തൊഴിലുറപ്പ് പദ്ധതിയിലൂടെ ലിംഗസമത്വം കൈവരിക്കാനാകുമോ?

തൊഴിലുറപ്പ് പദ്ധതിയിലൂടെ ലിംഗസമത്വം കൈവരിക്കാനാകുമോ?
പുരുഷാധിപത്യം നിലനില്‍ക്കുന്ന ഇന്ത്യയിലും തൊഴിലുറപ്പുപദ്ധതി പോലുള്ള ദാരിദ്ര്യ
നിര്‍മ്മാര്‍ജനപദ്ധതികളില്‍ ലിംഗവിവേചനം പ്രകടമാണ്. എങ്കിലും പദ്ധതിയുടെ സ്ത്രീ 
സൗഹൃദസ്വഭാവം ഈ ദിശയില്‍ മാറ്റത്തിനു തുടക്കമിടുന്നു

2017-18 ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ 7.4 ബില്ല്യണ്‍ ഡോളറാണ് മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്ക് (എംജിഎന്‍ആര്‍ഇജിഎ) അനുവദിച്ചത്. പദ്ധതിയുടെ ചരിത്രത്തില്‍ സര്‍ക്കാര്‍ അനുവദിച്ച ഏറ്റവും വലിയ തുകയാണിത്. ഗ്രാമീണപ്രദേശങ്ങളിലെ കുറഞ്ഞത് ഒരു കുടുംബാംഗത്തിന് വര്‍ഷത്തില്‍ 100 ദിവസത്തെ തൊഴില്‍ ഉറപ്പുവരുത്തുക എന്നതാണ് ലക്ഷ്യമിടുന്നത്. പ്രതിവര്‍ഷം 43 ദശലക്ഷം കുടുംബങ്ങളാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കളായി മാറുന്നത്.

രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളിലുള്ള ദരിദ്രജനവിഭാഗങ്ങള്‍ക്ക് തൊഴിലും വരുമാനവും സാധ്യമാക്കുക എന്നതായിരുന്നു തൊഴിലുറപ്പു പദ്ധതിയുടെ പ്രധാനലക്ഷ്യം. പദ്ധതിപ്രകാരം കൂടുതലും ഗുണം ലഭിച്ചിരിക്കുന്നത് സ്ത്രീകള്‍ക്കാണ് എന്നതാണ് ഇതിന്റെ രസകരമായ വശം. പ്രാരംഭം മുതല്‍ സ്ത്രീകളുടെ മികച്ച പങ്കാളിത്തമാണ് പദ്ധതിക്ക് ലഭിച്ചുവരുന്നത്. 2006-07 കാലഘട്ടത്തില്‍ 40.06 ശതമാനം സ്ത്രീകള്‍ ഇതിന്റെ ഭാഗമായിരുന്നെങ്കില്‍ 2014-15 എത്തിയപ്പോള്‍ അത് 55.5 ശതമാനമായി ഉയര്‍ന്നു.

പദ്ധതിയുടെ ആവിഷ്‌ക്കരണം സ്ത്രീകളുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവരാനും, അവരെ ജീവിത വിജയത്തിലേക്ക് എത്തിക്കുന്നതിനും സഹായകമായി. മൂന്നിലൊന്ന് തൊഴില്‍ദിനങ്ങള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുള്ളവയാണ്. മാത്രമല്ല, തൊഴിലിടത്തില്‍ അമ്മയുടെ കൂടെ ആറുവയസില്‍ താഴെയുള്ള അഞ്ചുകുട്ടികളെങ്കിലും ഉണ്ടെങ്കില്‍ അവരെ സംരക്ഷിക്കുന്നതിനായുള്ള സൗകര്യങ്ങളും ജോലിസ്ഥലത്ത് ക്രമീകരിക്കേണ്ടതാണ്. എംജിഎന്‍ആര്‍ഇജിഎയുടെ കീഴിലുള്ള തൊഴിലുകള്‍ പങ്കാളിത്ത അടിസ്ഥാനത്തിലാണ് നടന്നുവരുന്നത്. ഇതില്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന വേതനം അവരുടെ ബാങ്ക് എക്കൗണ്ട് വഴിയാണ് കൈമാറുന്നത്.

