നൂറ്റാണ്ട് ആവശ്യപ്പെടുന്ന സംരംഭങ്ങള്‍

നൂറ്റാണ്ട് ആവശ്യപ്പെടുന്ന സംരംഭങ്ങള്‍
ഈ കാലഘട്ടത്തിന്റെ ജനപ്രിയമായ കിറുക്കന്‍ ആശയമാണ് ഫേസ്ബുക്ക് എന്നുപറയാം.
ഇത്തരത്തിലുള്ള ആശയങ്ങളാണ് ഇന്നത്തെ സംരംഭകത്വം ആവശ്യപ്പെടുന്നത്.

മനുഷ്യന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും തൃപ്തിപ്പെടുത്താന്‍ സാധനങ്ങളും സേവനങ്ങളും പ്രദാനം ചെയ്യുന്ന പ്രവൃത്തിയെന്ന ബിസിനസിന്റെ നിര്‍വ്വചനം മാറിയിരിക്കുന്നു. ഇത്തരം പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നവര്‍ ഏറെയുണ്ടെങ്കിലും അവര്‍ ബിസിനസ് എന്ന സംജ്ഞയുടെ ചെറിയ ഭാഗം മാത്രമാണെന്ന് ഇന്നു നമുക്കറിയാം. ഉപഭോക്താക്കള്‍ കാത്തിരിക്കുന്നത് ഏറ്റവും മികച്ചതിനു വേണ്ടിയാണ്. ക്രിയാത്മകവും പുതുമയുള്ളതും വേറിട്ടതുമായ ആശയമാണ് വിജയത്തിലേക്കുള്ള ആദ്യപടി. മാര്‍ക്ക് സക്കര്‍ബര്‍ഗ് എന്ന യുവാവിന്റെ കിറുക്കന്‍ ആശയമാണ് ഇന്നു ലോകം ജനപ്രിയ സാമൂഹ്യമാധ്യമമായി വാഴ്ക്കുന്ന ഫേസ്ബുക്ക്.

ഇരു വലിയൊരു മറ്റത്തിന്റെ മികച്ച ദൃഷ്ടാന്തമാണ്. ഒന്നര ദശകം മുമ്പ് വിവരസാങ്കേതികവിദ്യ സാമൂഹികലക്ഷ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്നു കേള്‍ക്കുന്നതേ വിചിത്ര ആശയമായിരുന്നു. എന്നാല്‍ ഇന്ന് ഫേസ്ബുക്കും ഇതര സാമൂഹ്യമാധ്യമങ്ങളും വരുത്തിയ വിപ്ലവം വളര്‍ന്ന് ലോകത്തെ സ്വാധീനിക്കുന്ന പ്രതിഭാസമായി മാറിയിരിക്കുന്നു. ഫേസ്ബുക്കിനേക്കാള്‍ വലിയ സാധ്യതകളാണ് ലോകം കാത്തിരിക്കുന്നത്. കൂടുതല്‍ ക്രിയാത്മമായ ആശയങ്ങള്‍ ഉള്ളവര്‍ക്കു വിജയം വാഗ്ദാനം ചെയ്യുന്ന ലോകമാണ് ഇന്നു നമുക്കുള്ളത്.

