ചൈനയുടെ ബെല്‍റ്റ് റോഡ് സമ്മേളനം ഇന്ത്യ ബഹിഷ്‌കരിച്ചു

ചൈനയുടെ ബെല്‍റ്റ് റോഡ് സമ്മേളനം ഇന്ത്യ ബഹിഷ്‌കരിച്ചു
അര്‍ത്ഥവത്തായ സംവാദത്തിന് ചൈന തയാറാകുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ
മന്ത്രാലയം

ന്യൂഡെല്‍ഹി: ചൈനയുടെ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് (ഒബിഒഇആര്‍) പദ്ധതിയുടെ ഭാഗമാകുന്നതിന് ഇന്ത്യ വിസമ്മതിച്ചു. ഇന്നലെ ബെയ്ജിംഗില്‍ ആരംഭിച്ച വണ്‍ ബെല്‍റ്റ് വണ്‍ റോഡ് ദ്വിദിന ഉച്ചകോടി ബഹിഷ്‌കരിച്ചുകൊണ്ടായിരുന്നു ഇന്ത്യയുടെ പിന്മാറ്റം. പാക് അധീന കശ്മീരിലൂടെ കടന്നുപോകുന്ന 46 ബില്യണ്‍ ഡോളര്‍ പദ്ധതിയായ പാക്- ചൈന സാമ്പത്തിക ഇടനാഴി സംബന്ധിച്ച എതിര്‍പ്പുകളെ തുടര്‍ന്നാണ് ഇന്ത്യ ഉച്ചകോടിയില്‍ നിന്ന് പിന്‍വലിഞ്ഞത്.

ഇന്ത്യയുടെ പരമാധികാരത്തെയും ഭൗമപരമായ അന്തസിനെയും അവഗണിക്കുന്നതാണ് ഈ പദ്ധതി എന്ന വിലയിരുത്തലിലാണ് വിട്ടുനില്‍ക്കുന്നതെന്ന് വണ്‍ ബെല്‍റ്റ് പദ്ധതിയില്‍ പ്രഥമ പങ്കാളികളായ ഒപെക് രാഷ്ട്രങ്ങളെ പരാമര്‍ശിച്ചുകൊണ്ട് വിദേശകാര്യ വക്താവ് ഗോപാല്‍ ബാഗ്‌ലേ അറിയിച്ചു. വിവിധ രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പദ്ധതികള്‍ രാജ്യങ്ങളുടെ പരമാധികാരവും അതിര്‍ത്തിയും ബഹുമാനിക്കുന്നതായിരിക്കണമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു. ഈ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് കണക്കിലെടുത്തി അര്‍ത്ഥവത്തായ സംവാദങ്ങള്‍ക്ക് കണക്റ്റിവിറ്റി പദ്ധതിയുടെ ഭാഗമായി ചൈന തയാറാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നുു.

ബെല്‍റ്റ് റോഡ് പദ്ധതി സാമ്പത്തിക വളര്‍ച്ചയും വികസന തുല്യതയും കൈവരിക്കുന്നതിന് സഹായിക്കുമെന്നും ഇത്തരത്തിലുള്ള ആദ്യ ചുവടുവെപ്പായിരിക്കുമിതെന്നും ഇന്ത്യയുടെ അഭാവത്തില്‍ ഇന്നലെ ആരംഭിച്ച ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ് പറഞ്ഞു. രാജ്യങ്ങളുടെ പരസ്പര സഹകരണം ഉറപ്പുവരുത്തുന്നതിന് തുറസ്സായ ഒരിടം വികസിപ്പിക്കുമെന്നും തുറന്ന ലോക സമ്പദ്‌വ്യവസ്ഥയായി വളരുമെന്നും ജിന്‍പിംഗ് അഭിപ്രായപ്പെട്ടു. തുറന്ന സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കുന്നതിലുള്ള മറ്റ് രാഷ്ട്രങ്ങളുടെ ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു.

ചൈനയെ ലോക രാഷ്ട്രങ്ങളുമായി ബന്ധിപ്പിക്കുന്ന പുരാതന വ്യാപാര പാതകളില്‍ നിന്നും പ്രചോദനമുള്‍കൊണ്ടിട്ടുള്ള ‘നൂറ്റാണ്ടിന്റെ പ്രൊജക്റ്റ്’ എന്നാണ് ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയെ ചൈനീസ് പ്രസിഡന്റ് വിശേഷിപ്പിച്ചത്. ചൈന സില്‍ക്ക് റോഡ് ഫണ്ടിലേക്ക് 14.5 ബില്യണ്‍ ഡോളറും അദ്ദേഹം അധികമായി വാഗ്ദാനം ചെയ്തു. പദ്ധതിയില്‍ പങ്കെടുക്കുന്ന രാഷ്ട്രങ്ങള്‍ക്കായി 380 ബില്യണ്‍ യുവാനും, വരും വര്‍ഷങ്ങളില്‍ പദ്ധതിയുടെ ഭാഗമാകുന്നതിന് വികസ്വര രാഷ്ട്രങ്ങള്‍ക്കും അന്താരാഷ്ട്ര സംഘടനകള്‍ക്കുമായി 60 ബില്യണ്‍ യുവാനും അദ്ദേഹം വാഗ്ദാനം ചെയ്തു.

യൂറോപ്പിനെയും ഏഷ്യയുടെ ഭാഗങ്ങളെയും ചൈനയുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണ് വണ്‍ ബെല്‍റ്റ്, വണ്‍ റോഡ് പദ്ധതി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഇതു സംബന്ധിച്ച സമ്മേളനത്തില്‍ 20 രാഷ്ട്രത്തലവന്മാരാണ് പങ്കെടുക്കുന്നത്. പാകിസ്താനുമായി സഹകരിച്ച് ചൈന-പാക് സാമ്പത്തിക ഇടനാഴിയ്ക്ക് പുറമേ ഏഷ്യയുടെ വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളും പരിഗണനയിലുണ്ട്. തുറമുഖങ്ങള്‍, റെയ്ല്‍വേ ലൈനുകള്‍, വൈദ്യുതി ലൈനുകള്‍ എന്നിവ നിര്‍മിക്കുന്നതും പരിഗണനയിലുണ്ട്.

Comments

comments

Categories: Top Stories, World