വീഡൂലി നിക്ഷേപം സമാഹരിച്ചു

വീഡൂലി നിക്ഷേപം സമാഹരിച്ചു

ന്യൂഡെല്‍ഹി: വീഡിയോ അനലിറ്റിക്‌സ് സ്റ്റാര്‍ട്ടപ്പായ വിഡൂലി 1.4 മില്ല്യണ്‍ ഡോളര്‍ നിക്ഷേപം സമാഹരിച്ചു. ഗുജറാത്ത് വെഞ്ച്വര്‍ ഫിനാന്‍സ് ലിമിറ്റഡ്, അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനം, നിലവിലെ നിക്ഷേപകരായ ടൈംസ് ഇന്റര്‍നെറ്റ് തുടങ്ങിയവരില്‍ നിന്നുമാണ് കമ്പനി നിക്ഷേപം സമാഹരിച്ചത്. തെക്കു കിഴക്കന്‍ വിപണികളിലേക്ക് കമ്പനിയെ വ്യാപിപ്പിക്കുന്നതിനും കൂടുതല്‍ ജീവനക്കാരെ ജോലിയില്‍ പ്രവേശിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ നിക്ഷേപം കമ്പനി വിനിയോഗിക്കുക.

സാമൂഹ്യമാധ്യമങ്ങളില്‍ വീഡിയോ അപ്‌ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് നോയിഡ ആസ്ഥാനമായിട്ടുള്ള വിഡൂലി പ്രവര്‍ത്തിക്കുന്നത്. ഇന്തോനേഷ്യ, തായ്‌ലാന്‍ഡ്, മലേഷ്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലെ വിപണിയിലേക്ക് പ്രവേശിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിഡൂലിയുടെ പ്രവര്‍ത്തനം. മാത്രവുമല്ല, അടുത്ത വര്‍ഷം ചൈനീസ് വിപണിയിലേക്ക് കൂടി കടക്കാന്‍ ഇവര്‍ ലക്ഷ്യമിടുന്നുണ്ടെന്നും കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമായ നിഷാന്ത് റാഡിയ പറഞ്ഞു. തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമാണ് കമ്പനിക്ക് മികച്ച പ്രതികരണം ലഭിക്കുന്നത്. അതുകൊണ്ട് തന്നെ അവിടുത്തെ വിപണി കൂടുതല്‍ വ്യാപിപ്പിക്കുന്നതിനാണ് ശ്രമിക്കുന്നത്. ഈ മേഖലകളില്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വിഭാഗത്തിലെ കൂടുതല്‍ ജീവനക്കാരെ കൂടി വിന്യസിപ്പിക്കുമെന്നും റാഡിയ കൂട്ടിച്ചേര്‍ത്തു.

കമ്പനിയുടെ ആവശ്യങ്ങള്‍ക്കായുള്ള ടെക്‌നോളജിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാകും ലഭിച്ച നിക്ഷേപത്തിന്റെ പകുതി തുക വിനിയോഗിക്കുന്നതെന്നും റാഡിയ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഡാറ്റാ സയന്‍സ് ആന്‍ഡ് സെയില്‍സ് വിഭാഗത്തില്‍ 15 ജീവനക്കാരെയാണ് വിഡൂലി നിയമിച്ചത്. ഇപ്പോള്‍ 35 ജീവനക്കാരാണ് കമ്പനിക്ക് ആകെയുള്ളത്. മീഡിയ പോര്‍ട്ടലുകള്‍, യൂട്യൂബ് കണ്ടന്റ് ക്രിയേറ്ററുകള്‍, മള്‍ട്ടി ചാനല്‍ നെറ്റ്‌വര്‍ക്കുകള്‍ തുടങ്ങിയവയെ ഉപയോഗിച്ചുകൊണ്ടുള്ള വീഡിയോ അനലിറ്റിക്‌സ്, ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോമാണ് വിഡൂലിയുടേത്. യൂട്യൂബ്, ഫേസ്ബുക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളില്‍ എങ്ങനെയാണ് വീഡിയോയുടെ പ്രവര്‍ത്തനം എന്നറിയുന്നതിനും വിഡൂലിയുടെ സേവനം ലഭ്യമാണ്.

മാര്‍ക്കെറ്റിംഗ് കമ്പനികളായ ഗ്രൂപ്പ് എം, മിന്‍ഡ്‌ഷെയര്‍, മള്‍ട്ടി ചാനല്‍ ഓപ്പറേറ്ററായ ഒണ്‍ലി മച്ച് ലൗഡര്‍, മീഡിയ കോണ്‍ഗ്ലോമെറേറ്റ് നെറ്റ്‌വര്‍ക്ക് 18, ഡിജിറ്റല്‍ പബ്ലിഷറായ സ്‌കൂപ്‌വൂപ്, വീഡിയോ ഗ്യാന്‍, ദ ക്വിന്റ് തുടങ്ങിയവരാണ് വിഡൂലിയുടെ ഇടപാടുകാര്‍. 200ലധികം ഉപഭോക്താക്കളാണ് കമ്പനിക്ക് നിലവിലുള്ളത്. 2014ലാണ് വിഡൂലി ആരംഭിക്കുന്നത്. ടൈംസ് ഗ്രൂപ്പിന്റെ ആക്‌സിലറേറ്റര്‍ പ്രോഗ്രാമായ ടി ലാബ്‌സായിരുന്നു വിഡൂലിയുടെ ഇന്‍ക്യുബേറ്റര്‍.

Comments

comments

Categories: Business & Economy