പദ്ധതിപ്രകാരം ജോലി ചെയ്യുന്നവര്‍ക്ക് പുറത്ത് ജോലിചെയ്യുന്നതിനേക്കാള്‍ കുറവ് ശമ്പളമാണ് നല്‍കി വരുന്നതെങ്കിലും ഇത് ആകര്‍ഷകം തന്നെയാണ്, പ്രത്യേകിച്ച് പുറത്ത് സ്ത്രീകള്‍ക്ക് ലഭിക്കുന്ന ശമ്പളം പുരുഷന്മാരുടേതിനേക്കാള്‍ വളരെ കുറവായിരിക്കുമെന്നതിനാല്‍. പുരുഷാധിപത്യമുള്ള രാജ്യങ്ങളില്‍ വീടിനു വെളിയില്‍ പോയി ജോലി ചെയ്യുന്ന സ്ത്രീകളെക്കുറിച്ചുള്ള കാഴ്ചപ്പടുകളും അവരോടുള്ള സമീപനവും മോശമായിരിക്കും. അവര്‍ക്ക് പല സാഹചര്യങ്ങളിലും അവഗണന നേരിടേണ്ടി വരുന്നു. തൊഴില്‍രംഗത്തു സ്ത്രീപങ്കാളിത്തം കുറഞ്ഞു വരുന്ന രാജ്യങ്ങളില്‍ ഇന്ത്യയും സ്ഥാനം പിടിച്ചിട്ടുണ്ട്.

വിദ്യാഭ്യാസത്തില്‍ നിന്ന് സ്ത്രീകളും പെണ്‍കുട്ടികളും ഒഴിഞ്ഞു നില്‍ക്കുന്നതാണ് ഇതിന് പ്രധാന കാരണം. തൊഴിലവസരങ്ങളില്‍ കുറവുണ്ടാകുന്ന സാഹചര്യങ്ങളില്‍ തൊഴില്‍ വിപണിയില്‍ നിന്നും സ്ത്രീകള്‍ പുരുഷന്‍മാരാല്‍ പുറന്തള്ളപ്പെടുന്ന പ്രവണതയുമുണ്ട്. എംജിഎന്‍ആര്‍ഇജിഎ പശ്ചാത്തലത്തിലും ഇതുതന്നെയാണ് പ്രതിഫലിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയെന്നത് സ്വയം തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിലുള്ളതാണ്. വരുമാനം ആവശ്യമുള്ള ആര്‍ക്കും ഇതില്‍ അണിചേരാന്‍ സാധിക്കും. വരുമാനം കുറഞ്ഞ ഗ്രൂപ്പുകള്‍ക്കിടയില്‍ പുരുഷന്‍മാരാണ് കൂടുതല്‍ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായിട്ടുള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്. പുരുഷന്‍മാര്‍ക്ക് മറ്റ് അവസരങ്ങള്‍ ലഭ്യമായിട്ടുള്ള സാഹചര്യത്തില്‍ മാത്രമാണ് സ്ത്രീകള്‍ ഇതിലേക്ക് വരുന്നത്. സ്ത്രീകള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുന്ന കുടുംബങ്ങളിലെ ശരാശരി വരുമാനം,

പുരുഷന്‍മാര്‍ ജോലി ചെയ്യുന്ന കുടുംബങ്ങളുടെ വരുമാന ശരാശരിയേക്കാള്‍ 16 ശതമാനം കൂടുതലാണ്. തൊഴിലുറപ്പ് പദ്ധതി സ്ത്രീകളെ ശാക്തീകരിക്കുന്നുവെന്ന വാദം ഉയരുമ്പോള്‍ തന്നെ അവര്‍ക്ക് കുടുംബത്തില്‍ സാമ്പത്തികമായ തീരുമാനങ്ങളിലും ആരോഗ്യപരമായ തീരുമാനങ്ങളിലും മേല്‍ക്കൈ ലഭിക്കുന്നുണ്ടോ എന്നതുകൂടി പരിശോധിക്കേണ്ടതുണ്ട്. സ്ത്രീകളുടെയും പുരുഷന്‍മാരുടെയും കര്‍ത്തവ്യത്തെ കുറിച്ചുള്ള സാമൂഹികമായ കാഴ്ചപ്പാടില്‍ ഇതുവഴി എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ടോ? ഗ്രാമീണ മേഖലയിലെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന അസൗകര്യങ്ങള്‍ക്ക് ഇത് പ്രതിവിധിയാകുന്നുണ്ടോ? സമത്വപൂര്‍ണമായ ഒരു സാഹചര്യം സൃഷ്ടിക്കപ്പെടുന്നുണ്ടോ? തുടങ്ങി നിരവധി ചോദ്യങ്ങളാണ് ഇവിടെ ഉയരുന്നത്.

