10 എടിഎം ഇടപാടുകള്‍ സൗജന്യം, മുന്‍സാഹചര്യത്തില്‍ മാറ്റമില്ലെന്ന് എസ്ബിഐ

10 എടിഎം ഇടപാടുകള്‍ സൗജന്യം, മുന്‍സാഹചര്യത്തില്‍ മാറ്റമില്ലെന്ന് എസ്ബിഐ

എടിഎം ഇടപാടിന് ചാര്‍ജ്ജ് ഈടാക്കില്ലെന്ന് എസ്ബിഐ. മെട്രോകളില്‍ എട്ട് ഇടപാടുകള്‍ വരെ സൗജന്യം (5 എസ്ബിഐ എടിഎം + 3 മറ്റ് ബാങ്കുകളുടെ എടിഎം). മെട്രോ ഇതര നഗരങ്ങളില്‍ 10 ഇടപാടുകള്‍ സൗജന്യം (5 എസ്ബിഐ എടിഎം + 5 മറ്റ് ബാങ്കുകളുടെ എടിഎം). നേരത്തെ ഓരോ എടിഎം ഇടപാടിനും 25 രൂപ സര്‍വീസ് ചാര്‍ജ് എന്നായിരുന്നു വാര്‍ത്ത

തിരുവനന്തപുരം: സേവന നിരക്കുകള്‍ ഉയര്‍ത്തിയും പുതിയവ കൂട്ടിച്ചേര്‍ത്തുമുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സര്‍ക്കുലര്‍ വിവാദമായതിനെത്തുടര്‍ന്ന് ബാങ്കിന്റെ വിശദീകരണം. സൗജന്യ എടിഎം സേവനങ്ങളില്ലാതെ ഓരോ എടിഎം സേവനത്തിനും 25 രൂപ ഈടാക്കുമെന്ന് വാര്‍ത്തകള്‍ വന്നതോടെ വലിയ പ്രതിഷേധമാണുയര്‍ന്നത്. ഇതിനു പിന്നാലെ ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പിന്‍വലിച്ച് വിശദീകരണവുമായി എസ്ബിഐ രംഗത്തെത്തി. സാധാരണ എക്കൗണ്ട് ഉടമകള്‍ക്ക് മാസത്തില്‍ എട്ട് തവണ എടിഎം ഉപയോഗിച്ച് ചാര്‍ജ്ജുകള്‍ ഇല്ലാതെ പണം പിന്‍വലിക്കാമെന്ന് എസ്ബിഐ ഫ്യൂച്ചര്‍ കേരളയ്ക്ക് നല്‍കിയ വിശദീകരണ കുറിപ്പില്‍ പറയുന്നു. അഞ്ച് തവണ എസ്ബിഐ എടിഎമ്മുകളില്‍ നിന്നും മൂന്ന് തവണ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്നും മെട്രോ നഗരങ്ങളില്‍ പണം സൗജന്യമായി പിന്‍വലിക്കാം.

നോണ്‍ മെട്രോകളില്‍ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്ന് അഞ്ച് തവണ സൗജന്യമായി പണം പിന്‍വലിക്കാം. മൊത്തം പത്ത് എടിഎം ഇടപാടുകള്‍ സൗജന്യമായി നടത്താം-എസ്ബിഐ വിശദീകരണ കുറിപ്പില്‍ അറിയിച്ചു.

നേരത്തെ വന്ന ഉത്തരവ് ബാങ്കിന്റെ ബഡ്ഡി ഉപഭോക്താക്കളെ മാത്രം ഉദ്ദേശിച്ചുള്ളതായിരുന്നെന്നും എസ്ബിഐ വിശദീകരിച്ചു. ജൂണ്‍ ഒന്നു മുതല്‍ പുതുക്കിയ നിരക്ക് നടപ്പിലാക്കുമെന്നായിരുന്നു ആദ്യ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നത്. നിലവിലുള്ള സര്‍വീസ് ചാര്‍ജ് ക്രമമനുസരിച്ച് പ്രതിമാസം നടത്തുന്ന അഞ്ച് ഇടപാടുകള്‍ സൗജന്യമായിരുന്നു.

ഇന്റര്‍നെറ്റ് ബാങ്കിംഗ്, യുപിഐ, ഐയുഎസ്എസ്ഡി തുടങ്ങിയ ഓണ്‍ലൈന്‍, മൊബീല്‍ പണമിടപാടുകള്‍ക്കും സര്‍വീസ് ചാര്‍ജ് ഈടാക്കാനും ആദ്യ സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരുന്നു. ഒരു ലക്ഷം രൂപവരെയുള്ള ഇടപാടുകള്‍ക്ക് അഞ്ച് രൂപയും, ഒരു ലക്ഷത്തിനു മുകളില്‍ രണ്ട്് ലക്ഷം രൂപ വരെയുള്ള ഇടപാടുകള്‍ക്ക് 15 രൂപയും, രണ്ട് ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെയുള്ള ഇടപാടുകള്‍ക്ക് 25 രൂപയും നികുതി ഏര്‍പ്പെടുത്താനായിരുന്നു നിര്‍ദേശം.

