50,000 രൂപയ്ക്കു താഴെയുള്ള ബെസ്റ്റ് സ്‌കൂട്ടറുകള്‍ ഇവയാണ്

50,000 രൂപയ്ക്കു താഴെയുള്ള ബെസ്റ്റ് സ്‌കൂട്ടറുകള്‍ ഇവയാണ്
നിരവധി വാഹനനിര്‍മ്മാതാക്കളുടെ ധാരാളം മോഡലുകള്‍ വിപണിയില്‍ കാണാമെന്നിരിക്കെ
സ്‌കൂട്ടര്‍ തെരഞ്ഞെടുക്കുമ്പോള്‍ ജാഗ്രത പാലിക്കുന്നതാണ് ഉചിതം

പുതിയ സ്‌കൂട്ടര്‍ വാങ്ങാന്‍ തയ്യാറെടുക്കുകയാണോ നിങ്ങള്‍ ? എന്നാല്‍ ഇന്ത്യന്‍ വിപണിയിലെ സ്‌കൂട്ടര്‍ ചോയ്‌സുകളാല്‍ നിങ്ങള്‍ ആശയക്കുഴപ്പത്തിലായേക്കും. ഇന്ത്യയിലെ ബെസ്റ്റ് സ്‌കൂട്ടര്‍ ഗണത്തില്‍പ്പെടുത്താവുന്ന 90 സിസിക്കും 150 സിസിക്കും ഇടയിലുള്ള നിരവധി സ്‌കൂട്ടര്‍ മോഡലുകളാണ് വിപണിയിലുള്ളത്. അതുകൊണ്ടുതന്നെ സ്‌കൂട്ടര്‍ തെരഞ്ഞെടുക്കുമ്പോള്‍ വീഴ്ച്ച പറ്റരുത്. 2017 സാമ്പത്തിക വര്‍ഷം രാജ്യത്ത് 5.6 മില്യണ്‍ ഓട്ടോമാറ്റിക് സ്‌കൂട്ടറുകളാണ് വിറ്റുപോയത്. മുന്‍ വര്‍ഷത്തേക്കാള്‍ വില്‍പ്പന 11.38 ശതമാനം വര്‍ധിച്ചു. അതേസമയം ആകെ ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന 6.9 ശതമാനം മാത്രമാണ് വര്‍ധിച്ചത്. ഇവയില്‍ ഏകദേശം 5.4 മില്യണ്‍ സ്‌കൂട്ടറുകള്‍ 90 സിസി-125 സിസി സെഗ്‌മെന്റില്‍ വരുന്നതാണ്. നിരവധി വാഹനനിര്‍മ്മാതാക്കളുടെ ധാരാളം മോഡലുകള്‍ വിപണിയില്‍ കാണാമെന്നിരിക്കെ സ്‌കൂട്ടര്‍ തെരഞ്ഞെടുക്കുമ്പോള്‍ ജാഗ്രത പാലിക്കുന്നതാണ് ഉചിതം.

ജനപ്രീതി കണക്കിലെടുക്കുമ്പോള്‍ ഹോണ്ട ആക്റ്റിവയാണ് സെയ്ല്‍സ് ചാര്‍ട്ടില്‍ ഒന്നാമത്. ആക്റ്റിവ 4ജി, ആക്റ്റിവ 125, ആക്റ്റിവ ഐ എന്നിവ ഉള്‍പ്പെടെ ആകെ 2.7 മില്യണ്‍ ഹോണ്ട ആക്റ്റിവയാണ് ഇതുവരെ വിറ്റത്. വില കുറഞ്ഞതും വാങ്ങാന്‍ കഴിയുന്നതുമായ മറ്റ് വാഹന നിര്‍മ്മാതാക്കളുടെ നിരവധി സ്‌കൂട്ടര്‍ മോഡലുകള്‍ വിപണിയില്‍ ലഭ്യമാണ്. 50,000 രൂപയില്‍ താഴെ വില വരുന്ന മികച്ച സ്‌കൂട്ടറുകള്‍ അക്കമിട്ടുനിരത്തുന്നു.

 

1. ടിവിഎസ് ജൂപ്പിറ്റര്‍

ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ബെസ്റ്റ്-സെല്ലിംഗ് 110 സിസി സ്‌കൂട്ടറാണ് ടിവിഎസ് ജൂപ്പിറ്റര്‍. സ്റ്റൈലിഷ് ഡിസൈനും ഒട്ടേറെ ഫീച്ചറുകളുമുള്ള ടിവിഎസ് ജൂപ്പിറ്റര്‍ ഹോണ്ട ആക്റ്റിവ കഴിഞ്ഞാല്‍ ഏറ്റവുമധികം വിറ്റുപോകുന്ന സ്‌കൂട്ടര്‍ മോഡലാണ്. ജൂപ്പിറ്ററിലെ 110 സിസി എന്‍ജിന്‍ 8 ബിഎച്ച്പി കരുത്തും പരമാവധി 8 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും.

