പിരിച്ചുവിടല്‍ ; തെലങ്കാന തൊഴില്‍ വകുപ്പ് കൊഗ്നിസെന്റുമായി നാളെ ചര്‍ച്ച നടത്തും

പിരിച്ചുവിടല്‍ ; തെലങ്കാന തൊഴില്‍ വകുപ്പ് കൊഗ്നിസെന്റുമായി നാളെ ചര്‍ച്ച നടത്തും
ജീവനക്കാരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലുള്ള സ്വാഭാവിക നടപടിയെന്ന് കമ്പനിയുടെ
വിശദീകരണം

ചെന്നൈ: ജീവനക്കാരുടെ എണ്ണം വന്‍തോതില്‍ കുറയ്ക്കാന്‍ കൊഗ്നിസെന്റ് നീക്കം നടത്തുന്ന സാഹചര്യത്തില്‍ കമ്പനിയുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്താന്‍ തെലങ്കാന സര്‍ക്കാരിന്റെ നീക്കം. ഐടി രംഗം വലിയ തോതില്‍ പിരിച്ചുവിടല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കൊഗ്നിസെന്റിനു പുറകെ മറ്റ് ഐടി കമ്പനികളും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്ന കാര്യം അറിയിച്ചിട്ടുണ്ട്. ഐടി മേഖലയിലെ പിരിച്ചുവിടല്‍ പ്രവണത കൂടുതല്‍ വഷളാകുന്നത് പരിഗണിച്ചാണ് തെലങ്കാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ആദ്യ ഇടപെടലിന് ഒരുങ്ങുന്നത്.

ഹൈദരാബാദില്‍ വച്ച് നാളെ ഉച്ചയ്ക്ക് തെലങ്കാന തൊഴില്‍ വകുപ്പ് അധികൃതര്‍ കൊഗ്നിസെന്റ് പ്രതിനിധികളുമായി യോഗം ചേരുമെന്നാണ് സൂചന. തെലങ്കാന ലേബര്‍ കമ്മീഷണര്‍ ആര്‍ ചന്ദ്രശേഖരം ഇതുമായി ബന്ധപ്പെട്ട് കൊഗ്നിസെന്റ് മാനേജ്‌മെന്റിന് കത്തയച്ചിട്ടുണ്ട്. പിരിച്ചുവിടല്‍ നടപടിയില്‍ കൊഗ്നിസെന്റുമായി ചര്‍ച്ച നടത്തുന്ന കാര്യം ആര്‍ ചന്ദ്രശേഖരം സ്ഥിരീകരിച്ചു. കഴിഞ്ഞയാഴ്ച കമ്പനിയിലെ ഡയറക്റ്റര്‍മാര്‍ക്കും, അസോസിയേറ്റ് വൈസ് പ്രസിഡന്റ്മാര്‍ക്കും, മുതിര്‍ന്ന വൈസ് പ്രസിഡന്റുകള്‍ക്കും വേണ്ടി കൊഗ്നിസെന്റ് വോളണ്ടറി റിട്ടയര്‍മെന്റ് പ്രോഗ്രാം പ്രഖ്യാപിച്ചിരുന്നു.

ഈ വര്‍ഷം 6,000 തൊഴിലവസരങ്ങള്‍ (അതായത് മൊത്തം തൊഴില്‍ ശേഷിയുടെ 2.3%) വെട്ടിക്കുറയ്ക്കാനാണ് നീക്കമെന്നും കമ്പനി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ‘യുക്തിപരമായ തൊഴിലാളികളുടെ പുനഃസംഘടിപ്പിക്കല്‍’ എന്ന പേരില്‍ കമ്പനിയില്‍ നിന്നും പിരിഞ്ഞുപോകാന്‍ സമ്മര്‍ദം ചെലുത്തുന്നതായി തൊഴിലാളികളില്‍ ചിലര്‍ ആരോപിച്ചിട്ടുണ്ട്. അതേസമയം മറ്റ് ചിലര്‍ കമ്പനിയില്‍ നിന്നും പിരിച്ചവിടുന്നതായി അറിയിച്ചുകൊണ്ടുള്ള ഉത്തരവ് പ്രതീക്ഷിച്ചിരിക്കുകയാണെന്നും അറിയിച്ചു. ചിലര്‍ തൊഴിലാളി യൂണിയനുകളുടെ സഹായവും തേടിയതായി റിപ്പോര്‍ട്ടുകളുണ്ട്. പക്ഷെ, ഇക്കാര്യത്തില്‍ ഇരു കക്ഷികളുടെയും അഭിപ്രായം കേള്‍ക്കാതെ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് ചന്ദ്രശേഖരം പറഞ്ഞു.

