തോഷിബയും വെസ്‌റ്റേണ്‍ ഡിജിറ്റലും ഒന്നിച്ചുനില്‍ക്കണമെന്ന് ജാപ്പനീസ് സര്‍ക്കാര്‍

തോഷിബയും വെസ്‌റ്റേണ്‍  ഡിജിറ്റലും ഒന്നിച്ചുനില്‍ക്കണമെന്ന്  ജാപ്പനീസ് സര്‍ക്കാര്‍
തോഷിബയുടെ ചിപ്പ് യൂണിറ്റിന്റെ വില്‍പ്പനയുമായി ബന്ധപ്പെട്ട് ഇരു കമ്പനികള്‍ക്കിടയിലും
തര്‍ക്കങ്ങള്‍ ഉയരുന്നതില്‍ ആശങ്ക

ടോക്കിയോ: തോഷിബയും ബിസിനസ് പങ്കാളി വെസ്റ്റേണ്‍ ഡിജിറ്റല്‍ കോര്‍പ്പറേഷനും ഒന്നിച്ചുനില്‍ക്കണമെന്ന് ജാപ്പനീസ് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. തോഷിബയുടെ ചിപ്പ് യൂണിറ്റിന്റെ വില്‍പ്പനയുമായി ബന്ധപ്പെട്ട് ഇരു കമ്പനികള്‍ക്കിടയിലും തര്‍ക്കങ്ങള്‍ ഉയരുന്നതിലെ ആശങ്കയും സര്‍ക്കാര്‍ പ്രകടിപ്പിച്ചു. തങ്ങളുടെ സമ്മതമില്ലാതെ ചിപ്പ് യൂണിറ്റ് വില്‍ക്കുന്നതില്‍ നിന്ന് തോഷിബയെ വിലക്കുന്നതിന് വെസ്‌റ്റേണ്‍ ഡിജിറ്റല്‍ അന്താരാഷ്ട്ര സഹായം തേടിയിരുന്നു. തോഷിബ കരാര്‍ ലംഘിച്ചുവെന്നാണ് അവര്‍ ഉയര്‍ത്തുന്ന വാദം.

രണ്ടു കമ്പനികളും ചേര്‍ന്ന് തോഷിബയുടെ സെമികണ്ടക്റ്റര്‍ പ്ലാന്റും പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. എന്നാല്‍ തോഷിബയുടെ ചിപ്പ് യൂണിറ്റിന്റെ പ്രധാനപ്പെട്ട ബിഡറൊന്നുമല്ല വെസ്റ്റേണ്‍ ഡിജിറ്റല്‍. മറ്റ് അപേക്ഷകരേക്കാള്‍ താഴ്ന്ന ഓഫറാണ് അവര്‍ മുന്നോട്ടുവയ്ക്കുന്നത്-ഇതുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

തോഷിബ- വെസ്‌റ്റേണ്‍ ഡിജിറ്റല്‍ സഹകരണത്തിന് വളരെ പ്രാധാന്യമുണ്ടെന്ന് ജപ്പാന്റെ വ്യാപാര മന്ത്രി ഹിരോഷിഗേ സെകോ പറഞ്ഞു. എന്നാല്‍, മന്ത്രാലയം തര്‍ക്കത്തില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ല. തൊഴിലവസരങ്ങളും ടെക്‌നോളജിയും മാറ്റം ചെയ്യപ്പെടുന്നുണ്ടോയെന്ന് അറിയുന്നതിനാണ് തോഷിബയുടെ മെമ്മറി ചിപ്പ് യൂണിറ്റിന്റെ വില്‍പ്പന നടപടികളെ സര്‍ക്കാര്‍ ശ്രദ്ധാപൂര്‍വം വീക്ഷിക്കുന്നതെന്ന് സെകോ വ്യക്തമാക്കി.

വെസ്റ്റിംഗ്ഹൗസിലെ പാപ്പരായ ആണവ യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഭീമമായ തുക കണ്ടെത്തുന്നതിന് വേണ്ടിയാണ് തോഷിബ ചിപ്പ് യൂണിറ്റ് വില്‍ക്കാന്‍ ശ്രമിക്കുന്നത്. ഏകദേശം 950 ബില്ല്യണ്‍ യെന്നിന്റെ വാര്‍ഷിക നഷ്ടവും 540 ബില്ല്യണ്‍ യെന്നിന്റെ നെഗറ്റീവ് ഷെയര്‍ഹോള്‍ഡര്‍ ഇക്വിറ്റിയും അഭിമുഖീകരിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം തോഷിബ വ്യക്തമാക്കിയിരുന്നു.

Comments

comments

Categories: Business & Economy