ടെലിസ്‌കോപിക് ഫ്രണ്ട് സസ്‌പെന്‍ഷനോടെ വലിയ 12 ഇഞ്ച് അലോയ് ചക്രങ്ങള്‍, എക്‌സ്‌റ്റേണല്‍ ഫ്യൂവല്‍ ഫില്ലര്‍ കാപ്, പാസ് സ്വിച്ച്, ലോ ഫ്യൂവല്‍ ഇന്‍ഡിക്കേറ്റര്‍, ഡുവല്‍ സൈഡ് ഹാന്‍ഡില്‍ ലോക്ക്, റീട്രാക്റ്റബിള്‍ ബാഗ് ഹുക്കുകള്‍ എന്നിവയെല്ലാം ഈ സ്‌കൂട്ടറിനെ സവിശേഷതകളാല്‍ സമ്പന്നമാക്കുന്നു. ഇത്തരത്തിലുള്ള നിരവധി അദ്വിതീയ സവിശേഷതകളാണ് ടിവിഎസ് ജൂപ്പിറ്ററിനെ വിപണിയില്‍ ആകര്‍ഷകമാക്കുന്നത്. കാര്യക്ഷമമായ എന്‍ജിനും മികച്ച റൈഡിംഗ് നിലവാരവും ഹാന്‍ഡ്‌ലിംഗും ടിവിഎസ് ജൂപ്പിറ്ററിന്റെ മറ്റ് അലങ്കാരങ്ങളാണ്. ബേസ് വേരിയന്റിന് 49,666 രൂപയാണ് ഡെല്‍ഹി എക്‌സ്-ഷോറൂം വില.

 

2. ഹോണ്ട ആക്റ്റിവ ഐ

പോപുലര്‍ മോഡലായ ഹോണ്ട ആക്റ്റിവ ഐ ഇന്ത്യയില്‍ അമ്പതിനായിരം രൂപയില്‍ താഴെ വില വരുന്ന മികച്ച സ്‌കൂട്ടറുകളില്‍ ഇടം പിടിക്കും. ആക്റ്റിവ 4ജിയുടെ അതേ 110 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിന്‍ ആക്റ്റിവ ഐ സ്‌കൂട്ടറിന് 8 ബിഎച്ച്പി കരുത്തും 9 എന്‍എം ടോര്‍ക്കുമേകും. ബോഡി ടൈപ്പും ഡിസൈനുമാണ് ഹോണ്ട ആക്റ്റിവ ഐയിലെ പ്രധാന വ്യത്യാസം. ഹോണ്ട ആക്റ്റിവ 4ജി യുടെ ബോഡി ലോഹം കൊണ്ടാണ് നിര്‍മ്മിച്ചതെങ്കില്‍ ആക്റ്റിവ ഐ യുടെ ബോഡി പണിതീര്‍ത്തിരിക്കുന്നത് ഫൈബറിലാണ്. കൂടുതല്‍ കളര്‍ഫുള്‍ ഗ്രാഫിക്‌സില്‍ അണിയിച്ചൊരുക്കിയ ആക്റ്റിവ ഐ അഞ്ചുവിധം ഇരട്ട നിറങ്ങളില്‍ ലഭിക്കും. 103 കിലോഗ്രാമാണ് കെര്‍ബ് വെയ്റ്റ്. ആക്റ്റിവ 4ജിയേക്കാള്‍ 5 കിലോഗ്രാം കുറവും കൂടുതല്‍ ഗ്രൗണ്ട് ക്ലിയറന്‍സുമുണ്ട്. 18 ലിറ്റര്‍ അണ്ടര്‍സീറ്റ് സ്റ്റോറേജ്, മൊബീല്‍ ചാര്‍ജിംഗ് സോക്കറ്റ് എന്നിവയും സവിശേഷതകളാണ്. 47,913 രൂപയില്‍ ഡെല്‍ഹി എക്‌സ്-ഷോറൂം വില തുടങ്ങും.

 

