മാരുതി സുസുകിയുടെ വിപണി വിഹിതം വര്‍ധിച്ചു

മാരുതി സുസുകിയുടെ വിപണി വിഹിതം വര്‍ധിച്ചു
മാരുതി സുസുകിയുടെ വിപണി വിഹിതം 47.38 ശതമാനമായാണ് വര്‍ധിച്ചത്. 2015-16 ല്‍
46.79 ആയിരുന്നു ഇന്ത്യന്‍ വിപണിയിലെ പങ്കാളിത്തം

ന്യൂ ഡെല്‍ഹി : 2016-17 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുകി വിപണി വിഹിതം വര്‍ധിപ്പിച്ചു. മാര്‍ക്കറ്റ് ലീഡറായ മാരുതി സുസുകിയുടെ വിപണി വിഹിതം 47.38 ശതമാനമായാണ് വര്‍ധിച്ചത്. 2015-16 ല്‍ 46.79 ആയിരുന്നു ഇന്ത്യന്‍ വിപണിയിലെ പങ്കാളിത്തം. മാരുതി സുസുകി കൂടാതെ ടാറ്റ മോട്ടോഴ്‌സ്, ഫോക്‌സ്‌വാഗണ്‍, ടൊയോട്ട, നിസ്സാന്‍, റെനോ, ഫോര്‍ഡ് എന്നീ കമ്പനികള്‍ ആഭ്യന്തര വില്‍പ്പനയില്‍ ലാഭം വര്‍ധിപ്പിക്കുക മാത്രമല്ല, അവരുടേതായ വിപണി വിഹിതം ഉയര്‍ത്തുകയും ചെയ്തു.

ഭീമാകാരമായ ഇന്ത്യന്‍ വിപണിയില്‍ വിപണി വിഹിതം നിലനിര്‍ത്തണമെങ്കില്‍ ഈ കമ്പനികള്‍ ചെറുതല്ലാത്ത നേട്ടം കൈവരിക്കണം. വിറ്റാര ബ്രെസ, ബലേനോ തുടങ്ങിയ മോഡലുകള്‍ അവതരിപ്പിച്ചതുകൂടാതെ കാടടച്ചുള്ള വിപണന തന്ത്രവും മാരുതി സുസുകിയുടെ വളര്‍ച്ചാതുടര്‍ച്ചയ്ക്ക് പോഷകങ്ങളായെന്ന് വിദഗ്ധര്‍ വിലയിരുത്തി. കഴിഞ്ഞ വര്‍ഷം 5,09,705 വാഹനങ്ങള്‍ വിറ്റ് 5.24 ശതമാനം വളര്‍ച്ചയാണ് ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് ഇന്ത്യയില്‍ നേടിയത്. എന്നാല്‍ കമ്പനിയുടെ വിപണി വിഹിതം 2015-16 ലെ 17.36 ശതമാനത്തില്‍നിന്ന് 2016-17 ല്‍ 16.72 ശതമാനമായി നേരിയ തോതില്‍ കുറഞ്ഞു.

‘ക്വിഡ്’ ഇന്ത്യന്‍ വിപണിയിലെ ബ്ലോക്ക്ബസ്റ്ററായതോടെ വിപണി പങ്കാളിത്തം 2.57 ശതമാനത്തില്‍നിന്ന് 4.43 ശതമാനമായി റെനോ മെച്ചപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1.09 ലക്ഷത്തിലധികം വാഹനങ്ങളാണ് റെനോ ഇന്ത്യയില്‍ വിറ്റത്. 2, 3 ശ്രേണീ നഗരങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കമ്പനി തയ്യാറെടുക്കുന്നു.

രാജ്യത്തെ മൂന്നാമത്തെ വലിയ പാസഞ്ചര്‍ വാഹന നിര്‍മ്മാതാക്കളായി മാറിയ ഫോര്‍ഡ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2,52,959 വാഹനങ്ങളാണ് പുറത്തിറക്കിയത്. ആഭ്യന്തര വിപണിയില്‍ 91,405 വാഹനങ്ങള്‍ വിറ്റ കമ്പനി 2015-16 നേക്കാള്‍ 14.93 ശതമാനം വളര്‍ച്ച നേടി. മൂന്ന് ശതമാനം വിപണി വിഹിതം കൈവരിക്കാനും ഫോര്‍ഡിന് കഴിഞ്ഞു. കയറ്റുമതിയില്‍ മാരുതി സുസുകിയെ പിന്തള്ളി ഹ്യുണ്ടായ്ക്കുപിന്നില്‍ നിലയുറപ്പിക്കുകയും ചെയ്തു.

വിപണി വിഹിതം ഇടിഞ്ഞെങ്കിലും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര രാജ്യത്തെ മൂന്നാമത്തെ വലിയ വാഹന നിര്‍മ്മാതാക്കളായി തുടരുന്നു. 2015-16 ല്‍ 8.47 ശതമാനമായിരുന്നു മഹീന്ദ്രയുടെ വിപണി വിഹിതമെങ്കില്‍ ഇക്കഴിഞ്ഞ വര്‍ഷം 7.75 ശതമാനമായി കുറഞ്ഞു. ജാപ്പനീസ് കമ്പനിയായ ഹോണ്ടയുടെ വിപണി വിഹിതത്തിനും ക്ഷീണം സംഭവിച്ചു. 6.88 ശതമാനത്തില്‍നിന്ന് 5.15 ശതമാനമായാണ് ഇന്ത്യന്‍ വിപണിയിലെ ഹോണ്ടയുടെ പങ്കാളിത്തം കുറഞ്ഞത്. വില്‍പ്പന പതിനെട്ട് ശതമാനമാണ് കുറഞ്ഞത്. 2015-16 ല്‍ 1.92 ലക്ഷം വാഹനങ്ങള്‍ വിറ്റപ്പോള്‍ 2016-17 ല്‍ 1.57 ലക്ഷം വാഹനങ്ങളില്‍ വില്‍പ്പന ഒതുങ്ങി.

എന്നാല്‍ വിപണി വിഹിതം എങ്ങനെ വര്‍ധിപ്പിക്കാമെന്ന് മറ്റൊരു ജാപ്പനീസ് കമ്പനിയായ നിസ്സാന്‍ കാണിച്ചുകൊടുത്തു. 1.41 ശതമാനത്തില്‍നിന്ന് 1.88 ശതമാനമായാണ് നിസ്സാന്‍ ഇന്ത്യന്‍ വിപണിയെ കയ്യിലെടുത്തത്. ഡാറ്റ്‌സണ്‍ റെഡി-ഗോയെ മുന്നില്‍ നിര്‍ത്തിയായിരുന്നു നിസ്സാന്റെ പടയോട്ടം. ടൊയോട്ടയും ഫോക്‌സ്‌വാഗണും യഥാക്രമം 4.70 ശതമാനമായും 1.64 ശതമാനമായും ഇന്ത്യയിലെ വിപണി വിഹിതം വര്‍ധിപ്പിച്ചു. ഇന്ത്യന്‍ ആഭ്യന്തര വിപണിയില്‍ ആകെ മുപ്പത് ലക്ഷത്തിലധികം പാസഞ്ചര്‍ വാഹനങ്ങളാണ് 2016-17 ല്‍ വിറ്റത്. 9.23 ശതമാനം വളര്‍ച്ച കരസ്ഥമാക്കി.

Comments

comments

Categories: Auto