എന്താണ് ഈ ബിറ്റ്‌കോയിന്‍ ? പണമാണ്, പക്ഷെ കാണാനാകില്ല !

എന്താണ് ഈ ബിറ്റ്‌കോയിന്‍ ? പണമാണ്, പക്ഷെ കാണാനാകില്ല !

ഡിജിറ്റല്‍ രംഗത്തിന് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടായിരുന്നു കഴിഞ്ഞ ദിവസം റാന്‍സം വൈറസ് അപകടഭീതി വിതച്ചത്. കംപ്യൂട്ടറുകളിലെ ഡാറ്റായിലേക്ക് പ്രവേശിക്കണമെങ്കില്‍ മെയ് 15 നു മുമ്പ് 300 ഡോളര്‍ മൂല്യം വരുന്ന ബിറ്റ്‌കോയിന്‍ മോചനദ്രവ്യമായി നല്‍കുകയെന്ന സന്ദേശവും ഉപഭോക്താക്കള്‍ക്ക് ലഭിച്ചു. അല്ലാത്ത പക്ഷം കംപ്യൂട്ടറുകളില്‍ നിന്ന് എല്ലാ ഡാറ്റായും നഷ്ടമാകുമെന്നാണ് ഭീഷണി. കഴിഞ്ഞ രണ്ടു ദിവസമായി ‘ബിറ്റ്‌കോയിന്‍’ എന്ന വാക്ക് നമുക്ക് ചുറ്റും കിടന്ന് കറങ്ങുകയാണ്. എന്നാല്‍ എന്താണ് ഈ ബിറ്റ്‌കോയിന്‍? പലര്‍ക്ക് മുമ്പിലും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുകയാണിത്.

ജനങ്ങള്‍ നോട്ടില്ലാതെയുള്ള പണമിടപാടുകളിലേക്ക് മാറിയതോടെയാണ് ഡിജിറ്റല്‍ കറന്‍സികള്‍ പ്രചാരത്തില്‍ വരുന്നത്. രഹസ്യ നാണയങ്ങള്‍ അഥവാ ക്രിപ്‌റ്റോ കറന്‍സികള്‍ എന്നറിയപ്പെടുന്ന ഡിജിറ്റല്‍ കറന്‍സികളില്‍ ഏറ്റവുമധികം കൈമാറപ്പെടുന്നത് ബിറ്റ്‌കോയിനാണ്. കംപ്യൂട്ടര്‍ ഭാഷയില്‍ തയ്യാറാക്കിയിരിക്കുന്ന ഈ സോഫ്റ്റ്‌വെയര്‍ കോഡ് 2008ല്‍ സതോഷി നകമോട്ടോ ആണ് അവതരിപ്പിച്ചത്. എന്നാല്‍ സതോഷി നകമോട്ടോ എന്ന പേരിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്നത് ആരാണ് എന്ന കാര്യം വ്യക്തമല്ല. അത് ഒരു വ്യക്തിയോ ഒരു സംഘം ഐടി വിദഗ്ധരോ ആകാം.

ഇടനിലക്കാരോ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളോ സര്‍ക്കാരുകളോ നിയന്ത്രിക്കാനില്ലാത്ത സ്വതന്ത്ര നാണയം എന്ന ആശയത്തിന്റെ പൂര്‍ത്തീകരണമായിരുന്നു ബിറ്റ്‌കോയിന്‍. ക്രിപ്‌റ്റോഗ്രാഫി എന്ന സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഭൗതികരൂപമില്ലാത്ത നാണയ സമ്പ്രദായമാണിത്. ഇടപാടുകള്‍ ശരിയാണോ എന്ന് പരിശോധിക്കാനും ഉറപ്പു വരുത്താനും ക്രിപ്‌റ്റോഗ്രാഫിക് സങ്കേതങ്ങള്‍ ഉപയോഗിക്കുകയും ഇതിലൂടെ തന്നെ പുതിയ നാണയങ്ങള്‍ സൃഷ്ടിക്കുകയുമാണ് ഈ നാണയ വ്യവസ്ഥയുടെ അടിസ്ഥാനം. 1,734.65 ഡോളറായിരുന്നു ഒരു ബിറ്റ്‌കോയിന്റെ വില. ഓണ്‍ലൈന്‍ വാലെറ്റ് വഴിയാണ് ബിറ്റ്‌കോയിനുകള്‍ സൂക്ഷിക്കുന്നത്.

2.10 കോടി ബിറ്റ്‌കോയിനുകളാണ് ഇതിന്റെ ഉപജ്ഞാതാക്കള്‍ സൃഷ്ടിച്ചത്. ഇരുപത് വര്‍ഷങ്ങള്‍ കൊണ്ട് ഇത് പൂര്‍ണ്ണമായി ലഭ്യമാക്കുമെന്നും പിന്നീട് പുതിയവ കിട്ടില്ലെന്നുമായിരുന്നു ഇവര്‍ പറഞ്ഞിരിന്നത്. പിന്നീട് നിലവിലുള്ള ബിറ്റ്‌കോയിനുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ മാത്രമേ ലഭ്യമാവുകയുള്ളൂ. സാധാരണ കറന്‍സികളെ പോലെ മൂല്യം ഇടിയില്ല എന്നതായിരുന്നു ബിറ്റ്‌കോയിനുകളുടെ ഒരു പ്രത്യേകത.

ഓണ്‍ലൈന്‍ തട്ടിപ്പ്, ലഹരിവില്‍പ്പന, ഭീകരപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവക്ക് ബിറ്റ്‌കോയിന്‍ സഹായകമാകും എന്ന പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ എല്ലാ രാജ്യങ്ങളിലെയും കേന്ദ്രബാങ്കുകള്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും ബിറ്റ്‌കോയിനെ പിന്തുണച്ചിരുന്നില്ല. ഇവരൊക്കെ മുമ്പില്‍ കണ്ടിരുന്ന പ്രശ്‌നങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇപ്പോള്‍ ആഞ്ഞു വീശിക്കൊണ്ടിരിക്കുന്ന റാന്‍സംവെയര്‍ വൈറസില്‍ നിന്നും രക്ഷ നേടാന്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആവശ്യപ്പെടുന്നതും ബിറ്റ്‌കോയിനാണ്.

Comments

comments

Categories: Business & Economy