പുതിയ ഡിസൈര്‍ മാരുതി സുസുകി വിപണിയിലെത്തിച്ചു

പുതിയ ഡിസൈര്‍ മാരുതി സുസുകി വിപണിയിലെത്തിച്ചു
ഡെല്‍ഹി എക്‌സ്-ഷോറൂം വില തുടങ്ങുന്നത് 5.45 ലക്ഷം രൂപ മുതല്‍

ന്യൂ ഡെല്‍ഹി : മാരുതി സുസുകി പുതു തലമുറ ഡിസൈര്‍ അവതരിപ്പിച്ചു. ഇതാദ്യമായി സ്വിഫ്റ്റ് ബാഡ്ജ് ഇല്ലാതെയാണ് ഡിസൈര്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. പെട്രോള്‍ വേരിയന്റുകള്‍ക്ക് 5.45 ലക്ഷം മുതല്‍ 8.41 ലക്ഷം രൂപ വരെയും ഡീസല്‍ വേരിയന്റുകള്‍ക്ക് 6.45 ലക്ഷം മുതല്‍ 9.41 ലക്ഷം രൂപ വരെയുമാണ് ഡെല്‍ഹി എക്‌സ്-ഷോറൂം വില.

വിവിധ പെട്രോള്‍ വേരിയന്റുകളും വിലയും ഇപ്രകാരമാണ്

ഡിസൈര്‍ LXi 5.45 ലക്ഷം
ഡിസൈര്‍ VXi 6.29 ലക്ഷം
ഡിസൈര്‍ ZXi 7.05 ലക്ഷം
ഡിസൈര്‍ ZXi + 7.94 ലക്ഷം
ഡിസൈര്‍ VXi (AGS) 6.76 ലക്ഷം

ഡിസൈര്‍ ZXi (AGS) 7.52 ലക്ഷം

ഡിസൈര്‍ ZXi (AGS) 8.41 ലക്ഷം രൂപ

വിവിധ ഡീസല്‍ വേരിയന്റുകളും വിലയും ഇപ്രകാരമാണ്

ഡിസൈര്‍ LDi 6.45 ലക്ഷം രൂപ

ഡിസൈര്‍ VDi 7.29 ലക്ഷം

ഡിസൈര്‍ ZDi 8.05 ലക്ഷം

ഡിസൈര്‍ ZDi + 8.94 ലക്ഷം

ഡിസൈര്‍ VDi (AGS) 7.76 ലക്ഷം

ഡിസൈര്‍ ZDi (AGS) 8.52 ലക്ഷം

ഡിസൈര്‍ ZDi + (AGS) 9.41 ലക്ഷം രൂപ

പെട്രോള്‍, ഡീസല്‍ വകഭേദങ്ങളില്‍ നാല് വീതം വേരിയന്റുകളിലാണ് ഡിസൈര്‍ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് വകഭേദങ്ങളിലും എഎംടി ഗിയര്‍ബോക്‌സ്‌ ഓപ്ഷന്‍ ലഭ്യമാണ്.

നിലവിലെ സ്വിഫ്റ്റ് ഡിസൈറില്‍നിന്ന് വളരെ വ്യത്യസ്തമായ ലുക്കിലാണ് പുതിയ ഡിസൈര്‍ വരുന്നത്. ഉയരം 40 എംഎം കുറഞ്ഞു. പുതിയ ഡിസൈറിന്റെ ഉയരം 1,515 എംഎം ആണ്. സബ്-കോംപാക്റ്റ് സെഡാന്റെ വീല്‍ബേസ് 20 എംഎം വര്‍ധിച്ച് 2,450 എംഎം ആയി. കാറിന്റെ വീതി 40 എംഎം കൂടി 1,735 എംഎം ആയി. വീതി വര്‍ധിച്ചതോടെ റിയര്‍ ഷോള്‍ഡര്‍ റുമിന്റെ വീതി 30 എംഎം, ഫ്രണ്ട് ഷോള്‍ഡര്‍ റൂമിന്റെ വീതി 20 എംഎം എന്നിങ്ങനെ വര്‍ധിച്ചതായി മാരുതി സുസുകി വ്യക്തമാക്കി. എക്‌സ്ട്രാ വീല്‍ബേസ് നിലവിലെ സ്വിഫ്റ്റ് ഡിസൈറിന്റെ 310 ലിറ്ററില്‍നിന്ന് ബൂട്ട് സ്‌പേസ് 376 ലിറ്ററായി വര്‍ധിച്ചു. കാറിന്റെ നീളം 3,995 എംഎം ആണ്. ഗ്രൗണ്ട് ക്ലിയറന്‍സ് 163 എംഎം.

