ഏപ്രിലില്‍ ഇന്ത്യയുടെ കയറ്റുമതി 20% വര്‍ധിച്ചതായി റിപ്പോര്‍ട്ട്

ഏപ്രിലില്‍ ഇന്ത്യയുടെ കയറ്റുമതി 20% വര്‍ധിച്ചതായി റിപ്പോര്‍ട്ട്
വ്യാപാരക്കമ്മി 4.84 ബില്യണ്‍ ഡോളറില്‍ നിന്ന് 173.47 ശതമാനം ഉയര്‍ന്ന് 13.24 ബില്യണ്‍
ഡോളറായി

ന്യൂഡെല്‍ഹി: ഏപ്രിലില്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ 20 ശതമാനത്തിന്റെ വളര്‍ച്ച നിരീക്ഷിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്തെ കയറ്റുമതിയില്‍ തുടര്‍ച്ചയായി എട്ടാം മാസമാണ് വളര്‍ച്ച പ്രകടമാകുന്നതെന്നും കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

വാണിജ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയുടെ കയറ്റുമതിയില്‍ 19.77 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഏപ്രിലില്‍ വാര്‍ഷികാടിസ്ഥാനത്തില്‍നിരീക്ഷിച്ചിട്ടുള്ളത്. കയറ്റുമതി മൂല്യം 2016 ഏപ്രില്‍ മാസത്തെ 20.56 ബില്യണ്‍ ഡോളറില്‍ നിന്നും ഇക്കഴിഞ്ഞ ഏപ്രിലില്‍ 24.63 ബില്യണ്‍ ഡോളറില്‍ എത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. കയറ്റുമതിയില്‍ 2017 മാര്‍ച്ചില്‍ പ്രകടമായ ഇരട്ടയക്ക വളര്‍ച്ചയുടെ തുടര്‍ച്ച എന്നോണം ഏപ്രിലില്‍ 19.77 ശതമാനത്തിന്റെ വളര്‍ച്ച അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പെട്രോളിയം ഇതര ഉല്‍പ്പന്നങ്ങളുടെയും രത്‌നങ്ങളുടെയും ജുവല്‍റികളുടെയും കയറ്റുമതിയില്‍ 17.6 ശതമാനം വര്‍ധനയാണ് നിരീക്ഷിച്ചിട്ടുളളത്. ഈ വിഭാഗത്തില്‍ നിന്നുള്ള കയറ്റുമതി മൂല്യം 2016 ഏപ്രില്‍ മാസത്തെ 15,136.41 മില്യണ്‍ ഡോളറില്‍ നിന്നും 17,718.87 മില്യണ്‍ ഡോളറായി വര്‍ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നിരുന്നാലും, 2017 ഏപ്രിലില്‍ ഇന്ത്യയുടെ ഇറക്കുമതിയില്‍ 49.07 ശതമാനത്തിന്റെ വളര്‍ച്ചയാണ് പ്രകടമായിട്ടുള്ളത്. ഇറക്കുമതി മൂല്യം 37.88 ബില്യണ്‍ ഡോളറിലെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ മാസം ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി 30.12 ശതമാനം വര്‍ധിച്ച് 7.35 ബില്യണ്‍ ഡോളറിലെത്തി. ആഗോള ബ്രെന്റ് വിലയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഏപ്രിലില്‍ 25.40 ശതമാനത്തിന്റെ വര്‍ധന നിരീക്ഷിച്ചതായാണ് ലോക ബാങ്കിന്റെ കമ്മോഡിറ്റി പ്രൈസ് ഡാറ്റ വ്യക്തമാക്കുന്നതായും വാണിജ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എണ്ണ ഇതര ഇറക്കുമതി വിഭാഗത്തില്‍ 54.50 ശതമാനത്തിന്റെ വളര്‍ച്ചയാണുണ്ടായത്. അതായത്, 2016ല്‍ ഇതേ കാലയളവിലുണ്ടായിരുന്ന 19.75 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയെ അപേക്ഷിച്ച് നടപ്പു വര്‍ഷം ഏപ്രിലില്‍ 30.52 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയാണ് എണ്ണ ഇതര വിഭാഗത്തിലുണ്ടായത്.

ഏപ്രിലില്‍ വ്യാപാരക്കമ്മി 4.84 ബില്യണ്‍ ഡോളറില്‍ നിന്ന് 173.47 ശതമാനം ഉയര്‍ന്ന് 13.24 ബില്യണ്‍ ഡോളറായി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ലഭ്യമാക്കിയ സേവന കയറ്റുമതി സംബന്ധിച്ച വിവരങ്ങളും മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. നടപ്പു വര്‍ഷം മാര്‍ച്ചില്‍ 8,267 മില്യണ്‍ ഡോളറാണ് സേവന കയറ്റുമതി മൂല്യം കണക്കാക്കിയിട്ടുള്ളത്. ഫെബ്രുവരിയിലെ 3.76 ശതമാനം നെഗറ്റിവ് വളര്‍ച്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ മാര്‍ച്ചില്‍ 14.26 ശതമാനത്തിന്റെ മികച്ച വളര്‍ച്ചാ നിരക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

Comments

comments

Categories: Business & Economy