ഡബ്ല്യുടിഒ സമ്മേളനത്തില്‍ നിക്ഷേപ അജണ്ട തടഞ്ഞെന്ന ആരോപണം ഇന്ത്യ തള്ളി

ഡബ്ല്യുടിഒ സമ്മേളനത്തില്‍ നിക്ഷേപ അജണ്ട തടഞ്ഞെന്ന ആരോപണം ഇന്ത്യ തള്ളി
ആഭ്യന്തര നയവുമായി ബന്ധപ്പെട്ട ഒരു കാര്യത്തെ മാത്രമാണ് എതിര്‍ത്തത്

ന്യൂഡെല്‍ഹി: വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍ യോഗത്തില്‍ ആഗോളതലത്തില്‍ നിക്ഷേപ മാനദണ്ഡങ്ങള്‍ ലഘൂകരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള അജണ്ട തടഞ്ഞുവെന്ന ആരോപണങ്ങളെ ഇന്ത്യ തളളി. യോഗത്തിന്റെ അജണ്ട സംബന്ധിച്ച് ഒരു കാര്യത്തില്‍ മാത്രമാണ് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുള്ളതെന്നും അത് ആഭ്യന്തര നയവുമായി ബന്ധപ്പെട്ടതും ട്രേഡ് ബോഡിയുടെ പരിധിക്ക് പുറത്തുള്ളതുമായ കാര്യമാണെന്നും ഇന്ത്യ വ്യക്തമാക്കി. വിവിധ രാജ്യങ്ങളിലെ നിക്ഷേപ സൗഹൃദ അന്തരീക്ഷം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഈ മാസം പത്താം തിയതി ലോക വ്യാപാര സംഘടനയുടെ ജനറല്‍ കൗണ്‍സില്‍ യോഗം വിളിച്ചുചേര്‍ത്തിരുന്നു.

എന്നാല്‍, ഇക്കാര്യത്തില്‍ ഇന്ത്യ എതിര്‍പ്പു പ്രകടിപ്പിച്ചുവെന്നാണ് ആരോപണം. ബ്രിക്‌സ് രാഷ്ട്രങ്ങള്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഇന്ത്യ ഉന്നയിച്ച എതിര്‍പ്പിനെതിരേ രംഗത്തെത്തിയിരുന്നു. വ്യാപാര നിക്ഷേപ മാനദണ്ഡങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള അജണ്ട ഇന്ത്യ തടയുന്നതായും ചിലര്‍ ആരോപിച്ചു. അതേസമയം, ആരോപണത്തിനു ഹേതുവായ ഐറ്റം ഉള്‍പ്പെടുത്താതെ ഈ അജണ്ട ചര്‍ച്ച ചെയ്യുന്നതിനെ ഇന്ത്യ സന്തോഷത്തോടെ അംഗീകരിക്കുമെന്നാണ് വാണിജ്യ മന്ത്രാലയത്തില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചത്. നിക്ഷേപവും നിക്ഷേപ സൗകര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ആഭ്യന്തര നയത്തിന്റെ ഭാഗമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അജണ്ട തടഞ്ഞുവെന്ന ആരോപണങ്ങളെയും ഇന്ത്യ എതിര്‍ത്തു.

നിക്ഷേപം നിയന്ത്രിക്കുന്നതിനുള്ള രാജ്യങ്ങളുടെ അധികാരം നിഷേധിച്ചുകൊണ്ട് നിക്ഷേപവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചചെയ്യപ്പെടേണ്ടതില്ലെന്ന നിലപാടാണ് ലോക വ്യാപാര സംഘടനയില്‍ ഇന്ത്യ എല്ലായ്‌പ്പോഴും സ്വീകരിച്ചിരുന്നത്. നിക്ഷേപവുമായും നിക്ഷേപ സൗകര്യങ്ങളുമായും ബന്ധപ്പെട്ട് ആകെ അഞ്ച് നിര്‍ദേശങ്ങളാണ് ലോക വ്യാപാര സംഘടനയ്ക്കു മുന്‍പാകെ സമര്‍പ്പിക്കപ്പെട്ടിട്ടുളളത്. ബ്രസീലും അര്‍ജന്റീനയും സംയുക്തമായി ചേര്‍ന്നാണ് ഒരു നിര്‍ദേശം മുന്നോട്ടുവട്ടത്. ചൈന സ്വന്തമായി നിലപാട് വ്യക്തമാക്കി.

മെക്‌സികോ, ഇന്തോനേഷ്യ, കൊറിയ, തുര്‍ക്കി, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ ചേര്‍ന്നുള്ള മിക്ടാ ഗ്രൂപ്പില്‍ നിന്നായിരുന്നു ഒരു പേപ്പര്‍ സമര്‍പ്പിക്കപ്പെട്ടത്. പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള എട്ടു രാജ്യങ്ങള്‍,’ഫ്രണ്ട്‌സ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ഫെസിലിറ്റേഷന്‍ ഫോര്‍ ഡെവലപ്പ്‌മെന്റ്’ എന്ന പേരില്‍ നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ട്. റഷ്യയും ഇക്കാര്യത്തില്‍ ഒരു പേപ്പര്‍ മുന്നോട്ടുവച്ചു. നിക്ഷേപ സൗകര്യത്തിനു വേണ്ടിയുള്ള ബഹുരാഷ്ട്ര സംവിധാനത്തില്‍ ആശങ്ക നിലനില്‍ക്കുന്നതായി റഷ്യ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നേരത്തെ, ജി 20 സാങ്കേതിക വിദഗ്ദ്ധരുടെ യോഗത്തില്‍ നിക്ഷേപം സംബന്ധിച്ച് ഒരു ബഹുരാഷ്ട്ര കരാറിനായി മറ്റ് പല രാജ്യങ്ങളും നടത്തുന്ന ശ്രമങ്ങളെ ഇന്ത്യയും അമേരിക്കയും ദക്ഷിണാഫ്രിക്കയും എതിര്‍ത്തിരുന്നു.

Comments

comments

Categories: Business & Economy