പുനര്‍രൂപകല്‍പ്പന ചെയ്ത ‘എ’ പില്ലറിലാണ് പുതിയ ഡിസൈറിന്റെ വരവ്. 2018 ഓട്ടോ എക്‌സ്‌പോയില്‍ അരങ്ങേറ്റം നടത്തുന്ന അടുത്ത തലമുറ സ്വിഫ്റ്റിനോട് കിടപിടിക്കുന്ന സെഡാന്‍ അപ്പീലും ഫേസും 2017 ഡിസൈറിന് ലഭിച്ചിട്ടുണ്ട്. മുന്‍ഭാഗത്ത് ഡേടൈം റണ്ണിംഗ് ലാമ്പുകളും ബോള്‍ഡ് ക്രോം ഗ്രില്ലും ഡിസൈറിന് നല്‍കിയിരിക്കുന്നു. ബേസ് പെട്രോള്‍ വേരിയന്റിന്റെ ഭാരം 85 കിലോഗ്രാമും ബേസ് ഡീസല്‍ വേരിയന്റിന്റെ ഭാരം 95 കിലോഗ്രാമും കുറഞ്ഞിട്ടുണ്ട്.

നിലവിലെ മോഡലിന്റെ പവര്‍ട്രെയ്‌നുകള്‍ തന്നെയാണ് ഡിസൈറിന് നല്‍കിയിരിക്കുന്നത്. പെട്രോള്‍ ഡിസൈറിലെ 1,197 സിസി 1.2 ലിറ്റര്‍ എന്‍ജിന്‍ 6,000 ആര്‍പിഎമ്മില്‍ 61 കിലോവാട്ട് കരുത്തും 4,200 ആര്‍പിഎമ്മില്‍ 113 എന്‍എം ടോര്‍ക്കുമേകും. 22 കിലോമീറ്ററാണ് ഇന്ധനക്ഷമത. 1,248 സിസി 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 4,000 ആര്‍പിഎമ്മില്‍ പരമാവധി 55 കിലോവാട്ട് കരുത്തും 2,000 ആര്‍പിഎമ്മില്‍ 190 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. 28.4 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത. സബ്-കോംപാക്റ്റ് സെഡാന്‍ സെഗ്‌മെന്റില്‍ ഏറ്റവുമധികം ഇന്ധനക്ഷമതയുള്ള കാറാണ് ഡിസൈര്‍ എന്ന് മാരുതി സുസുകി എംഡി കെനിച്ചി ആയുകാവ പറഞ്ഞു. പെട്രോള്‍, ഡീസല്‍ വേരിയന്റുകള്‍ക്ക് 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ്്, 5 സ്പീഡ് എഎംടി എന്നിവയാണ് ഓപ്ഷനുകള്‍.

ടോപ്-എന്‍ഡ് വേരിയന്റുകളിലെ കാബിനകത്തെ ഡാഷ്, ഡോര്‍, സ്റ്റിയറിംഗ് വീല്‍ എന്നിവയില്‍ വുഡ് ഇന്‍സെര്‍ടുകള്‍ കാണാം. ടോപ്-എന്‍ഡ് വേരിയന്റുകളിലെ സ്മാര്‍ട്ട് പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ആപ്പിള്‍ കാര്‍പ്ലേ, ഗുഗഌന്റെ ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സപ്പോര്‍ട്ട് ചെയ്യും.

മാരുതി സുസുകി തങ്ങളുടെ വാഹനഘടക നിര്‍മ്മാതാക്കള്‍ക്കൊപ്പം പുതിയ ഡിസൈര്‍ വികസിപ്പിക്കുന്നതിന് ആയിരം കോടിയിലധികം രൂപയാണ് നിക്ഷേപിച്ചത്. അഞ്ചാം തലമുറ ബി പ്ലാറ്റ്‌ഫോമാണ് ഡിസൈര്‍ അടിസ്ഥാനമാക്കിയിരിക്കുന്നത്. ഡിസൈര്‍ നിര്‍മ്മിക്കുന്നതിന് ഇതാദ്യമായി സ്വിഫ്റ്റ് പ്ലാറ്റ്‌ഫോം ഒഴിവാക്കി. മാരുതി സുസുകി ബലേനോയുടെ ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്‌ഫോമാണ് ഡിസൈര്‍ പങ്കുവെയ്ക്കുന്നത്. 2008 ല്‍ അവതരിപ്പിച്ചശേഷം ഇതുവരെ 1.38 ലക്ഷം ഡിസൈര്‍ സെഡാനാണ് വിറ്റുപോയത്.

Comments

comments

Categories: Auto