സിപിപിഐബി- ഇന്‍ഡോസ്‌പേസ് സംയുക്ത സംരംഭം വരുന്നു

സിപിപിഐബി- ഇന്‍ഡോസ്‌പേസ് സംയുക്ത സംരംഭം വരുന്നു
ഇന്‍ഡോസ്‌പേസ് കോര്‍ എന്ന സംരംഭം ഇന്ത്യയിലെ ആധുനിക ലോജിസ്റ്റിക്‌സ് 
സൗകര്യങ്ങളുടെ ഏറ്റെടുക്കലുകളിലും വികാസത്തിലുമായിരിക്കും ശ്രദ്ധ പതിപ്പിക്കുക

മുംബൈ: പ്രമുഖ കനേഡിയന്‍ പെന്‍ഷന്‍ ഫണ്ടായ കാനഡ പെന്‍ഷന്‍ പ്ലാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡ് (സിപിപിഐബി) ഇന്‍ഡോസ്‌പേസുമായി സഹകരിച്ച് 500 മില്ല്യണ്‍ ഡോളറിന്റെ സംയുക്ത സംരംഭം രൂപീകരിക്കുന്നു. സ്വകാര്യ നിക്ഷേപ സ്ഥാപനം എവര്‍‌സ്റ്റോണ്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വെയര്‍ഹൗസിംഗ് കമ്പനികളിലൊന്നാണ് ഇന്‍ഡോസ്‌പേസ്. ഇന്‍ഡോസ്‌പേസ് കോര്‍ എന്ന് പേരിട്ടിരിക്കുന്ന സംയുക്ത കമ്പനിയില്‍ ഭൂരിഭാഗം ഓഹരികളും കൈയാളുക സിപിപിഐബിയായിരിക്കും.

ഇന്‍ഡോസ്‌പേസ് കോര്‍ എന്ന സംരംഭം ഇന്ത്യയിലെ ആധുനിക ലോജിസ്റ്റിക്‌സ് സൗകര്യങ്ങളുടെ ഏറ്റെടുക്കലുകളിലും വികാസത്തിലുമായിരിക്കും ശ്രദ്ധ പതിപ്പിക്കുക. ഇന്‍ഡോസ്‌പേസ് കാപ്പിറ്റല്‍ ഏഷ്യ പുതിയ സംരംഭത്തെ നിയന്ത്രിക്കും. കരാറിന്റെ ഭാഗമായി, നിലവിലെ ഇന്‍ഡോസ്‌പേസ് ഡെവലപ്‌മെന്റ് ഫണ്ടുകളില്‍ നിന്ന് ഏകദേശം 14 മില്ല്യണ്‍ ചതുരശ്രയടി വിസ്തീര്‍ണമുള്ള മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന 13 വ്യാവസായിക, ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍ ഇന്‍ഡോസ്‌പേസ് കോര്‍ ഏറ്റെടുക്കും.

സംയുക്ത സംരംഭത്തിന്റെ ഇടപാടുകള്‍ പൂര്‍ത്തീകരിക്കുമ്പോഴേക്കും ഒന്‍പത് മില്ല്യണ്‍ ചതുരശ്രയടി വിസ്തീര്‍ണമുള്ള ആദ്യ ഒന്‍പത് സ്ഥാപനങ്ങളുടെ ഏറ്റെടുക്കല്‍ നടത്തും. മറ്റുള്ളവയുടെ ഏറ്റെടുക്കലുകള്‍ 24 മാസങ്ങള്‍ക്കുള്ളിലും പൂര്‍ത്തിയാക്കുമെന്നും സിപിപിഐബി പ്രസ്താവനയില്‍ അറിയിച്ചു. ഇത് കൂടാതെ, ആകെ 11 മില്ല്യണ്‍ ചതുരശ്രയടി വിസ്തീര്‍ണമുള്ള വ്യവസായ, ലോജിസ്റ്റിക് പാര്‍ക്കുകള്‍ കൂടി സ്വന്തമാക്കാന്‍ ഇന്‍ഡോസ്‌പേസ് കോര്‍ ആലോചിക്കുന്നുണ്ട്. ഏകദേശം 700 മില്ല്യണ്‍ ഡോളര്‍ ഇതിനുവേണ്ടി ചെലവിടേണ്ടിവരുമെന്നാണ് കരുതുന്നത്. ഇന്ത്യയിലെ മൂന്നാം കക്ഷികളില്‍ നിന്ന് വളര്‍ച്ച കൈവരിച്ച ആസ്തികള്‍ ഏറ്റെടുക്കാനും അവര്‍ നീക്കമിട്ടുവരുന്നു.

ഇന്ത്യയിലെ ഉല്‍പ്പാദന മേഖലയിലും ചില്ലറ വ്യാപാര രംഗത്തും നിലനില്‍ക്കുന്ന ശക്തമായ അടിസ്ഥാന ഘടകങ്ങളുടെ ആവശ്യവും ഇ-കൊമേഴ്‌സിലെ വളര്‍ച്ചയും ഉയര്‍ന്ന ഗുണമേന്മയുള്ള ആധുനിക ഇന്‍ഡസ്ട്രിയല്‍ റിയല്‍ എസ്റ്റേറ്റിന്റെ കുറഞ്ഞ സ്റ്റോക്കും മികച്ച നിക്ഷേപഅവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. വളരെ വേഗം വളരുന്ന ലോജിസ്റ്റിക്‌സ് മേഖലയില്‍ തന്ത്രപ്രധാനമായ വികസന പാതയില്‍ എത്തിച്ചേരുന്നതിനും പുതിയ സംരംഭം വഴിയൊരുക്കും-സിപിപിഐബിയുടെ റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് (യൂറോപ്പ്) വിഭാഗം തലവനും മാനേജിംഗ് ഡയറക്റ്ററുമായ ആന്‍ഡ്രിയ ഓര്‍ലാന്‍ഡി പറഞ്ഞു. ചെന്നൈ, പൂനെ, മുംബൈ, ഡെല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളിലെ ഇന്‍ഡസ്ട്രിയല്‍, ലോജിസ്റ്റിക്‌സ് ഹബ്ബുകളിലാണ് വെയര്‍ഹൗസുകള്‍ സ്ഥിതി ചെയ്യുന്നത്.

Comments

comments

Categories: Business & Economy