കശ്മീരിലെ റെയ്ല്‍വേ ലൈന്‍ 2021 ല്‍ പ്രവര്‍ത്തന സജ്ജമായേക്കും

കശ്മീരിലെ റെയ്ല്‍വേ ലൈന്‍  2021 ല്‍ പ്രവര്‍ത്തന സജ്ജമായേക്കും
താഴ്‌വരയെ രാജ്യത്തിന്റെ മറ്റിടങ്ങളുമായി ബന്ധിപ്പിക്കും

ന്യൂഡെല്‍ഹി: കശ്മീര്‍ താഴ്‌വരയെ രാജ്യത്തിന്റെ മറ്റിടങ്ങളുമായി ബന്ധിപ്പിക്കുന്ന റെയ്ല്‍വേ ലൈന്‍ 2021ല്‍ പ്രവര്‍ത്തന സജ്ജമായേക്കും. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ന്യൂഡെല്‍ഹിക്കും ശ്രീനഗറിനും ഇടയില്‍ 14 മണിക്കൂറും ട്രെയ്ന്‍ സര്‍വീസ് നടത്താന്‍ സാധിക്കും. നാല് വര്‍ഷത്തിനുള്ളില്‍ റെയ്ല്‍വേ ശൃംഖല പ്രവര്‍ത്തന സജ്ജമാകും. കശ്മീര്‍ താഴ്‌വരയില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഏറ്റവും വലിയ വികസന പദ്ധതിയായിരിക്കുമത്. 10,000 കോടി രൂപയാണ് പദ്ധതിക്ക് കണക്കാക്കുന്ന ചെലവ്.

326 കിലോമീറ്ററുള്ള ജമ്മു-ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയ്ല്‍ ശൃംഖലയുടെ ഏകദേശം മൂന്നില്‍ രണ്ടുഭാഗം പൂര്‍ത്തിയായിക്കഴിഞ്ഞു. ജമ്മുവിന് സമീപത്തെ ഹിന്ദു തീര്‍ത്ഥാടന കേന്ദ്രമായ കാട്രയ്ക്കും കശ്മീര്‍ താഴ്‌വരയുടെ ഇറക്കത്തിലുള്ള ബനിയാലിനും ഇടയിലെ 111 കിലോമീറ്ററിലെ പണി പൂര്‍ത്തിയാകാനുണ്ട്. റെയ്ല്‍വേ മന്ത്രാലയം ഇതിനായി പ്രത്യേക നിരീക്ഷണ സംഘത്തെ രൂപീകരിക്കുകയും ഫണ്ട് അനുവദിക്കുകയും ചെയ്തിരുന്നു. ബനിയാലിനെ ശ്രീനഗര്‍ വഴി ബാരാമുള്ളയുമായും ജമ്മുവിനെ ഉധംപൂര്‍ വഴി കാട്രയുമായി പദ്ധതി ബന്ധിപ്പിക്കും.

രാജ്യത്തെ നിര്‍മാണ ചരിത്രത്തിലെ ഏറ്റവും കഠിനമേറിയതായാണ് കാട്ര-ബനിയാല്‍ പദ്ധതി കണക്കാക്കപ്പെടുന്നത്. ലോകത്തിലെ ഏറ്റവും നീളമുള്ളതടക്കം 27 റെയ്ല്‍ പാലങ്ങള്‍,ഏഷ്യയിലെ ഏറ്റവും നീളമുള്ളത് ഉള്‍പ്പെടെ 37 ടണലുകള്‍, 27 പാലങ്ങള്‍ എന്നിവ ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. കശ്മീര്‍ താഴ്‌വരയിലെ ടൂറിസത്തിന് അവസരമൊരുക്കുന്ന തരത്തില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദം മാത്രമായിരിക്കില്ലിത്. മറിച്ച് താഴ്‌വരയില്‍ നിന്ന് വളരെ എളുപ്പം ചരക്ക് കൈമാറ്റം ചെയ്യാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പദ്ധതിക്ക് കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു.

Comments

comments

Categories: Business & Economy