മള്‍ട്ടിമോഡല്‍ ലോജിസ്റ്റിക് പാര്‍ക്ക് പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

മള്‍ട്ടിമോഡല്‍ ലോജിസ്റ്റിക് പാര്‍ക്ക് പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍
പദ്ധതിക്കായി 33,000 കോടി നിക്ഷേപിക്കും

ന്യൂഡെല്‍ഹി: രാജ്യത്തെ ലോജിസ്റ്റിക്‌സ് ചെലവ് കുറക്കുകയെന്ന ഉദ്ദേശ്യത്തോടെ ഇന്ത്യയിലെ 15 സ്ഥലങ്ങളില്‍ മള്‍ട്ടിമോഡല്‍ ലോജിസ്റ്റിക്‌സ് പാര്‍ക്ക് നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നു. ഇതിനായി 33,000 കോടി രൂപയാണ് സര്‍ക്കാര്‍ നിക്ഷേപിക്കുക. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ ലോജിസ്റ്റിക്‌സ് എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാമിനു കീഴിലായിരിക്കും ലോജിസ്റ്റിക് പാര്‍ക്കുകള്‍ ആരംഭിക്കുക. ചരക്കുഗതാഗതത്തിന്റെയും സംഭരണത്തിന്റെയും ചെലവ് കുറക്കാനും ഗതാഗത മലിനീകരണം കുറക്കാനും ഈ ലോജിസ്റ്റിക് പാര്‍ക്കുകള്‍ സഹായിക്കുമെന്നാണ് കരുതുന്നത്.

ഇത്തരത്തിലൊരു പാര്‍ക്ക് പദ്ധതിക്കായി ന്യൂഡെല്‍ഹിയില്‍ നടന്ന ചടങ്ങില്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ തമിഴ്‌നാട് വ്യവസായ വികസന കോര്‍പ്പറേഷനുമായി കരാര്‍ ഒപ്പുവെച്ചുകഴിഞ്ഞു. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി തമിഴ്‌നാട് വ്യവസായ മന്ത്രി എം സി സമ്പത്ത് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. തമിഴ്‌നാട്ടിലെ കാമരാജര്‍ പോര്‍ട്ടിനടുത്ത് പൊന്നേരി ഇന്‍ഡസ്ട്രിയല്‍ നോഡ് പ്രദേശത്താണ് പാര്‍ക്ക് വിഭാവന ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ ഏകീകൃതവും വിവിധ മാതൃകകളിലൂടെയുമുള്ള ഗതാഗത അടിസ്ഥാന സൗകര്യങ്ങളുംടെ വികസനത്തിന് കരാര്‍ വളരെ പ്രധാനപ്പെട്ടതാണെന്ന് നിതിന്‍ ഗഡ്കരി അഭിപ്രായപ്പെട്ടു. ചെന്നൈ പ്രദേശത്തെ പാര്‍ക്ക് പദ്ധതിക്കായി മാത്രം 1,295 കോടിയുടെ നിക്ഷേപമാണ് സര്‍ക്കാര്‍ നടത്തുന്നത്.

Comments

comments

Categories: Business & Economy