ഐടി കമ്പനികളിലെ പിരിച്ചുവിടല്‍ സ്വാഭാവിക നടപടിയെന്ന് നാസ്‌കോം

ഐടി കമ്പനികളിലെ പിരിച്ചുവിടല്‍  സ്വാഭാവിക നടപടിയെന്ന് നാസ്‌കോം

ബെംഗളൂരു: ഐടി മേഖലയില്‍ ഈ വര്‍ഷം വലിയതോതിലുള്ള പിരിച്ചുവിടലുകള്‍ നടന്നിട്ടില്ലെന്ന് ഇന്‍ഡസ്ട്രി ട്രേഡ് ബോഡി നാസ്‌കോം. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ വര്‍ഷവും നടത്തുന്ന ജീവനക്കാരുടെ മനപ്പൂര്‍വമല്ലാതുള്ള പുറത്താകലാണിതെന്ന് അവര്‍ വ്യക്തമാക്കി.  സാധാരണയായി ഒന്ന് മുതല്‍ മൂന്ന് ശതമാനം വരെ പിരിച്ചുവിടലുകള്‍ എല്ലാ വര്‍ഷവും നടക്കാറുണ്ട്. മറ്റ് വര്‍ഷങ്ങളേതില്‍ നിന്ന് വ്യത്യസ്തമല്ല ഈ വര്‍ഷവുമെന്ന് നാസ്‌കോം വൈസ് ചെയര്‍മാനും വിപ്രോ ബോര്‍ഡ് മെമ്പറുമായ റിഷാദ് പ്രേംജി പറഞ്ഞു. മുന്‍ സാമ്പത്തിക വര്‍ഷം ഇന്ത്യയിലെ ഐടി രംഗം 8.6 ശതമാനം വളര്‍ച്ച കൈവരിച്ചു.

ഒറ്റയക്ക വളര്‍ച്ച കൈവരിക്കുന്നത് ഇതാദ്യമായാണ്. നിലവില്‍ നാല് മില്ല്യണ്‍ ആളുകള്‍ ഐടി മേഖലയില്‍ തൊഴിലെടുക്കുന്നുണ്ട്. ഈ വര്‍ഷം പുറത്തുപോകുന്നവരുടെ എണ്ണത്തില്‍ കാര്യമായ മാറ്റമൊന്നുമില്ലെങ്കിലും ആകെയുള്ള എണ്ണം വലുതായി തോന്നുന്നതാണ്-നാസ്‌കോം പ്രസിഡന്റ് ആര്‍ ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി. മികച്ച പ്രകടനം കാഴ്ചവയ്ക്കാത്തവരെ പുറത്താക്കുന്നതിനു വേണ്ടി കര്‍ശനമായ വിലയിരുത്തല്‍ നടപടികള്‍ വന്‍കിട ഐടി കമ്പനികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇന്‍ഫോസിസ് 1000 തൊഴിലാളികളെ പിരിച്ചു വിടുമ്പോള്‍, കോഗ്നിസെന്റ്, വിപ്രോ, ടെക് മഹീന്ദ്ര എന്നീ കമ്പനികള്‍ യഥാക്രമം 6,000, 350, 1500 ജീവനക്കാരെ പിരിച്ചു വിടും. മറ്റ് കമ്പനികളായ കാപ്‌ജെമിനി, ഡിഎക്‌സ്‌സി എന്നിവയിലെ തൊഴിലാളികളുടെ എണ്ണം കൂടി ചേരുമ്പോള്‍ പിരിച്ചു വിടപ്പെട്ടവരുടെ എണ്ണം 20,000ന് അടുത്തെത്തും.

ഓരോ വര്‍ഷവും പുതുതായി 1.5 ലക്ഷം പേര്‍ ഐടി രംഗത്ത് എത്തിച്ചേരുന്നുണ്ടെന്ന് മുന്‍പ് നാസ്‌കോം വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര വിപണികളില്‍ മത്സാരാധിഷ്ഠിതമായി തുടരുന്നതിന് കഴിവും തൊഴില്‍ ശക്തിയും ആവശ്യമാണ്. കമ്പനികള്‍ക്കുള്ളിലെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് അവര്‍ തങ്ങളുടെ തൊഴില്‍ ശക്തിയില്‍ മാറ്റങ്ങള്‍ വരുത്തുന്നതെന്ന് അംഗീകരിക്കേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, 2020തോടു കൂടി 60 മുതല്‍ 70 ശതമാനം തൊഴിലാളികള്‍ക്കും പരിശീലനം നല്‍കേണ്ടതുണ്ട്. ഡിജിറ്റല്‍ പോലുള്ള മാര്‍ക്കറ്റുകളിലെ ആവശ്യങ്ങളില്‍ പിടിച്ചുനില്‍ക്കേണ്ടതിന് വേണ്ടിയാണിതെന്ന് നാസ്‌കോം ചെയര്‍മാന്‍ രാമന്‍ റോയി നിരീക്ഷിച്ചു. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ടെക്‌നോളജിയിലുള്ള ചെലവിടല്‍ ഇരട്ടിയാകുമെന്ന് അദ്ദേഹം പറഞ്ഞു. ഫിനാന്‍സിംഗ്, മീഡിയ രംഗങ്ങളായിരിക്കും ഇതില്‍ മുന്നില്‍ നില്‍ക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2025 ആകുമ്പോഴേക്കും ലോകമെമ്പാടുമായി യന്ത്രവല്‍ക്കരണം 260 മില്ല്യണ്‍ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കും. യുഎസ് സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഇന്ത്യന്‍ ഐടി കമ്പനികള്‍ തദ്ദേശീയരെ നിയമിക്കാന്‍ പ്രേരിപ്പിക്കപ്പെടുകയായിരുന്നുവെന്ന് റിഷാദ് പ്രേംജി ചൂണ്ടിക്കാട്ടി. വസ്തുത, വിസ എന്നിവയില്‍ നിന്ന് ബിസിനസ് മാതൃക മാറ്റത്തെ വേര്‍തിരിക്കേണ്ടതുണ്ട്. രണ്ടും വ്യത്യസ്തമായ കാര്യങ്ങളാണ്. ഡിജിറ്റല്‍ ടെക്‌നോളജി മൂലം ബിസിനസ് മാതൃകയില്‍ മാറ്റംവരുത്താറുണ്ട്. വിസ നിയമങ്ങളിലെ മാറ്റം കൊണ്ടും ഇങ്ങനെ സംഭവിക്കാം-അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Business & Economy