മാറ്റുവിന്‍ ചട്ടങ്ങളെ

ഏറ്റവും മികച്ച സേവനത്തിനും ഉല്‍പ്പന്നത്തിനും കാത്തിരിക്കുന്ന ഉപയോക്താക്കള്‍ ചട്ടങ്ങളെക്കുറിച്ചു വേവലാതിപ്പെടാറില്ല. ഓരോ സമയത്തും മാനദണ്ഡങ്ങള്‍ മാറിവരുന്നു. പ്രതീക്ഷിക്കുന്നതിനേക്കാള്‍ മികച്ച ഫലമാണ് ലഭിക്കാറുള്ളത്. നിലവിലെ കാഴ്ചപ്പാടുകളെ മാറ്റിമറിച്ച സംരംഭകനാണ് രാജ് സിംഗ്. ആകാശപ്പരസ്യങ്ങളാണ് ഇദ്ദേഹത്തിന്റെ സംരംഭം. ആകാശത്തു കൂടി തെന്നി നീങ്ങുന്ന പരസ്യ ബാനറുകള്‍ ആരെയും ആകര്‍ഷിക്കും. ഡ്രോണുകള്‍ വഴി വിക്ഷേപിക്കപ്പെടുന്ന പരസ്യങ്ങളുടെ ലക്ഷ്യം മൂന്നാം കക്ഷിയിലൂടെ ലഭിക്കുന്ന വ്യാപക പ്രചാരണം തന്നെ. ആകാശപരസ്യങ്ങള്‍ കണ്ടു നില്‍ക്കുന്നവരില്‍ ഉണര്‍ത്തുന്ന കൗതുകം അവരെ ചിത്രങ്ങളെടുക്കാനും സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാനും പ്രേരിപ്പിക്കുന്നു. അങ്ങനെ അറിയാതെ തന്നെ ജനം ബ്രാന്‍ഡിന്റെ പ്രചാരകരാകുകയും സംരംഭകന് സൗജന്യപരസ്യത്തിന്റെ ഗുണം ലഭിക്കുകയും ചെയ്യുന്നു.

ജനങ്ങളുടെ അഭിനിവേശം ആശയമാകട്ടെ

സ്വന്തം വിനോദങ്ങളെയും അഭിനിവേശങ്ങളെയും വരുമാനമാര്‍ഗങ്ങളാക്കുന്ന സംരംഭകര്‍ ധാരാളമുണ്ട്. എന്നാല്‍ അന്യരുടെ അഭിനിവേശങ്ങളെ ബിസിനസായി പരിവര്‍ത്തനം ചെയ്യിക്കാനാകുമോ എന്ന് ഇത്തരക്കാര്‍ ആലോചിക്കാറുണ്ടോ? ഫുട്‌ബോള്‍ മല്‍സരങ്ങള്‍ കാണാന്‍ ‘കാഴ്ചാകേന്ദ്രങ്ങള്‍’ ഒരുക്കി നല്‍കി പണം സമ്പാദിക്കുന്നവരുണ്ട് ലണ്ടനില്‍. നമ്മുടെ തൃശ്ശൂര്‍പൂരത്തിന് വെടിക്കെട്ടു കാണാന്‍ തേക്കിന്‍കാട് മൈതാനത്തിനു ചുറ്റുമുള്ള കെട്ടിടങ്ങള്‍ക്കു മുകളിലേക്ക് കാശു വാങ്ങി ആളെക്കേറ്റുന്നതു പോലെയാണിത്. ചാനലുകളുടെ കുത്തൊഴുക്കില്‍ ഫുട്‌ബോള്‍ ആരാധകരുടെ വലിയ വിഭാഗത്തെ ടിവി തട്ടിയെടുത്തെങ്കിലും ആ ആശയത്തിന് ഇന്നും പ്രാധാന്യമുണ്ട്. ഓഹിയോയിലെ ലൂര്‍ദ് സര്‍വ്വകലാശാല പ്രൊഫഷണല്‍ വീഡിയോ ഗെയിം കളിക്കാര്‍ക്ക് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതേ പോലെ പ്രദേശികമായി ജനങ്ങള്‍ അഭിനിവേശത്തോടെ സമീപിക്കുന്ന വിനോദങ്ങള്‍ ആസ്വദിക്കാന്‍ അവര്‍ക്ക് അവസരം നല്‍കുന്നത് വഴി വരുമാനമുണ്ടാക്കാം. ഇതു നിസാരമെന്നു കരുതി തള്ളിക്കളയേണ്ടതില്ല. 21-ാം നൂറ്റാണ്ടില്‍ ഏത് കിറുക്കന്‍ ആശയത്തിനും അവസരമുണ്ട് എന്നു മനസിലാക്കുകയാണു വേണ്ടത്.

