റഷ്യയ്ക്കു നിര്‍ണായക വിവരങ്ങള്‍ ട്രംപ് കൈമാറി

റഷ്യയ്ക്കു നിര്‍ണായക വിവരങ്ങള്‍ ട്രംപ് കൈമാറി

വാഷിംഗ്ടണ്‍: റഷ്യന്‍ വിദേശകാര്യമന്ത്രി, റഷ്യ അംബാസഡര്‍ എന്നിവരുമായി കഴിഞ്ഞയാഴ്ച യുഎസ് പ്രസിഡന്റ് ട്രംപ് വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ നിര്‍ണായക വിവരങ്ങള്‍ കൈമാറിയെന്ന് റിപ്പോര്‍ട്ട്. ഇസ്ലാമിക സ്റ്റേറ്റിനെ കുറിച്ച് അമേരിക്കയുടെ സഖ്യകക്ഷിയില്‍നിന്നും ഇന്റലിജന്‍സ് ശേഖരിച്ച അതീവ രഹസ്യസ്വഭാവം ഇതോടെ നഷ്ടപ്പെട്ടെന്നും മുതിര്‍ന്ന യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ ഉന്നത വൃത്തങ്ങളില്‍ മാത്രമായിരുന്നു ഐഎസിനെ കുറിച്ചുള്ള രഹസ്യ വിവരം സൂക്ഷിച്ചിരുന്നത്. എന്നാല്‍ ട്രംപ് ഇക്കാര്യം റഷ്യയുമായി പങ്കുവച്ചത് അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കു വന്‍ തിരിച്ചടിയായെന്നും വിലയിരുത്തലുണ്ട്.

റഷ്യയുമായുള്ള ട്രംപിന്റെ ബന്ധം സംശയനിഴലില്‍ തുടരവേയാണു പുതിയ സംഭവവികാസങ്ങള്‍ ഉരുത്തിരിഞ്ഞു വന്നിരിക്കുന്നത്. കഴിഞ്ഞയാഴ്ച എഫ്ബിഐ മേധാവി ജെയിംസ് കോമിയെ ട്രംപ് നീക്കം ചെയ്തത് വന്‍ വിവാദമായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഫലം അനുകൂലമാക്കാന്‍ ട്രംപ്, റഷ്യയുമായി സഹകരിച്ചിരുന്നെന്ന ആരോപണത്തില്‍ എഫ്ബിഐ അന്വേഷണം നടക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ട്രംപ് ജെയിംസ് കോമിയെ നീക്കം ചെയ്തത്. ഇതാവട്ടെ, വന്‍ വിവാദത്തിനു കാരണമാവുകയും ചെയ്തു. കോമിയെ നീക്കം ചെയ്തതിനു പിറ്റേ ദിവസം നടന്ന കൂടിക്കാഴ്ചയിലാണ് ട്രംപ് റഷ്യക്ക് ഐഎസിനെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ കൈമാറിയത്.

റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജിലാവ് റോവ്, നയതന്ത്ര പ്രതിനിധി സെര്‍ജി കിസില്‍യാക് തുടങ്ങിയവരുമായിട്ടായിരുന്നു ട്രംപിന്റെ കൂടിക്കാഴ്ച. വിമാനങ്ങളില്‍ ലാപ്‌ടോപ് കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഐഎസ് സ്‌ഫോടനം നടത്താന്‍ സാധ്യതയുണ്ടെന്നത് ഉള്‍പ്പെടെയുള്ള ഇന്റലിജന്‍സ് ശേഖരിച്ച കാര്യങ്ങള്‍ ട്രംപ് റഷ്യന്‍ ഉന്നതരുമായുള്ള കൂടിക്കാഴ്ചയില്‍ വിശദീകരിച്ചു. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് വൈറ്റ് ഹൗസ് അധികൃതര്‍ രംഗത്തുവന്നിട്ടുണ്ട്. റഷ്യന്‍ ഉന്നതരുമായി ട്രംപ്, തീവ്രവാദത്തെ കുറിച്ചാണു സംസാരിച്ചതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.

Comments

comments

Categories: Top Stories, World