കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചത് യുഎഇ മാര്‍ക്കറ്റിനെ ബാധിക്കില്ല

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചത് യുഎഇ മാര്‍ക്കറ്റിനെ ബാധിക്കില്ല
ജോര്‍ദാന്‍, ഈജിപ്റ്റ്, ഒമാന്‍, ലെബനന്‍, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 
ഉല്‍പ്പന്നങ്ങളാണ് വിലക്കിയത്

അബുദാബി: അറബ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം റംസാന്‍ മാസത്തെ ഉല്‍പ്പന്ന വിതരണത്തേയോ ഉല്‍പ്പന്നങ്ങളുടെ വിലയേയോ ബാധിക്കില്ലെന്ന് പാരിസ്ഥിതിക മന്ത്രാലയം പറഞ്ഞു. കഴിഞ്ഞ മാസമാണ് തെരഞ്ഞെടുത്ത രാജ്യങ്ങളില്‍ നിന്നുള്ള പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും യുഎഇ മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തിയത്.

ജോര്‍ദാന്‍, ഈജിപ്റ്റ്, ഒമാന്‍, ലെബനന്‍, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളെയാണ് വിലക്കിയത്. ഇവിടെ നിന്നുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങളിലെ കീടനാശിനികളുടെ അളവ് അനുവദിച്ചതിലും അധികമായതിനാലാണ് നടപടിയെടുത്തത്. മേയ് 15 മുതല്‍ നിരോധനം പ്രാബല്യത്തില്‍ വന്നു.

നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്ന വസ്തുക്കള്‍ ഇറക്കുമതി ചെയ്യാന്‍ പകരം മാര്‍ക്കറ്റുകള്‍ ഉള്ളതിനാല്‍ നിലവിലെ നടപടി വിപണിയിലെ ഉല്‍പ്പന്നങ്ങളുടെ അളവിനേയോ ഗുണനിലവാരത്തേയോ ബാധിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു. നിരോധനം ഏര്‍പ്പെടുത്തിയതിനോട് വളരെ വേഗത്തിലാണ് യുഎഇ മാര്‍ക്കറ്റ് പ്രതികരിച്ചതെന്നും മന്ത്രാലയം.

ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന തുര്‍ക്കി, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയ മറ്റ് കയറ്റുമതി രാജ്യങ്ങള്‍ക്ക് പുറമേ സൗദി അറേബ്യ, ഇന്ത്യ, പാക്കിസ്ഥാന്‍, മൊറോക്കോ, ടുണീഷ്യ, സൗത്ത് ആഫ്രിക്ക, നെതര്‍ലന്‍ഡ്‌സ്, മലേഷ്യ, ന്യൂസിലന്‍ഡ്, യുഎസ്, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ തുടങ്ങി. ഉപഭോക്താക്കള്‍ക്ക് ആരോഗ്യകരമായ ഉല്‍പ്പന്നങ്ങളാണ് ലഭിക്കുന്നതെന്ന് പ്രാദേശിക ഭരണകൂടം ഉറപ്പുവരുത്തണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

Comments

comments

Categories: World