ആശയങ്ങള്‍ രേഖപ്പെടുത്തുക

എപ്പോഴാണ് മികച്ച ആശയം ഉണ്ടാകുന്നതെന്നു പറയാനാകില്ല. ഇതെല്ലാം മനസില്‍ സൂക്ഷിച്ച് പിന്നീട് വികസിപ്പിക്കാമെന്നു കരുതുന്നത് അബദ്ധമാകും. സ്ഥല-കാല ഭേദമെന്യേ ഉരുവപ്പെടുന്ന ആശയങ്ങളെ രേഖപ്പെടുത്തി, പരിഷ്‌കരിച്ചു സൂക്ഷിക്കണം. ഇതിന് വിവരസാങ്കേതിക ഉപകരണങ്ങളായ ഗൂഗിള്‍ കീപ്പ്, ക്വൊയര്‍, പാപ്പിയര്‍ തുടങ്ങിയവയെ ആശ്രയിക്കാം. ഒരുബന്ധവുമില്ലാത്ത പ്രവൃത്തികള്‍ ചെയ്യുമ്പോഴായിരിക്കും മികച്ച ബിസിനസ് ആശയങ്ങള്‍ ലഭിക്കുന്നത്.

ഇത് രേഖപ്പെടുത്തി വെച്ച്, പിന്നീട് ശാന്തമായി ചിന്തിച്ച് ഇതിനെ മിനുക്കിയെടുക്കുകയാണു വേണ്ടത്. ചെറിയൊരു ആശയമോ അതിരു കടന്ന ചിന്തയോ പോലും അപൂര്‍വ്വമായ ഒരു ബിസിനസിന് വഴിമരുന്നിടാം. ആഗോള ബ്രാന്‍ഡായി മാറിയ എയര്‍ബിഎന്‍ബി തന്നെ ഉദാഹരണം. ഹ്രസ്വകാലത്തേക്ക് കുറഞ്ഞ വാടകയ്ക്ക് താമസസൗകര്യം ഏര്‍പ്പെടുത്തി നല്‍കുന്ന ഈ സംരംഭത്തിന്റെ തുടക്കം, സംരംഭകര്‍ക്ക് അപ്പാര്‍ട്ട്‌മെന്റ് വാടക താങ്ങാനാകാതെ വന്നപ്പോഴാണ്. വീടിന്റെ അതിഥിമുറിയില്‍ ഒരു എയര്‍ബെഡ് നല്‍കി മറ്റൊരാളെ കൂടെ താമസിപ്പിക്കാനുള്ള അവരുടെ തീരുമാനം വലിയൊരു ബിസിനസിനു തിരി കൊളുത്തുകയായിരുന്നു.

യാത്രാവേളകളില്‍ ഉപയോഗിക്കാവുന്ന

ഉപഭോക്താക്കളുടെ അടുത്തേക്കു വരുന്ന സേവനങ്ങളെയും ഉല്‍പ്പന്നങ്ങളെയുമാണ് ഇത് കൊണ്ട് വിവക്ഷിക്കുന്നത്. നമ്മുടെ യാത്രാവേളകളെ ഭംഗപ്പെടുത്താതെ സഹായിക്കുന്നവ മാത്രമല്ല, എവിടെയുമെത്തി കച്ചവടം എളുപ്പമാക്കുന്ന വിജയകരമായ ഏത് സംരംഭവും ഇക്കൂട്ടത്തില്‍പ്പെടും. സഞ്ചരിക്കുന്ന സൂപ്പര്‍മാക്കറ്റുകള്‍, ഉന്തുവണ്ടിക്കടകള്‍, മൊബൈല്‍ ശൗചാലയങ്ങള്‍ തുങ്ങിയവ ഉദാഹരണം. ചുരുക്കിപ്പറഞ്ഞാല്‍ ആശങ്ങളാണു ലോകം ഭരിക്കുന്നതെന്ന ആപ്തവാക്യം ഈ കാലഘട്ടത്തിനാണ് ഏറ്റവും ഇണങ്ങുന്നത്. വിജയസാധ്യത കൂടുതല്‍ കിറുക്കന്‍ ആശയങ്ങള്‍ക്കാണെന്നും പറയാം.

Comments

comments