നവീന പദ്ധതികളുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

നവീന പദ്ധതികളുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

പാലക്കാട്: കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥക്ക് ശക്തി പകരുന്ന പദ്ധതിയുമായി എത്തിയിരിക്കുകയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ നവീന ആശയങ്ങള്‍ മുന്നോട്ടുവെയ്ക്കുന്നവര്‍ക്ക് രണ്ടുലക്ഷം രൂപയുടെ ഫണ്ട് നല്‍കിക്കൊണ്ട് ഈ രംഗത്ത് വിപ്ലവകരമായ മാറ്റത്തിനാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. തെരഞ്ഞെടുക്കുന്ന ആശയങ്ങള്‍ നടപ്പാക്കുന്നതിന് അടുത്തഘട്ടത്തില്‍ 10 ലക്ഷം രൂപവരെ ഫണ്ട് നല്‍കും. ആശയങ്ങള്‍ക്ക് മാത്രമായി രണ്ടുകോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. കഴിഞ്ഞമാസം നടത്തിയ ആശയദിനത്തില്‍ അവതരിപ്പിച്ച 190 ആശയങ്ങളില്‍ 20 എണ്ണത്തിന് അംഗീകാരം നല്‍കിയിരുന്നു.

സ്റ്റാര്‍ട്ടപ്പ് മിഷനുമായി കോര്‍ത്തിണക്കിയ കേരളത്തിലെ 193 കോളെജുകളില്‍നിന്നും മറ്റുസ്ഥാപനങ്ങളില്‍ നിന്നുമുള്ളവരാണ് ആശയങ്ങള്‍ അവതരിപ്പിച്ചത്. അംഗീകരിക്കപ്പെട്ട 20 എണ്ണത്തില്‍ അവസാനഘട്ടത്തിലേക്ക് നാലെണ്ണം തെരഞ്ഞെടുത്തിട്ടുണ്ട്. നിത്യജീവിതവുമായി നേരിട്ട് ബന്ധപ്പെടുന്ന മേഖലകളിലാണ് കൂടുതല്‍ ആശയങ്ങള്‍ അവതരിപ്പിക്കപ്പെട്ടത്. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് രംഗത്തിന്റെ കുതിപ്പ് തിരിച്ചറിഞ്ഞ് വന്‍കിട കമ്പനികളും സഹകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ബിപിസിഎല്ലുമായി ധാരണപത്രം ഒപ്പുവെച്ചു. സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ചുകൊണ്ട് യുഎന്‍ ഇന്നൊവേഷന്‍ ലാബ് സംസ്ഥാനത്ത് പ്രവര്‍ത്തനമാരംഭിക്കാനിരിക്കുകയാണ്. ഏഷ്യയില്‍ തായ്‌വാന്‍ കഴിഞ്ഞാല്‍ ഇത്തരമൊരു സംരംഭത്തിന് യു എന്‍ ധാരണപത്രം ഒപ്പുവെച്ചിരിക്കുന്നത് കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി ചേര്‍ന്നാണ്.

ആശയങ്ങള്‍ സമാഹരിക്കുന്നതിനായി അടുത്ത മാസം മുതല്‍ സംസ്ഥാനവ്യാപകമായി പരിപാടികള്‍ സംഘടിപ്പിക്കും. കേരള സര്‍ക്കാര്‍ സ്വകാര്യകമ്പനികളുമായി ചേര്‍ന്ന് 25 കോടിയുടെ മൂലധനം സ്വരൂപിക്കുന്നതിനും തീരുമാനമായിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പ് മിഷന്റെ 2016 റിപ്പോര്‍ട്ടില്‍ സോഫ്റ്റ്‌വെയര്‍/ഐടി രംഗത്ത് 63.3 ശതമാനമാണ് വളര്‍ച്ചകാണിച്ചിരിക്കുന്നത്. ഹാര്‍ഡ്‌വെയര്‍ 15.6, ഹെല്‍ത്ത്കയര്‍ 8.9, അഗ്രിക്കള്‍ച്ചര്‍ 5.9, ബയോടെകനോളജി 2.8, സര്‍വീസ് രംഗം 7.8, മറ്റുരംഗങ്ങള്‍ 29.1 ശതമാനം എന്നിങ്ങനെയായിരുന്നു വളര്‍ച്ച. ഇലക്‌ട്രോണിക് മേഖലയിലും ഹെല്‍ത്ത്‌കെയര്‍ രംഗത്തും അഗ്രിക്കള്‍ച്ചര്‍ രംഗത്തും കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഏറെ മുന്നോട്ടുപോയിട്ടുണ്ടെന്ന് സ്റ്റാര്‍ട്ടപ്പ് മിഷന്റെ ബിസിനസ് ഡെവലപമെന്റ് മാനേജര്‍ അശോക് കുര്യന്‍ പറഞ്ഞു. ഈ വര്‍ഷത്തെ റിപ്പോര്‍ട്ട് ജൂണില്‍ പുറത്തുവരും.

Comments

comments

Categories: Business & Economy