സാമ്പത്തിക സുരക്ഷ ഉറപ്പാക്കാന്‍ റഷ്യ

സാമ്പത്തിക സുരക്ഷ ഉറപ്പാക്കാന്‍ റഷ്യ

മോസ്‌കോ: 2030 വരെ റഷ്യയുടെ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നിര്‍ണായക ഉത്തരവില്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ ഒപ്പുവച്ചു. ആഭ്യന്തരവും വൈദേശികവുമായ വെല്ലുവിളികളെയും ഭീഷണികളെയും നേരിടുന്നതിനും റഷ്യയുടെ സാമ്പത്തിക പരിമാധികാരവും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനും പുതിയ തന്ത്രം സഹായിക്കും- റഷ്യന്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച രേഖയില്‍ വ്യക്തമാക്കി. സാമൂഹിക- രാഷ്ട്രീയ സ്ഥിരതയും ചലനാത്മകമായ സാമൂഹ്യ, സാമ്പത്തിക വികസനവും ഉറപ്പാക്കുന്നതിനും ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കും-വെബ്‌സൈറ്റ് പറഞ്ഞു.

ആഗോള തലത്തില്‍ മത്സരിക്കുന്നതിന് സാമ്പത്തിക വികസനത്തിന്റെ ആനുകൂല്യങ്ങളെയും ഉന്നത സാങ്കേതികവിദ്യയെയും ഉപകരണമാക്കാനുള്ള വികസ്വര രാജ്യങ്ങളുടെ ശ്രമങ്ങളും റഷ്യ നേരിടുന്ന പ്രധാന വെല്ലുവിളികളില്‍പ്പെടുന്നു. സാമ്പത്തിക രംഗത്തിന്റെ സുപ്രധാന മേഖലകളിലെ വിവേചനപരമായ നടപടികള്‍, വിദേശ സാമ്പത്തിക സ്രോതസുകളെയും സാങ്കേതിക വിദ്യകളെയും സ്വീകരിക്കുന്നതിനുള്ള നിയന്ത്രണം, റഷ്യയുടെ പങ്കാളിത്തമില്ലാത്ത അന്താരാഷ്ട്ര സാമ്പത്തിക സംഘടനകളുടെ രൂപീകരണം തുടങ്ങിയ വെല്ലുവിളികളുമുണ്ട്- രേഖ വിലയിരുത്തി.

രണ്ട് ഘട്ടങ്ങളിലായിരിക്കും സാമ്പത്തിക സുരക്ഷയ്ക്കായുള്ള പുതിയ തന്ത്രം നടപ്പിലാക്കുക. ആദ്യ ഘട്ടത്തില്‍, 2019 വരെ, റഷ്യയിലെ സാമ്പത്തിക സുരക്ഷയുടെ നിരീക്ഷണത്തിനും വിലയിരുത്തലിനും വേണ്ടിയുള്ള സംവിധാനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളും. 2019 മുതല്‍ 2030 വരെ നീളുന്ന രണ്ടാം ഘട്ടത്തില്‍, വെല്ലുവിളികളും ഭീഷണികളും നീക്കം ചെയ്യാനുള്ള നടപടികളും പ്രാവര്‍ത്തികമാക്കും.

Comments

comments

Categories: World