ഉദയാസ്തമയങ്ങള്‍

ഉദയാസ്തമയങ്ങള്‍

സി കെ ഗുപ്തന്‍

കേരളം ആര് ഭരിക്കണം ? ഇത് തീരുമാനിക്കേണ്ടത് ഇവിടത്തെ ജനങ്ങളാണ്. അവര്‍ ബാലറ്റ് പേപ്പറിലൂടെ വിധിയെഴുതി. അതൊരിക്കല്‍ ഇവിടെ അട്ടിമറിക്കുകയുണ്ടായി, 1959 ല്‍. വീണ്ടും അത് മറ്റൊരുവിധത്തില്‍ അട്ടിമറിക്കപ്പെടുകയാണ്. മേയ്, ജൂണ്‍ മാസങ്ങളില്‍ കേരളത്തിലെ ക്രമസമാധാനം കൈകാര്യം ചെയ്യുക ഇവിടത്തെ പ്രതിപക്ഷ കക്ഷികളും കേന്ദ്രത്തിലെ ഭരണകക്ഷിയായ ബി ജെപിയുമായിരിക്കും. സുപ്രീംകോടതിയില്‍ പോയ സെന്‍കുമാറിനെ പരസ്യമായിത്തന്നെ പിന്തുണക്കുകയും അദ്ദേഹത്തിനു അനുകൂലമായി വിധിയുണ്ടായപ്പോള്‍ അനുമോദിക്കുകയും ചെയ്തു ഈ കക്ഷികള്‍. സംസ്ഥാനം നേരിടുന്ന ഗുരുതരമായ പ്രതിസന്ധി തന്നെയാണിത്.

ഉദ്യോഗസ്ഥരെ തങ്ങള്‍ക്കിഷ്ടമല്ലാത്ത സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായി തിരിക്കുന്ന സമ്പ്രദായം. ഇത് കോടതി മനസിലാക്കണമായിരുന്നു. അത് മനസിലാക്കിയില്ല എന്നു മാത്രമല്ല അതിനു പ്രോത്സാഹനം നല്‍കുകയും ചെയ്തു. ഹൈക്കോടതി ജഡ്ജിമാരെ സുപ്രീംകോടതിയും മറ്റു ജഡ്ജിമാരെ ഹൈക്കോടതിയുമാണ് സാധാരണ നിയമിക്കുക. ഒരു കൊളീജിയം ഉണ്ട് ഇതിന്. അതല്ല തങ്ങള്‍ മറ്റൊരു ഏജന്‍സിയെക്കൊണ്ട് ജഡ്ജിമാരെ തെരഞ്ഞെടുക്കും എന്ന് കേന്ദ്ര ഗവണ്‍മെന്റോ സംസ്ഥാന ഗവണ്‍മെന്റോ പറഞ്ഞാല്‍ സുപ്രീംകോടതിയും ഹൈക്കോടതിയും എന്തുചെയ്യും? ഇവിടത്തെ ക്രമസമാധാനനിലയും നീതിന്യായവ്യവസ്ഥയും അതോടെ തകര്‍ന്നു എന്നാണര്‍ത്ഥം. സര്‍ക്കാരിന്റെ കയ്യിലാണ് ഭരണനിര്‍വ്വഹണ മെഷീനറി ആകെത്തന്നെ. സംസ്ഥാനത്തെ ചീഫ് സെക്രട്ടറി, ഡിജിപി തുടങ്ങി എല്ലാ വകുപ്പ് അധ്യക്ഷന്മാരെയും നിയമിക്കുന്നത് കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സോ ജിഎഡി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയോ ആണ്.

സീനിയോറിറ്റി പ്രകാരമോ സെലക്ഷന്‍ വഴിയോ ആവാം ഇത്. എല്‍ഡിഎഫിന് താല്‍പ്പര്യമുണ്ടെന്ന് പരോക്ഷമായെങ്കിലും അറിഞ്ഞാല്‍ യുഡിഎഫ് ഭരണകാലത്ത് അങ്ങനെയുള്ളവരെ മാറ്റിനിറുത്തുക തന്നെ ചെയ്യും. ഇത് എല്ലായിടത്തും എല്ലാക്കാലത്തും നടന്നിരുന്നു. കേരളത്തില്‍ യുഡിഎഫ് ഭരണകാലത്ത് തെരഞ്ഞുപിടിച്ചു സ്ഥലം മാറ്റുകയും തസ്തിക ഇല്ലാതാക്കി പിരിച്ചുവിടുകയും സസ്‌പെന്‍ഡ് ചെയ്ത് വര്‍ഷങ്ങളോളം പുറത്തുനിറുത്തുകയും ചെയ്ത എത്രയോ കേസുകള്‍ ഉണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ ഈ പ്രക്രിയ കൂടുതലാണ് താനും. ഇവിടെയൊക്കെ കോടതി ഇടപെടാന്‍ പോയാല്‍ അതിനല്ലേ സമയമുണ്ടാവൂ.