മുഷിഞ്ഞ നോട്ടുകള്‍ മാറുന്നതിനും സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ എസ്ബിഐ പുറത്തിറക്കിയ സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരുന്നു. ബിസിനസ് കറസ്‌പോണ്ടന്റുമാര്‍ തമ്മിലുള്ള പണം കൈമാറുന്നതിനും പിന്‍വലിക്കുന്നതിനും സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പണത്തിന്റെ മൂല്യമനുസരിച്ചാണ് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ നിര്‍ദേശിച്ചത്. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് നിക്ഷേപം കുമിഞ്ഞുകൂടിയതോടെ എടിഎം ഇടപാടുകള്‍ക്കും ബാങ്ക് വഴി നേരിട്ടുള്ള ഇടപാടുകള്‍ക്കുമെല്ലാം നിയന്ത്രണവും നിരക്കീടാക്കുന്നതും ബാങ്കിംഗ് മേഖലയില്‍ വ്യാപകമാകുകയാണ്.

ഡിജിറ്റല്‍ ഇടപാടുകളെ പ്രോല്‍സാഹിപ്പിക്കുന്നതിനാണ് ഇതെന്ന് വിശദീകരണമുണ്ടെങ്കിലും ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി വാങ്ങുന്ന സര്‍വീസ് ചാര്‍ജിലും കുറവ് വരുത്തുന്നതിന് ബാങ്കുകള്‍ മടിക്കുകയാണ്. ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രോല്‍സാഹന പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിനിടെയാണ് നെറ്റ്ബാങ്കിംഗ് ഇടപാടുകള്‍ക്കുള്‍പ്പടെ നിരക്ക് വര്‍ധിപ്പിച്ച് പൊതുമേഖലാ ബാങ്കായ എസ്ബിഐ യുടെ ഉത്തരവെത്തിയത്. ബേസിക് സേവിംഗ്‌സ് ബാങ്ക് ഡിപോസിറ്റ് (ബിഎസ്ബിഡി) എക്കൗണ്ടുകള്‍ ഉള്ളവരുടെ ചെക്ക് ബുക്കിനും പണം ഈടാക്കാന്‍ നിര്‍ദേശിച്ചിരുന്നു. 10 ലീഫുള്ള ചെക്ക് ബുക്കിന് 30 രൂപ, 25 ലീഫുള്ള ചെക്ക് ബുക്കിന് 75 രൂപ, 50 ലീഫുള്ള ചെക്ക് ബുക്കിന് 150 രൂപ എന്നിങ്ങനെ പണം ഈടാക്കാനായിരുന്നു നിര്‍ദേശം. തുടര്‍ന്നുള്ള ഓരോ സേവനത്തിനും പത്തു രൂപയും മറ്റുബാങ്കുകളുടെ സേവനങ്ങള്‍ക്ക് 20 രൂപയുമാണ് ഈടാക്കുന്നത്. ഈ എക്കൗണ്ടുകള്‍ക്ക് റുപെയുടെ ക്ലാസിക് എടിഎം കാര്‍ഡ് മാത്രമേ സൗജന്യമായി ലഭിക്കുള്ളുവെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.ബിഎസ്ബിഡി എക്കൗണ്ടുള്ളവര്‍ക്ക് നാല് തവണയാണ് സൗജന്യ എടിഎം ഇടപാടുകള്‍ അനുവദിച്ചിരിക്കുന്നത്.

ഉത്തരവില്‍ വ്യക്തത വരുന്നതിന് മുമ്പ് എസ്ബിഐയുടെ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയര്‍ന്നത്. ജനങ്ങളോടുള്ള വെല്ലുവിളിയാണ് എസ്ബിഐ നിലപാടെന്ന് ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു. നിരക്ക് വര്‍ധനയുടെ ഉദ്ദേശ്യം മുതിര്‍ന്ന് ബാങ്ക് ഉദ്യോഗസ്ഥരോട് ചോദിച്ചിട്ടുപോലും മനസിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്നതിന് വിമുഖത പ്രകടിപ്പിച്ചാല്‍, അത് കമ്പോളത്തില്‍ പണത്തിന്റെ ഒഴുക്കിന് തടയിടുമെന്നും സാമ്പത്തിക മുരടിപ്പ് തുടരുമെന്നും തോമസ് ഐസക് മുന്നറിയിപ്പ് നല്‍കി. നോട്ട് രഹിത സമ്പദ്‌വ്യവസ്ഥയുടെ പേര് പറഞ്ഞ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിനുള്ള നീക്കം ജനങ്ങളോടുള്ള ദ്രോഹമാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടത്.

കേരളത്തില്‍ പിഒഎസ് മെഷീന്‍ വഴി പേമെന്റ് നടത്തുമ്പോള്‍ ചില വ്യാപാരികള്‍ ഉപഭോക്താക്കളില്‍ നിന്നും ഇപ്പോള്‍ തന്നെ 25 രൂപ കൂടുതലായി ഈടാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. എടിഎം ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പേമെന്റ് നടത്തുന്നതുകൊണ്ടാണ് ചാര്‍ജ് എന്ന് പറഞ്ഞ് വ്യാപാരികള്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് മുതിര്‍ന്ന ബാങ്ക് ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. ബാങ്കുകളെ സംബന്ധിച്ച് നിരവധി വ്യാജവര്‍ത്തകള്‍ വരുന്നുണ്ടെന്നും അദ്ദേഹം ഫ്യൂച്ചര്‍ കേരളയോട് പറഞ്ഞു.

Comments

comments

Categories: Banking, Top Stories

Related Articles