മിന്ത്രയുടെ വാര്‍ഷിക ബജറ്റ് ഫഌപ്കാര്‍ട്ട് 25 ശതമാനം വര്‍ധിപ്പിച്ചു

മിന്ത്രയുടെ വാര്‍ഷിക ബജറ്റ് ഫഌപ്കാര്‍ട്ട് 25 ശതമാനം വര്‍ധിപ്പിച്ചു

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയിലര്‍ എന്ന മിന്ത്രയുടെ സ്ഥാനം നിലനിര്‍ത്താന്‍ കമ്പനിയുടെ വാര്‍ഷിക ബജറ്റ് 25 ശതമാനം വര്‍ധിപ്പിച്ചതായി മിന്ത്ര ഡോട്ട് കോം ഉടമസ്ഥരായ ഫഌപ്കാര്‍ട്ട്. മിന്ത്രയ്ക്കായുള്ള തങ്ങളുടെ വാര്‍ഷിക മുടക്കുമുതല്‍ കുറയ്ക്കാന്‍ ഫഌപ്കാര്‍ട്ടിന് പദ്ധതിയുണ്ടെന്ന് ഈ വര്‍ഷം ആദ്യം റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. 2014ലാണ് 300 മില്യണ്‍ ഡോളറിന് ഫഌപ്കാര്‍ട്ട് മിന്ത്രയെ ഏറ്റെടുത്തത്.

ഈ വര്‍ഷം തങ്ങള്‍ക്ക് ഫഌപ്കാര്‍ട്ട് ബോര്‍ഡില്‍ നിന്ന് 25 ശതമാനം അധികം പണം ലഭിച്ചുവെന്ന് മിന്ത്രയുടെ ചീഫ് എക്‌സിക്യൂട്ടിവായ അനന്ത് നാരായണ്‍ പറഞ്ഞു. അതേസമയം മിന്ത്രയുടെ വാര്‍ഷിക ബജറ്റ് വ്യക്തമാക്കാന്‍ അദ്ദേഹം തയാറായില്ല. സാങ്കേതിക വിദ്യ പരിഷ്‌കരിക്കുന്നതിനായാണ് പ്രധാനമായും ഈ അധിക പണം ഉപയോഗിക്കുക. അതിനൊപ്പം തന്നെ ചെറുതും ഇടത്തരവുമായ മൂന്നോ നാലോ പാരമ്പരാഗത ബ്രാന്‍ഡുകളില്‍ നിക്ഷേപം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രവര്‍ത്തന ബജറ്റിലെ ചെലവിടലിനു പുറമെ വിവിധ ടെക്‌നോളജി ബ്രാന്‍ഡുകളില്‍ നിക്ഷേപം നടത്താന്‍ ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിവേകപൂര്‍വമായ ഇത്തരം നീക്കങ്ങള്‍ വളര്‍ച്ചയ്ക്കും പുതിയ സാങ്കേതികവിദ്യയും സഹായിക്കുമെന്നും നാരായണ്‍ പറഞ്ഞു. 2018 മാര്‍ച്ചോടെ ഇത്തരം നിക്ഷേപങ്ങള്‍ ലാഭം നല്‍കുമെന്നാണ് മിന്ത്ര പ്രതീക്ഷിക്കുന്നത്. മൈക്രോസോഫ്റ്റ്, ഇബേ, വീചാറ്റ് നിക്ഷേപകരായ ടെന്‍സെന്റ് തുടങ്ങിയ ആഗോള ഭീമന്മാരില്‍ നിന്ന് 1.4 ബില്യണ്‍ ഡോളര്‍ സമാഹരിച്ചതായി കഴിഞ്ഞമാസം ഫഌപ്കാര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മിന്ത്രയുടെ ബജറ്റ് ഉയര്‍ത്തിയത്.

ജബോങ് ഡോട്ട് കോമിനൊപ്പം 2018 മാര്‍ച്ചില്‍ തന്നെ ലാഭം നേടുകയെന്ന ലക്ഷ്യം നേടാന്‍ ഈ അധിക ബജറ്റ് സഹായിക്കുമെന്നുും നാരായണ്‍ പറയുന്നു. ഓണ്‍ലൈന്‍ ഫാഷന്‍ രംഗത്തെ മുഖ്യഎതിരാളികളായിരുന്ന ജബോങിനെ 70 മില്യണ്‍ ഡോളറിനാണ് മിന്ത്ര കഴിഞ്ഞ വര്‍ഷം ഏറ്റെടുത്തത്. രാജ്യത്തെ ഏറ്റവും വലിയ ഇ കൊമേഴ്‌സ് കമ്പനിയായ ഫഌപ്കാര്‍ട്ട് മുഖ്യ എതിരാളിയായ ആമസോണിനെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് മിന്ത്രയെ ലാഭത്തിലെത്തിക്കുന്നതിനുള്ള നീക്കം വേഗത്തിലാക്കിയത്.

Comments

comments

Categories: Business & Economy