3. ഹോണ്ട ഡിയോ

ഹോണ്ട നിരയിലെ സ്മാര്‍ട്ടസ്റ്റ്, ട്രെന്‍ഡിയസ്റ്റ് സ്‌കൂട്ടറുകള്‍ക്കിടയിലാണ് ഹോണ്ട ഡിയോയുടെ സ്ഥാനം. ഇന്‍ഡിക്കേറ്ററുകള്‍ സഹിതം ബോഡിയിലെ വലിയ ഹെഡ്‌ലൈറ്റ് ആക്റ്റിവ, ഏവിയേറ്റര്‍ സ്‌കൂട്ടറുകളില്‍നിന്ന് ഡിയോയെ തികച്ചും വ്യത്യസ്തമാക്കുന്നു. സ്റ്റിയറിംഗ് കോളത്തിലെ എല്‍ഇഡി ലൈറ്റുകളുടെ അനുപമ സ്ഥാനം, സ്‌പോര്‍ടി ഗ്രാഫിക്‌സ്, ട്രെന്‍ഡി ഡുവല്‍-ടോണ്‍ നിറങ്ങള്‍ എന്നിവ ഡിയോ സ്‌കൂട്ടറിന് കൂടുതല്‍ യുവത്വം സമ്മാനിക്കുകയാണ്. അതേ 110 സിസി എന്‍ജിന്‍ ഹോണ്ട ഡിയോക്ക് ആക്റ്റിവ 4ജി, ആക്റ്റിവ ഐ സ്‌കൂട്ടറുകള്‍ക്ക് ലഭിക്കുന്ന കരുത്തും ടോര്‍ക്കും പ്രദാനം ചെയ്യുന്നു. ആക്റ്റിവ ഐ പോലെ ഹോണ്ട ഡിയോ സ്‌കൂട്ടറിനും 103 കിലോഗ്രാമാണ് കെര്‍ബ് വെയ്റ്റ്. അഞ്ചുവിധം ആകര്‍ഷകമായ ഇരട്ട നിറങ്ങളില്‍ ലഭിക്കും. 49,132 രൂപയിലാണ് ഡെല്‍ഹി എക്‌സ്-ഷോറൂം വില തുടങ്ങുന്നത്.

 

4. ടിവിഎസ് സ്‌കൂട്ടി സെസ്റ്റ്

പ്രാക്ടിക്കാലിറ്റിയുടെയും പെര്‍ഫോമന്‍സിന്റെയും മഹത്തായ കോമ്പിനേഷനാണ് ടിവിഎസ്സില്‍നിന്നുള്ള സ്‌കൂട്ടി സെസ്റ്റ്. ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് 110 ന് നല്‍കിയിരിക്കുന്ന സിംഗിള്‍ സിലിണ്ടര്‍ 110 സിസി എന്‍ജിന്‍ 8 ബിഎച്ച്പി കരുത്തും 8.7 എന്‍എം ടോര്‍ക്കുമേകും. 19 ലിറ്റര്‍ അണ്ടര്‍സീറ്റ് സ്‌റ്റോറേജ്, ബാഗേജ് ഹുക്കുകള്‍, ഫ്രണ്ട് ഗ്ലവ് ബോക്‌സ്, ടെലിസ്‌കോപ്പിക് ഫ്രണ്ട് സസ്‌പെന്‍ഷന്‍, എക്‌സ്ട്രാ വൈഡ് ട്യൂബ്‌ലെസ് ടയറുകള്‍ എന്നിവയില്‍ ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് അഭിമാനം കൊള്ളുന്നു. 98.5 കിലോഗ്രാമാണ് കെര്‍ബ് വെയ്റ്റ്. വളരെ മികച്ച പവര്‍-വെയ്റ്റ് അനുപാതം സ്‌കൂട്ടി സെസ്റ്റിനെ ചുണക്കുട്ടിയാക്കുന്നു. സ്റ്റാന്‍ഡേഡ് വേരിയന്റിന് 46,538 രൂപയിലാണ് ഡെല്‍ഹി എക്‌സ്-ഷോറൂം വില തുടങ്ങുന്നത്.

 

5. സുസുകി ലെറ്റ്‌സ്

മികച്ച ഫീച്ചറുകളും പെര്‍ഫോമന്‍സും നല്‍കുന്ന സ്‌റ്റൈലിഷ് സ്‌കൂട്ടറാണ് സുസുകി ലെറ്റ്‌സ്. 113 സിസി സിംഗിള്‍ സിലിണ്ടര്‍, 4 സ്‌ട്രോക് എന്‍ജിന്‍ 8.4 ബിഎച്ച്പി കരുത്തും 8.8 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. ഈ കൂട്ടത്തിലെ മികച്ച പവര്‍ഫുള്‍ സ്‌കൂട്ടറാണ് സുസുകി ലെറ്റ്‌സ്. നിരവധി മികച്ച ഫീച്ചറുകളാണ് സുസുകി ലെറ്റ്‌സിനെ ആകര്‍ഷകമാക്കുന്നത്. 98 കിലോഗ്രാമാണ് കെര്‍ബ് വെയ്റ്റ്. മികച്ച പവര്‍-വെയ്റ്റ് അനുപാതം ലെറ്റ്‌സിനും അവകാശപ്പെട്ടതാണ്. 160 എംഎം എന്ന ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് എടുത്തുപറയേണ്ടതാണ്. ഫ്രണ്ട് ടെലിസ്‌കോപിക് സസ്‌പെന്‍ഷന്‍ മെച്ചപ്പെട്ട ഹാന്‍ഡ്‌ലിംഗ് ഉറപ്പുവരുത്തും. 10 ഇഞ്ച് ചക്രത്തില്‍ ട്യൂബ്‌ലെസ് ടയറുകളാണ്. മോണോ ടോണ്‍, ഡുവല്‍ ടോണ്‍ നിറങ്ങളില്‍ ലഭിക്കും. 47,272 രൂപയില്‍ ഡെല്‍ഹി എക്‌സ്-ഷോറൂം വില തുടങ്ങും.

Comments

comments

Categories: Auto