അതേസമയം, തങ്ങള്‍ പിരിച്ചുവിടല്‍ നടപടിക്കൊരുങ്ങുന്നില്ലെന്നായിരുന്നു കൊഗ്നിസെന്റിന്റെ പ്രതികരണം. ജീവനക്കാരുടെ പ്രകടനം വിലയിരുത്തുന്നതിനും തങ്ങളുടെ ഉപയോക്താക്കളുടെ ആവശ്യകത നിറവേറ്റുന്നതിന് പ്രാപ്തരായ തൊഴിലാളികളാണ് കമ്പനിയിലുള്ളതെന്ന് ഉറപ്പുവരുത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഓരോ വര്‍ഷവും നടത്താറുണ്ടെന്നും കൊഗ്നിസെന്റ് അറിയിച്ചു. ഇതിന്റെ ഭാഗമായി ചില മാറ്റങ്ങള്‍ ഉണ്ടായേക്കും, ചില ജീവനക്കാരെ ഒഴിവാക്കിയെന്നും വരാം. ഇത്തരത്തിലുള്ള ഏത് നടപടിയും ജീവനക്കാരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും കൊഗ്നിസെന്റ് വക്താവ് അറിയിച്ചു. മാര്‍ച്ച് പാദത്തില്‍ മാത്രം കോളെജ് റിക്രൂട്ട്‌മെന്റ് വഴിയും അല്ലാതെയും ആയിരക്കണക്കിന് പ്രൊഫഷണലുകളെയാണ് കമ്പനി നിയമിച്ചത്. കമ്പനി ശേഷി ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കമ്പനി തുടരുമെന്നും കൊഗ്നിസെന്റ് വക്താവ് വിശദീകരിച്ചു.

നേരത്തെ, കമ്പനികളുടെ പിരിച്ചുവിടല്‍ നടപടിക്കെതിരായ നീക്കങ്ങള്‍ക്ക് ഫോറം ഓഫ് ഐടി എംപ്ലോയീസ് (എഫ്‌ഐടിഇ) പിന്തുണ പ്രഖ്യാപിച്ചിരുന്നു. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ പിരിച്ചുവിടല്‍ നടപടിക്കെതിരെ കോടതിയെ സമീപിക്കുന്നതിന് ഒരു ജീവനക്കാരന് വേണ്ട സഹായങ്ങളും ഫോറം വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവില്‍ കൂടുതല്‍ കമ്പനികള്‍ പിരിച്ചുവിടല്‍ നടപടികള്‍ക്ക് ഒരുങ്ങുന്ന സാഹചര്യത്തില്‍ കര്‍ണാടകയിലെയും പശ്ചിമബംഗാളിലെയും തൊഴില്‍ വകുപ്പുകളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഐടി എംപ്ലോയീസ് ഫോറം നീക്കം നടത്തുന്നുണ്ട്. ഐടി രംഗത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ സംഭാവന ചെയ്യുന്ന തമിഴ്‌നാട്ടില്‍ കമ്പനികളുടെ പിരിച്ചുവിടല്‍ നീക്കത്തില്‍ അടിയന്തിര ഇടപ്പെടല്‍ നടത്താന്‍ സര്‍ക്കാര്‍ സംസ്ഥാന തൊഴില്‍ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Comments

comments

Categories: Business & Economy