രാജ്യത്ത് 9.1 മില്യണ്‍ പുതിയ നികുതിദായകര്‍

രാജ്യത്ത് 9.1 മില്യണ്‍ പുതിയ നികുതിദായകര്‍
നോട്ട് നിരോധനം നികുതിദായകരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാക്കാന്‍ സഹായിച്ചെന്ന് 
വിലയിരുത്തല്‍

ന്യൂഡെല്‍ഹി: നവംബറില്‍ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത് രാജ്യത്തെ നികുതിദായകരുടെ എണ്ണം പതിവിലും വര്‍ധിക്കാനിടയാക്കിയെന്ന് റിപ്പോര്‍ട്ട്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് 9.1 മില്യണ്‍ പുതിയ നികുതിദായകര്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സാധാരണയായി നികുതിദായകരുടെ എണ്ണത്തില്‍ ഉണ്ടാകാറുള്ള വാര്‍ഷിക വളര്‍ച്ചയെ അപേക്ഷിച്ച് 80 ശതമാനം അധികമാണിത്. ഇത് സര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍ കാര്യമായ വര്‍ധന സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2015-16 ന്റെ അവസാനത്തില്‍ ഇന്ത്യയില്‍ 55.9 മില്യണ്‍ വ്യക്തിഗത നികുതിദായകര്‍ മാത്രമാണ് ഉണ്ടായിരുന്നത്.

2015-16ല്‍ 37 മില്യണ്‍ പേര്‍ മാത്രമാണ് വ്യക്തിഗത നികുതി റിട്ടേണുകള്‍ സമര്‍പ്പിച്ചത്. കൂടുതലും നികുതി ഇളവ് ലഭിച്ച ശമ്പളക്കാരായ തൊഴിലാളികളും തൊഴിലുടമകള്‍ പണം അടയ്ക്കുന്നവരുമാണ്. നോട്ട് നിരോധനത്തിനെ ന്യായീകരിക്കാന്‍ നികുതിദായകരുടെ വര്‍ധനവ് സര്‍ക്കാര്‍ ഉപയോഗിച്ചേക്കാം. പ്രത്യേകിച്ച് നോട്ട് നിരോധനത്തിന്റെ പ്രധാന ലക്ഷ്യങ്ങളായി സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ച കള്ളപ്പണം, ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായം, വ്യാജ കറന്‍സികള്‍ എന്നിവയുടെ തടയലിന് വേണ്ടത്ര ഫലപ്രദമായില്ലെന്ന് വിമര്‍ശകര്‍ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിലൂടെ സര്‍ക്കാര്‍ അസാധുവായ കറന്‍സികള്‍ 95 ശതമാനത്തിലധികവും ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയതായാണ് കരുതപ്പെടുന്നത്. എന്നാല്‍ ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ ഇനിയും പരസ്യമാക്കിയിട്ടില്ല.

ഈ വര്‍ഷം അവസാനത്തില്‍ ഇന്ത്യയ്ക്ക് 65 മില്യണ്‍ നികുതിദായകരുണ്ടാവും. ഇന്ത്യയുടെ നികുതി അടിത്തറ 100 മില്യണ്‍ വ്യക്തികളിലേക്ക് വര്‍ധിപ്പിക്കണമെന്ന് 2016 ജൂണില്‍ നടന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആദായനികുതി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. പരോക്ഷനികുതി ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ നികുതി വരുമാനം 2016ലെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 16.7 ശതമാനം ആയിരുന്നു. യുഎസില്‍ ഇത് 25.4 ശതമാനവും, ജപ്പാനില്‍ 30.3 ശതമാനവും ആയിരിക്കുന്ന സ്ഥാനത്താണിത്.

2015-16ല്‍ സമര്‍പ്പിച്ച 37 മില്യണ്‍ വ്യക്തിഗത നികുതി റിട്ടേണുകളില്‍ ഇളവ് പരിധിയായ 2.5 ലക്ഷം രൂപയില്‍ താഴെയാണ് 9.9 മില്യണ്‍ പേര്‍ വരുമാനം കാണിച്ചത്. 19.5 മില്യണ്‍ പേര്‍ 2.5 ലക്ഷത്തിനും 5 ലക്ഷത്തിനും ഇടയിലാണ് വരുമാനമെന്ന് വെളിപ്പെടുത്തി. 5.2 മില്യണ്‍ പേര്‍ 5 ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയിലാണ് വരുമാനമെന്നും 2.4 മില്യണ്‍ പേര്‍ 10 ലക്ഷത്തിന് മുകളിലാണ് വരുമാനമെന്നും കാണിച്ചു. 5 ലക്ഷത്തിന് മുകൡ വരുമാനം കാണിച്ച 7.6 മില്യണ്‍ പേരില്‍ 5.6 മില്യണ്‍ പേര്‍ ശമ്പളവിഭാഗത്തില്‍ പെടുന്നവരാണ്. 50 ലക്ഷം രൂപയ്ക്കു മുകളില്‍ വരുമാനമുണ്ടെന്ന് കാണിച്ചത് 172,000 പേര്‍ മാത്രമാണെന്നും കണക്കുകള്‍ പറയുന്നു.

നികുതികളെ അനുസരിക്കാത്ത വലിയൊരു സമൂഹമാണ് ഇന്ത്യയെന്ന് ഫെബ്രുവരി 1ലെ ബജറ്റ് പ്രസംഗത്തില്‍ ധമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞിരുന്നു. സമ്പദ്ഘടനയിലെ പണത്തിന്റെ പ്രാബല്യം മൂലം ആളുകള്‍ക്ക് അവരുടെ നികുതി ഒഴിവാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. നോട്ട് നിരോധനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വിജയം നികുതി ശേഖരണം തന്നെയായിരിക്കുമെന്ന് ഈ വര്‍ഷത്തെ സാമ്പത്തിക സര്‍വേയും ചൂണ്ടിക്കാട്ടുന്നു.

Comments

comments

Categories: Business & Economy