ഐഐപിയില്‍ വേഗം കുറഞ്ഞ് മാനുഫാക്ചറിംഗ് രംഗം

ഐഐപിയില്‍ വേഗം കുറഞ്ഞ് മാനുഫാക്ചറിംഗ് രംഗം
ഡിസംബര്‍-മാര്‍ച്ച് കാലയളവില്‍ അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്

ന്യൂഡെല്‍ഹി: 2016-17 സാമ്പത്തിക വര്‍ഷം ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഉല്‍പ്പാദന രംഗത്തെ വളര്‍ച്ച കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയതായി പുതിയ വ്യാവസായിക ഉല്‍പ്പാദന സൂചിക (ഐഐപി) വ്യക്തമാക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നയം സൃഷ്ടിച്ച ആഘാതമാണ് മാനുഫാക്ചറിംഗ് രംഗത്തെ പ്രകടനത്തില്‍ പ്രതിഫലിച്ചതെന്നാണ് വിലയിരുത്തല്‍.

അസംഘടിത മേഖലയില്‍ നിന്നുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്താതെയുള്ളതാണ് പുതിയ ഐഐപി ഡാറ്റ. അതായത് ഡിസംബര്‍-മാര്‍ച്ച് കാലയളവില്‍ സംഘടിത മേഖലയില്‍ അനുഭവപ്പെട്ട മാന്ദ്യമാണ് സൂചികയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അസംഘടിത മേഖലയിലും കാര്യമായ ആഘാതമേറ്റിട്ടുണ്ട്. 2016 ഡിസംബര്‍ മുതല്‍ 2017 മാര്‍ച്ച് വരെയുള്ള കാലയളവില്‍ മാനുഫാക്ച്ചറിംഗ് രംഗത്തെ ശരാശരി വളര്‍ച്ചാ നിരക്ക് 1.6 ശതമാനം ആണ്. 2015-2016 സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 4.9 ശതമാനം വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയ സ്ഥാനത്താണിത്. 2014-2015ല്‍ 3.2 ശതമാനവും 2013-2014ല്‍ 3.7 ശതമാനവും വളര്‍ച്ചാ നിരക്കാണ് ഡിസംബര്‍-മാര്‍ച്ച് കാലയളവില്‍ രേഖപ്പെടുത്തിയത്. 2012-2013ലാണ് ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് (9.4%) രേഖപ്പെടുത്തിയത്.

പുതിയ സീരിസിന്റെ അടിസ്ഥാനത്തില്‍ 2016-17 സാമ്പത്തിക വര്‍ഷം മാനുഫാക്ച്ചറിംഗ് മേഖലയില്‍ 4.9 ശതമാനം വളര്‍ച്ചയാണുണ്ടായത്. തൊട്ടു മുന്‍ സാമ്പത്തിക വര്‍ഷം 3 ശതമാനം വളര്‍ച്ചാ നിരക്ക് മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതായത് 2017 സാമ്പത്തിക വര്‍ഷം ആദ്യ എട്ട് മാസങ്ങളിലെ വളര്‍ച്ചാ നിരക്ക് 2016 സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ അനുഭവപ്പെട്ടതിനേക്കാള്‍ കൂടുതലാണ്. 2016ലെ 2.1 ശതമാനം വളര്‍ച്ചാ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 2017ലെ ആദ്യത്തെ എട്ട് മാസം ശരാശരി 6.6 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് നിരീക്ഷിച്ചിട്ടുള്ളത്. നവംബറില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌ക്കരണം മാനുഫാക്ച്ചറിംഗ് രംഗത്തെ വളര്‍ച്ചാ നിരക്കില്‍ ഗണ്യമായ കുറവ് വരുത്തി എന്ന വസ്തുതയിലേക്കാണ് ഈ കണക്കുകള്‍ വിരല്‍ചൂണ്ടുന്നത്.

നോട്ട് അസാധുവാക്കല്‍ നയം സൃഷ്ടിച്ച ആഘാതങ്ങളില്‍ നിന്നും മാനുഫാക്ച്ചറിംഗ് രംഗം മുക്തമായിട്ടില്ലെന്ന സൂചനയാണ് പുതിയ ഐഐപി കണക്കുകള്‍ നല്‍കുന്നത്. നടപ്പു വര്‍ഷം ജനുവരിയില്‍ 3 ശതമാനം ആയിരുന്ന വളര്‍ച്ചാ നിരക്ക് ഫെബ്രവരിയില്‍ 1.4 ശതമാനമായി ഇടിഞ്ഞു. മാര്‍ച്ചില്‍ ഇത് വീണ്ടും ഇടിഞ്ഞ് 1.2 ശതമാനമായി. നോട്ട് പിന്‍വലിക്കല്‍ പ്രഹരത്തില്‍ നിന്നുള്ള മാനുഫാക്ചറിംഗ് മേഖലയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് മന്ദഗതിയിലാണെന്നും ഐഐപി വ്യക്തമാക്കുന്നു. അതേസമയം, വ്യാവസായിക ഉല്‍പ്പാദന രംഗത്തെ വളര്‍ച്ച മുന്‍ുള്ളതിനേക്കാള്‍ കൂടുതലാണെന്നാണ് ഐഐപി നല്‍കുന്ന സൂചന.

Comments

comments

Categories: Top Stories