌റ്റോണ്‍ എന്നിവര്‍ ചേര്‍ന്ന് 2006ലാണ് ട്വിറ്റര്‍ ആരംഭിക്കുന്നത്. പിന്നീട് 2011 ല്‍ സ്റ്റോണ്‍ ട്വിറ്റര്‍ വിടുകയും ഒരു ഓണ്‍ലൈന്‍ പബ്ലിഷിംഗ് പ്ലാറ്റ്‌ഫോം സഹസ്ഥാപകനാവുകയും ചെയ്തു. മാര്‍ച്ചില്‍ പിന്ററെസ്റ്റ് ഏറ്റെടുത്ത ജെല്ലി എന്ന കമ്പനിയുടെ സിഇഒയുമായിരുന്നു സ്റ്റോണ്‍.

Comments

comments

Categories: Business & Economy

Related Articles