റാന്‍സംവെയറിനു പുറകെ ഡിജിറ്റല്‍ മെഷീനുകള്‍ ലക്ഷ്യമിട്ട് ‘അദില്‍ക്കസ്സ്’ ആക്രമണം

റാന്‍സംവെയറിനു പുറകെ ഡിജിറ്റല്‍ മെഷീനുകള്‍ ലക്ഷ്യമിട്ട് ‘അദില്‍ക്കസ്സ്’ ആക്രമണം
പതിനായിരക്കണക്കിന് കംപ്യൂട്ടറുകള്‍ 'അദില്‍കസ്സ്' ആക്രമണത്തിനിരയായിട്ടുണ്ടെന്നാണ് 
പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ട്

സാന്‍ഫ്രാന്‍സിസ്‌കോ: ലോകത്തെ ഭീതിയുടെ മുനമ്പില്‍ നിര്‍ത്തിയ വാണാക്രൈ സൈബര്‍ ആക്രമണത്തിനു പുറകെ മൈക്രോസോഫ്റ്റ് സോഫ്റ്റ്‌വെയറിന്റെ ദൗര്‍ബല്യം മുതലെടുത്ത് മറ്റൊരു വൈറസ് (‘അദില്‍കസ്സ്’) വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. മൈക്രോസോഫ്റ്റ് വിന്‍ഡോസ് 7 സോഫ്റ്റ്‌വെയറിന്റെ പരിമിതികള്‍ മുതലെടുത്ത് നടത്തിയ വാണാക്രൈ റാന്‍സംവെയര്‍ ആക്രമണത്തെ ചെറുക്കാന്‍ ലോകം ഒന്നിക്കവെയാണ് ഇതേ സുരക്ഷാ വീഴ്ച മുതലെടുത്ത് ഡിജിറ്റല്‍ ഇടപാടുകളെ ബാദിക്കുന്ന തരത്തില്‍ മറ്റൊരു വൈറസ് ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നത്. ലോകത്തില്‍ പതിനായിരക്കണക്കിന് കംപ്യൂട്ടറുകള്‍ ‘അദില്‍കസ്സ്’ ആക്രമണത്തിനിരയായിട്ടുണ്ടെന്നാണ് പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ട്.

കാഷ് മെഷീനുകളെയാണ് ഈ സൈബര്‍ ആക്രമണം ഉന്നംവെക്കുന്നത്. ഡിജിറ്റല്‍ കാഷ് അല്ലെങ്കില്‍ മോണേറോ ക്രിപ്‌റ്റോ കറന്‍സിയോ ഉപയോഗിക്കുന്നന്ന സാഹചര്യത്തിലായിരിക്കും ഹാക്കര്‍മാര്‍ ഈ വൈറസ് പ്രവര്‍ത്തിപ്പിക്കുകയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉത്തര കൊറിയയില്‍ ഹാക്കര്‍മാര്‍ വഴി പ്രചാരത്തിലായ ഡിജിറ്റല്‍ കാഷ് ആണ് മൊണേറോ. 2014 ഏപ്രിലിലാണ് ഓപ്പണ്‍ സോഴ്‌സ് ക്രിപ്‌റ്റോകറന്‍സി നിലവില്‍ വന്നത്. മരുന്നുകളുടെയും, മോഷ്ടിക്കപ്പെട്ട ക്രെഡിറ്റ് കാര്‍ഡുകളുടെയും കള്ളക്കടത്ത് സാധനങ്ങളുടെയും വ്യാപാരത്തിന് ബിറ്റ്‌കോയിന് ബദലായാണ് മോണേറോ ഉപയോഗിക്കുന്നത്.

വാണാക്രൈ ആക്രമണത്തേക്കാള്‍ അക്രമകാരിയായിരിക്കും അദില്‍കസ്സ് ആക്രമണം എന്നാണ് പ്രാഥമിക സ്ഥിതിവിവരകണക്കുകള്‍ നല്‍കുന്ന സൂചന. കാരണം മറ്റു വൈറസുകള്‍ ബാധിക്കാതിരിക്കാന്‍ എസ്എംബി നെറ്റ്‌വര്‍ക്കിംഗ് അടച്ച ശേഷമാണ് അദില്‍ക്കസ്സ് ആക്രമണം നടത്തുന്നതെന്ന് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ സെക്യൂരിറ്റി സംരംഭമായ പ്രൂഫ്‌പോയിന്റ് റിസര്‍ച്ചേഴ്‌സ് പറയുന്നു. അദില്‍ക്കസ്സ് ആക്രമണം ഇപ്പോഴും വ്യാപിക്കുന്നതായാണ് റിസര്‍ച്ചേഴ്‌സ് വ്യക്തമാക്കുന്നത്. ഒരിക്കല്‍ ഈ വൈറസ് ബാധിച്ചു കഴിഞ്ഞാല്‍ ഇവ ഹാക്കര്‍മാര്‍ക്കു വേണ്ടി സൈബര്‍ കാഷ് ഉണ്ടാക്കി തുടങ്ങുമെന്ന് ഫ്രൂഫ് പോയിന്റ് പ്രൊഡക്റ്റ്‌സ് വൈസ് പ്രസിഡന്റ് റോബര്‍ട്ട് ഹോംസ് പറഞ്ഞു. മേയ് രണ്ടിനു മുന്‍പോ വാണാക്രൈ റാന്‍സംവെയര്‍ ആക്രമണത്തിന് ഒരാഴ്ച മുന്‍പോ അദില്‍ക്കസ്സ് ആക്രമണം ആരംഭിച്ചിട്ടുണ്ടെന്നാണ് വിദഗ്ധര്‍ നിരീക്ഷിക്കുന്നത്. വാണാക്രൈ വഴിയുള്ളതിനേക്കാള്‍ കൂടുതല്‍ പണം ഹാക്കര്‍മാര്‍ ഇതുവഴി ഉണ്ടാക്കുന്നതായാണ് സൂചന.

Comments

comments

Categories: Top Stories