മറ്റൊരുകാര്യം, സാധാരണ ഹൈക്കോടതികളിലും സുപ്രീംകോടതിയിലും വരുന്ന കേസുകള്‍ ഭരണഘടനാപരമായ കാര്യങ്ങളിലായിരിക്കും. നിയമവ്യാഖ്യാനങ്ങള്‍ ഭരണഘടനയ്ക്ക് അനുകൂലമോ പ്രതികൂലമോ എന്നുതുടങ്ങി നിയാമക നിര്‍ദേശങ്ങള്‍, വ്യക്തികളുടെ സ്വാതന്ത്ര്യം തുടങ്ങിയ കാര്യങ്ങളാണ് അവിടെ പരിശോധിക്കപ്പെടുക. സെന്‍കുമാറിന്റെ കേസിലുള്ള വിധി ഈ വിധമുള്ളതാണെങ്കില്‍ അത് മറ്റു പല സംസ്ഥാനങ്ങളേയും ബാധിക്കുന്ന തരത്തിലാവും. അത് എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാണുതാനും. അപ്പോള്‍ ഇപ്പോഴത്തെ വിധി എകപക്ഷീയമായിപ്പോയി എന്നും വ്യാഖ്യാനിക്കപ്പെടാം. മറ്റു സംസ്ഥാനങ്ങളെ കേള്‍ക്കാതെയുള്ള വിധി. അങ്ങനെവരുമ്പോള്‍ കോടതിയുടെ വിശ്വാസ്യത നഷ്ടപ്പെടാനിടയുണ്ട്. ഈ വിധി നടപ്പാക്കാന്‍ ശ്രമിക്കുന്നതിനു മുന്‍പ് മറ്റു സംസ്ഥാനങ്ങളുടെ വാദം കൂടി കേട്ടിരുന്നുവെങ്കില്‍ ഈ പരാതി ഒഴിവാക്കാമായിരുന്നു. വിധി പറയുമ്പോള്‍ വിധി പുറപ്പെടുവിപ്പിക്കുന്നയാളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കാവരുത് മുന്‍ഗണന കൊടുക്കേണ്ടത്. സീസറുടെ ഭാര്യയും ശ്രീരാമന്റെ ഭാര്യയുമൊക്കെ നമ്മുടെ മനസിലേക്ക് കടന്നുവരുന്നത് അപ്പോഴാണ്. സെക്കന്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുതല്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വരെ സംശയത്തിന് അതീതരാവണം.

തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെതിരായ കേസാവുമ്പോള്‍ പ്രത്യേകിച്ച്. ജസ്റ്റീസ് കര്‍ണ്ണന്‍ സുപ്രീംകോടതിക്കെതിരായി നീങ്ങിയപോലെ ആവരുത്. ഈ കേസില്‍ ജനങ്ങളുടെ മുന്നില്‍ ഒരു പ്രശ്‌നവുമില്ല. കര്‍ണ്ണന്റെ മനോനില പരിശോധിച്ചാലും സുപ്രീംകോടതി ജഡ്ജിമാരുടെ മനോനില പരിശോധിച്ചാലും ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് ഒരു പ്രശ്‌നവുമില്ല. ഇതില്‍ സ്വയം അപഹാസ്യരാവുന്നത് ഇവിടത്തെ നീതിന്യായവ്യവസ്ഥയാണ്. കര്‍ണ്ണനെപ്പോലെ ഒരാളെ ഹൈക്കോടതി ജഡ്ജി ആക്കുന്നതിനു മുന്‍പേ അദ്ദേഹത്തിന്റെ തല പരിശോധിക്കാമായിരുന്നില്ലേ? പരിഹാസ്യരായവര്‍ സ്വയം അപഹാസ്യരായിപ്പോകും, തങ്ങളുടെ മുന്‍പില്‍ വരുന്ന അന്യായം ന്യായമാക്കുമ്പോള്‍ എന്നോര്‍ക്കുന്നത് നന്ന്. ഇന്ത്യയില്‍ മജിസ്‌ട്രേറ്റ് മുന്‍സീഫ് കോടതികളില്‍ മുതല്‍ സുപ്രീംകോടതിവരെ കോടിക്കണക്കിന് കേസുകള്‍ തീര്‍പ്പാക്കാന്‍ കിടക്കുമ്പോഴാണ് ഇത്തരം ‘നേരമ്പോക്കുകള്‍’ സംഭവിക്കുന്നതെന്നത് നമ്മെ വ്യാകുലപ്പെടുത്തുന്നു.

ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ അതേ ശിക്ഷാനിയമവും തെളിവ് നിയമവും മറ്റും ഒന്ന് പരിഷ്‌കരിക്കാന്‍ നമുക്കിതേവരെ കഴിഞ്ഞിട്ടില്ല. ബ്രിട്ടീഷുകാര്‍ പുച്ഛത്തോടെ നോക്കിയിരുന്ന കോളനികളിലെ അടിമകള്‍ക്കുവേണ്ടി ഉണ്ടാക്കിയ നിയമങ്ങള്‍ തലനാരിഴ കീറി പരിശോധിച്ചാണ് നിര്‍ഭയക്കേസിലെ പ്രതികള്‍ക്ക് തൂക്കുകയര്‍ കൊടുക്കുന്നതും ഗോവിന്ദച്ചാമിയെ കുറ്റവിമുക്തനാക്കുന്നതും. ഇവിടെയൊക്കെ നമുക്ക് ഒരപാകത സംഭവിച്ചുവെന്ന് തോന്നുന്നില്ലേ. ആദ്യം പറഞ്ഞ കേസുപോലെ അതിഭീകരമാണ് രണ്ടാമത് പറഞ്ഞതും. പിന്നെ ഗോവിന്ദച്ചാമി എങ്ങനെ തൂക്കുകയറില്‍ നിന്ന് രക്ഷപ്പെട്ടു? ചിന്തിക്കേണ്ടതാണ് ഇത്. നീതിന്യായ വ്യവസ്ഥയെ ഇകഴ്ത്തിപ്പറയാനല്ല ഇതൊക്കെ ചൂണ്ടിക്കാണിക്കുന്നത്.

കലക്കവെള്ളത്തില്‍ മീന്‍പിടിക്കുന്ന ചില ജാത്യാന്മാര്‍ എല്‍ഡിഎഫില്‍ ഉണ്ട്. വലത്തോട്ടു നോക്കി നാവ് നനയ്ക്കുന്നവര്‍. പല വേഷങ്ങളും ആടുമ്പോള്‍ അവരില്‍ ചിലര്‍ക്ക് തലമുടി വളര്‍ത്തേണ്ടിവരും. തലയ്ക്കകം ചെളിയുടെ വിളനിലമാണെന്ന് കാണിക്കാന്‍. തല്‍ക്കാലം നമുക്കവരെ വെറുതെ വിടാം. ചെന്നിത്തലത്തമ്പുരാന്റെ മോതിരമിട്ട കൈകൊണ്ട് കിട്ടുന്ന അടിക്ക് മാധുര്യമുണ്ടാവും എന്നവര്‍ക്ക് അറിയാമായിരിക്കാം. ശീലമാണ് അവര്‍ക്ക് ബന്ധനം.മേഴ്‌സികില്ലിംഗ് ആണ് തങ്ങള്‍ക്കാവശ്യം എന്നവര്‍ കരുതുന്നുണ്ടാവാം. അതുകൊണ്ടാണ് ഉദയാസ്തമയങ്ങള്‍ യോജിക്കാത്ത രണ്ടു ഘടകങ്ങളായി നമ്മുടെ മുന്‍പിലുള്ളത്. ഇപ്പോഴും ജനകീയ ജനാധിപത്യമുന്നണി എന്ന ഉത്തമമായ ഭൗതികസാഹചര്യമാണ് വിപ്ലവത്തിന്റെ അനിവാര്യഘടകമായി സിപിഎം കാണുന്നത്.

കാലഹരണപ്പെട്ടുപോയ ദേശീയ ജനാധിപത്യ മുന്നണി എന്ന ആശയം തിരുത്താന്‍ സിപിഐ തയാറാവാത്തതും കോണ്‍ഗ്രസിന്റെ കൂടെ കൂട്ടുകൂടാം എന്നു കരുതിയിട്ടാവാം.പടിഞ്ഞാറുനിന്നുകൊണ്ട് കിഴക്കുദിക്കില്‍ നടന്നുനീങ്ങുന്ന നക്ഷത്രക്കണ്ണുള്ള ചെറുപ്പക്കാരെപ്പറ്റി അരവിന്ദ് ഘോഷ് പറഞ്ഞത് ഓര്‍മ്മ വരുന്നു. നമ്മള്‍ ഒരേ സ്ഥലത്താണെങ്കിലും രണ്ടു കാലങ്ങളിലാണ് എന്നാണര്‍ത്ഥം. വിരിയാന്‍ തുടങ്ങുന്ന പൂവും കൊഴിഞ്ഞ പൂവും രണ്ടും രണ്ടാണ്. അതെപ്പോലെ യുവാവും വൃദ്ധനും; ഉദയവും അസ്തമയവും. അന്തരത്തില്‍ കണ്ടു പഠിക്കുക. അതൊരു കലയാണ്. അടുപ്പത്തിലല്ലാതെ അകലത്തില്‍ കാണുക. അങ്ങനെ അതൊരു ശീലമാക്കുക. ഇടയാന്‍ ശ്രമിക്കുന്നവര്‍ രഞ്ജിപ്പിനുവേണ്ടി ഇടയാന്‍ നോക്കട്ടെ എന്നാശിക്കാം.

Comments

comments

Categories: FK Special