വയനാട്ടിലും പത്തനംതിട്ടയിലും റാന്‍സംവെയര്‍ ആക്രമണം സ്ഥിരീകരിച്ചു

വയനാട്ടിലും പത്തനംതിട്ടയിലും റാന്‍സംവെയര്‍ ആക്രമണം സ്ഥിരീകരിച്ചു

തിരുവനന്തപുരം: ലോകത്തെ നടുക്കിയ റാന്‍സംവെയര്‍ സൈബര്‍ ആക്രമണം കേരളത്തിലും നടന്നതായി സ്ഥിരീകരണം. വയനാട്ടിലെയും പത്തനംതിട്ടയിലെയും പഞ്ചായത്ത് ഓഫീസുകളിലെ കംപ്യൂട്ടറുകള്‍ ആക്രമണത്തിനിരയായെന്നാണ് റിപ്പോര്‍ട്ട്. വയനാട് തരിയോട് പഞ്ചായത്തിലെയും പത്തനംതിട്ട കോന്നി അരുവാപ്പുലത്തെയും കംപ്യൂട്ടറുകളാണ് ആക്രമണത്തിനിരയായത്. തരിയോട് പഞ്ചായത്ത് ഓഫീസിലെ നാല് കംപ്യൂട്ടറുകള്‍ തകരാറിലായിട്ടുണ്ട്. ആക്രമണത്തിനിരയായ കംപ്യൂട്ടറിലെ ഫയലുകളൊന്നും തുറക്കാനാകുന്നില്ല. ഓഫീസിലെ മറ്റ് കംപ്യൂട്ടറുകള്‍ക്ക് കുഴപ്പമില്ലെന്നാണ് സൂചന.

വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് കംപ്യൂട്ടറുകളില്‍ സന്ദേശം കണ്ടത്. എന്താണെന്നു മനസിലാകാത്തതിനാല്‍ കംപ്യൂട്ടറുകള്‍ ഓഫ് ചെയ്തു. അവധിക്കുശേഷം തിരിച്ചെത്തി ഇന്നലെ രാവിലെ വീണ്ടും പരിശോധിച്ചപ്പോഴാണ് സൈബര്‍ ആക്രമണമാണെന്ന് മനസിലായത്. രണ്ട് മണിക്കൂറിനുള്ളില്‍ 300, 600 ഡോളറുകള്‍ വീതം നല്‍കിയില്ലെങ്കില്‍ കംപ്യൂട്ടറിലെ വിവരങ്ങള്‍ നശിപ്പിക്കുമെന്ന ഭീഷണിയും ഹാക്കര്‍മാര്‍ മുഴക്കിയിട്ടുണ്ട്. ആവശ്യപ്പെട്ട സമയത്തിനകം പണം നല്‍കിയില്ലെങ്കില്‍ തുക ഇരട്ടിയാക്കുമെന്ന മുന്നറിയിപ്പുമുണ്ട്. ഹാക്കര്‍മാര്‍ നല്‍കിയ ആദ്യ സമയപരിധി ചില കംപ്യൂട്ടറുകളില്‍ അവസാനിച്ചതായും കാണുന്നുണ്ട്.

വിന്‍ഡോ 7 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടറുകളെയാണ് വൈറസ് ബാധിച്ചത്. മിക്ക സര്‍ക്കാര്‍ വകുപ്പുകളിലും ലിനക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നതിനാല്‍ കേരളത്തില്‍ അക്രമണഭീഷണി കുറവാണെന്നാണ് വിലയിരുത്തിയിരുന്നത്. എന്നാല്‍, വയനാട്ടില്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവം കേരളത്തിലും ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. വാണാക്രൈ റാന്‍സംവെയര്‍ പ്രോഗ്രാമിന്റെ കൂടുതല്‍ അപകടകാരിയായ വാണാക്രൈ 2.0 എന്ന പുതിയ പതിപ്പ് കഴിഞ്ഞ ദിവസം മുതല്‍ കംപ്യൂട്ടറുകളെ ബാധിച്ചുതുടങ്ങിയിരുന്നു. എന്നാല്‍ വാരാന്ത്യ അവധി കഴിഞ്ഞ ഇന്നലെയാണ് പലയിടങ്ങളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്.

Comments

comments

Categories: Top Stories

Related Articles