ടിവിഎസ് അഞ്ച് രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കും

ടിവിഎസ് അഞ്ച് രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കും
ടിവിഎസ് മോട്ടോര്‍ കമ്പനി മധ്യ അമേരിക്കന്‍ കമ്പനിയായ മസേസയുമായി ആഗോള 
സഖ്യം സ്ഥാപിച്ചു

മുംബൈ : ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി മധ്യ അമേരിക്കന്‍ കമ്പനിയായ മസേസയുമായി ആഗോളതലത്തില്‍ സഖ്യം പ്രഖ്യാപിച്ചു. ഇതുവഴി മധ്യ അമേരിക്ക, ലാറ്റിന്‍ അമേരിക്ക, തെക്കുകിഴക്കനേഷ്യ, പശ്ചിമേഷ്യ എന്നിവിടങ്ങളിലെ അഞ്ച് വിപണികളിലേക്ക് ടിവിഎസ്സിന് പ്രവേശനം എളുപ്പമാകും. മധ്യ അമേരിക്കന്‍ വിപണികളില്‍ മോട്ടോര്‍സൈക്കിളുകളുടെയും ടുക് ടുക്കുകളുടെയും (ചെറിയ എന്‍ജിന്‍ ഓട്ടോറിക്ഷ) വാണിജ്യവല്‍ക്കരണ കാര്യങ്ങളില്‍ അഗ്രഗണ്യരാണ് ഗ്വാട്ടിമല ആസ്ഥാനമായ മസേസ. മധ്യ അമേരിക്ക, ലാറ്റിന്‍ അമേരിക്ക, തെക്കുകിഴക്കനേഷ്യ, പശ്ചിമേഷ്യ എന്നിവിടങ്ങളില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ടിവിഎസ് മോട്ടോര്‍ കമ്പനി മസേസയുമായി സഖ്യം സ്ഥാപിച്ചത്.

കരാറനുസരിച്ച് ഗ്വാട്ടിമല, എല്‍ സാല്‍വദോര്‍, ഹോണ്ടുറാസ്, നിക്കരാഗ്വ, കോസ്റ്റാ റിക്ക എന്നീ രാജ്യങ്ങളില്‍ ടിവിഎസ് മോട്ടോര്‍ കമ്പനിക്കായി മസേസ ഭൂമിയും വാണിജ്യ പരിസരങ്ങളും വികസിപ്പിക്കും. ഈ മേഖലയിലാകെ മസേസയ്ക്ക് നിലവില്‍ 500 ടച്ച് പോയന്റുകളുടെ ശൃംഖലയുള്ളതായി ടിവിഎസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ സര്‍വീസ് സെന്ററുകള്‍ മസേസ കൈകാര്യം ചെയ്യും. വേണ്ടത്ര പാര്‍ട്‌സുകള്‍ ഗ്വാട്ടിമല കമ്പനിയുടെ കൈവശം നല്‍കും. മസേസയുടെ മതിയായ പിന്തുണ ടിവിഎസ് ഉറപ്പുവരുത്തും. മേഖലയില്‍ അടുത്തിടെ നടക്കുന്ന പ്രധാന ബിസിനസ് സഖ്യമാണ് മസേസയുമായി ടിവിഎസ് ബ്രാന്‍ഡ് ഏര്‍പ്പെട്ടിരിക്കുന്നത്.

ഇവിടങ്ങളിലെ വിപണിയെക്കുറിച്ച് മസേസ കമ്പനിക്ക് ധാരാളം അനുഭവസമ്പത്തുണ്ടെന്നും മേഖലയിലെ ഉപയോക്താക്കളുടെ അവശ്യങ്ങള്‍ കമ്പനിക്ക് നല്ലപോലെ അറിയാമെന്നും ടിവിഎസ് മോട്ടോര്‍ കമ്പനി ഇന്റര്‍നാഷണല്‍ ബിസിനസ് സീനിയര്‍ വൈസ് പ്രസിഡന്റ് ആര്‍ ദിലീപ് വ്യക്തമാക്കി. മസേസയുടെ വിതരണ ശൃംഖലയാണ് ഈ തന്ത്രപരമായ പങ്കാൡത്തിന് കമ്പനിയെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ ഘട്ടത്തില്‍ അഞ്ച് പ്രദര്‍ശന-വില്‍പ്പന മുറികളാണ് മേഖലയില്‍ സ്ഥാപിക്കുന്നത്. മുഴുവന്‍ സ്‌പെയര്‍ പാര്‍ട്‌സുകളും ടെക്‌നിക്കല്‍ സേവനങ്ങളും ഇവിടെ ലഭ്യമായിരിക്കും. മധ്യ അമേരിക്കയിലുടനീളമുള്ള മസേസയുടെ അഞ്ഞൂറ് ഡീലര്‍മാരിലൂടെ ടിവിഎസ് വാഹനങ്ങള്‍ വില്‍ക്കും. അപ്പാച്ചെ ആര്‍ടിആര്‍ മോട്ടോര്‍സൈക്കിളുകള്‍ ഉള്‍പ്പെടെ എട്ട് മോട്ടോര്‍സൈക്കിള്‍ മോഡലുകള്‍ ടിവിഎസ് മസേസ സഖ്യത്തിലൂടെ വില്‍ക്കും. കൂടാതെ ടിവിഎസ് കിംഗ് ഡിഎല്‍എക്‌സ് ഓട്ടോറിക്ഷ, സ്‌കൂട്ടി സെസ്റ്റ് 110, വീഗോ 110 സ്‌കൂട്ടറുകളും വില്‍പ്പന നടത്തും.

Comments

comments

Categories: Auto