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുന്ന സ്ത്രീകളും മുതിര്‍ന്ന പെണ്‍കുട്ടി സ്‌കൂളുകളില്‍ ചെലവഴിക്കുന്ന സമയവും തമ്മില്‍ നമുക്ക് ഒരു ഗുണപരമായ ബന്ധം കണ്ടെത്താന്‍ സാധിക്കും. എന്നാല്‍ 33 പ്രവൃത്തി ദിവസങ്ങള്‍ക്കപ്പുറം ഇത് നേര്‍ വിപരീതമായി കാണപ്പെടും. പൂര്‍ണമായി വിലയിരുത്തുകയാണെങ്കില്‍ ഇന്ത്യന്‍ സമൂഹത്തിലെയും കുടുംബങ്ങളിലെയും ലിംഗപരമായ ബന്ധങ്ങളിലെ പരിവര്‍ത്തനത്തിലേക്ക് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നയിക്കുന്നുവെന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. തൊഴിലുറപ്പു നല്‍കി ഗ്രാമീണ മേഖലകളിലെ സ്ത്രീകളെ ശാക്തീകരിക്കുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്. കുടുംബങ്ങളില്‍ തീരുമാനങ്ങളെടുത്ത് മുന്നോട്ട് പോകാന്‍ ഇത് അവരെ പ്രാപ്തരാക്കുന്നു.

പെണ്‍കുട്ടികള്‍ വിദ്യാലയങ്ങളില്‍ ചെലവഴിക്കുന്ന ദിവസങ്ങളില്‍ മികച്ച മുന്നേറ്റമുണ്ടാക്കാന്‍ ഇതിലൂടെ സാധിച്ചിട്ടുണ്ട്. ഗ്രാമീണ മേഖലകളില്‍ സ്ത്രീകളുടെ വേതനം മെച്ചപ്പെടുത്താനും ഇതുവഴി സാധിച്ചു. എന്നാല്‍ ഒരു കുടുംബത്തിന് 100 തൊഴില്‍ ദിനങ്ങള്‍ നല്‍കുന്നത് വിശാലമായ സാമൂഹ്യ തലത്തില്‍ സ്ത്രീകളുടെ കഴിവുകളിലും പ്രവര്‍ത്തനങ്ങളിലും മാറ്റങ്ങള്‍ വരുത്താന്‍ പര്യാപ്തമല്ല. എല്ലാ തലത്തിലും സ്ത്രീകളുടെ തൊഴിലിനെ പ്രോല്‍സാഹിപ്പിക്കുന്ന നയങ്ങള്‍ ഇതോടൊപ്പം തന്നെ ആവിഷ്‌കരിക്കണം. തുല്യ വേതനം ഉറപ്പു വരുത്തുന്നതുപോലുള്ള നയങ്ങള്‍ സ്വീകരിക്കണം. എങ്കില്‍ മാത്രമേ ലിംഗസമത്വം പോലുള്ള വിഷയങ്ങളില്‍ മുന്നേറ്റം കൈവരിക്കാന്‍ സാധിക്കുകയുള്ളൂ. എന്നിരുന്നാലും തൊഴിലുറപ്പു പദ്ധതിയുടെ സ്ത്രീ സൗഹൃദസ്വഭാവം ഇതിലേക്ക് നയിക്കാന്‍ സഹായിക്കും.

Comments

comments

Categories: FK Special, Women