വിന്‍ഡോസ് പതിപ്പ് അപ്ഡേറ്റ് ചെയ്ത ശേഷം മാത്രമാകും ഈ എടിഎമ്മുകള്‍ തുറക്കുക
ന്യൂഡെല്‍ഹി: ലോകത്തിലെ നൂറോളം രാജ്യങ്ങള്‍ക്ക് നേരെ വ്യാപകമായുണ്ടായ സൈബര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബാങ്കുകള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായി പഴയ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാം എടിഎമ്മുകളും അടിയന്തരമായി അടച്ചിടാനാണ് ആര്‍ബിഐ നിര്‍ദേശിച്ചിരിക്കുന്നത്.
രാജ്യത്തെ 60 ശതമാനത്തോളം അതായത് 2.25 ലക്ഷം എടിഎമ്മുകളും കാലഹരണപ്പെട്ട വിന്‍ഡോസ് എക്സ്പി ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന എടിഎമ്മുകള്‍ അടച്ചു പൂട്ടാനാണ് ആര്‍ബിഐയുടെ നിര്‍ദേശം. ഇത് എളുപ്പത്തില്‍ ആക്രമിക്കാന്‍ പറ്റുന്നവയാണെന്നാണ് സൈബര്‍ വിദഗ്ധരുടെ വിലയിരുത്തല്‍. പുതിയ വിന്‍ഡോസ് പതിപ്പ് അപ്ഡേറ്റ് ചെയ്ത ശേഷം മാത്രം ഇവ തുറന്ന് പ്രവര്‍ത്തിച്ചാല്‍ മതിയെന്നാണ് റിസര്‍വ് ബാങ്ക് നല്കിയ നിര്‍ദേശത്തില്‍ പറയുന്നത്. രാജ്യത്ത് റാന്‍സംവെയര്‍ വൈറസ് ആക്രമണം നേരിട്ടതിനെ തുടര്‍ന്ന് പല പ്രമുഖ ബാങ്കുകളും ഞായറാഴ്ച തന്നെ തങ്ങളുടെ നെറ്റ്വര്ക്കുകളില് അപ്ഡേഷനുകള്‍ നടത്തിയിരുന്നു.
അതേസമയം നിലവിലെ സൈബര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിന്‍ഡോസ് എക്സ്പിക്ക് വേണ്ടി പ്രത്യേക സെക്യൂരിറ്റി പാച്ച് ലഭ്യമാക്കിയിട്ടുണ്ടെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചിട്ടുണ്ട്. 2014ല്‍ വിന്‍ഡോസ് എക്സ്പിയ്ക്ക് നല്കുന്ന പിന്തുണ മൈക്രോസോഫ്റ്റ് അവസാനിപ്പിച്ചിരുന്നു. പുതിയ വിന്‍ഡോസ് പതിപ്പിലേക്ക് മാറണമെന്ന് ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിരുന്നു. എന്നാല്‍ ഇത് പാലിക്കാത്ത കംപ്യൂട്ടര്‍ സംവിധാനങ്ങളാണ് ആക്രമണത്തിന് ഇരയായതെന്നാണ് മൈക്രോസോഫ്റ്റിന്റെ വിശദീകരണം. നൂറ്റമ്പതോളം രാജ്യങ്ങളിലെ രണ്ട് ലക്ഷം കംപ്യൂട്ടര്‍ ശൃംഖലകളെയാണ് സൈബര്‍ ആക്രമണം ബാധിച്ചത്. ഇന്ത്യയില്‍ നൂറുകണക്കിന് കംപ്യൂട്ടറുകളെ റാന്‍സംവെയര്‍ ബാധിച്ചുവെന്നാണ് വിലയിരുത്തല്‍.