ബിസിനസിന്റെ വിജയശില്‍പ്പികള്‍

ബിസിനസിന്റെ വിജയശില്‍പ്പികള്‍

സുധീര്‍ ബാബു

പ്രസ്ഥാനങ്ങളുടെ രൂപാന്തരം വളരെ മനോഹരമായ, ഉദ്വേഗജനകമായ ഒരു പ്രക്രിയയാണ്. ചെറുതില്‍ നിന്നും വലുതിലേക്കുള്ള അത്ഭുതാവഹമായ പരിവര്‍ത്തനം. ഉടമസ്ഥനായ സംരംഭകനും (Owner  Etnrepreneur) സഹായികളും (Helpers) കൂടി നടത്തിക്കൊണ്ടിരുന്ന ചെറിയൊരു പ്രസ്ഥാനം ബൃഹത്തായ പുതിയൊരു പ്രസ്ഥാനമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇവിടെ മാനേജ്‌മെന്റിന്റെ രൂപവും ഭാവവും മാറുകയാണ്. ചെറിയ പ്രസ്ഥാനത്തില്‍ നിലനിന്നിരുന്ന മാനേജ്‌മെന്റ് തത്വശാസ്ത്രമോ (Philosophy) പ്രക്രിയകളോ തീരെ അപര്യാപ്തമാകും വലിയൊരു പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കുവാന്‍. ഒരു യഥാര്‍ത്ഥ മാനേജ്‌മെന്റിന്റെ ആവശ്യകത ഇവിടെ ഉടലെടുക്കുന്നു.

വിശ്വ പ്രസിദ്ധ മാനേജ്‌മെന്റ് ഗുരു പീറ്റര്‍ എഫ് ഡ്രക്കര്‍ വിവരിക്കുന്ന ഒരുദാഹരണം നോക്കുക. രണ്ടു തരത്തിലുള്ള ജീവികളുമായി നമുക്ക് പ്രസ്ഥാനങ്ങളെ താരതമ്യം ചെയ്യാം. അതിലൊന്ന് ഒരു ചെറിയ കീടമാണ് (Insect). ഈ കീടത്തിന്റെ ശരീരഭാഗങ്ങള്‍ ഒരുമിച്ച് ചേര്‍ത്ത് നിര്‍ത്തുന്നത് അതിന്റെ ദൃഢമായ പുറംഭാഗമാണ് (Hard Skin). മറ്റൊരു ജീവി നട്ടെല്ലുള്ള വിഭാഗമാണ്. ഇത്തരം ജീവികളുടെ ശരീരഭാഗങ്ങള്‍ ഒരുമിച്ച് ചേര്‍ത്ത് നിര്‍ത്തുന്നത് ദൃഢമായ അസ്ഥികൂടമാണ് (Skeleton). ദൃഢമായ പുറംതോടുള്ള കീടങ്ങള്‍ക്ക് ഒരിക്കലും കുറച്ച് ഇഞ്ചുകള്‍ക്കപ്പുറമുള്ള വളര്‍ച്ച സാധ്യമല്ല. നേരെമറിച്ച് അസ്ഥികൂടമുള്ള ജീവികള്‍ക്കാവട്ടെ കൂടുതല്‍ വളര്‍ച്ച സാധ്യമാകുന്നു. സ്ഥാപനങ്ങളുടെ അസ്ഥികൂടമാണ് മാനേജ്‌മെന്റ്. പ്രസ്ഥാനങ്ങള്‍ക്ക് അനുരൂപമായ ഒരു മാനേജ്‌മെന്റ് ഉണ്ടായാല്‍ മാത്രമേ അവയുടെ വളര്‍ച്ച സാധ്യമാകൂ. അതുകൊണ്ട് തന്നെ പ്രസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം അനിവാര്യമായ ഒരു ഘടകമാണ് യുക്തമായ ഒരു മാനേജ്‌മെന്റ് സംവിധാനം.

ചെറുതില്‍ നിന്നും വലുതിലേക്ക്

ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ചില ബിസിനസ് സംരംഭങ്ങളുടെ തുടക്കം ചെറിയൊരു മുറിയില്‍ നിന്നോ ഒരു ഷോപ്പില്‍ നിന്നോ ആയിരുന്നു. ഉടമസ്ഥനായ സംരംഭകന്റെ അക്ഷീണ പരിശ്രമത്തിന്റെ ഫലമാണ് ആ വളര്‍ച്ച. ചെറുതില്‍ നിന്നും വലുതിലേക്കുള്ള വളര്‍ച്ചയുടെ യാത്രയില്‍ സംരംഭകന്‍ വശംവദനായിപ്പോകുന്ന ഒരു ചിന്താഗതിയുണ്ട്. താനും തന്റെ സഹായികളും മാത്രം മതി ഈ പ്രസ്ഥാനത്തെ നയിക്കാന്‍ എന്ന തെറ്റായ ഒരു ചിന്താഗതി സംരംഭകന്റെ മനസില്‍ ഉടലെടുക്കുന്നു. ഫോര്‍ഡ് കോര്‍പ്പറേഷന്റെ മേധാവി ഹെന്‍ട്രി ഫോര്‍ഡ് വരെ അത്തരമൊരു ചിന്താഗതിക്ക് അടിമപ്പെട്ട വ്യക്തിയായി ഒരു സമയത്ത് മാറിയിരുന്നു. ഫോര്‍ഡ് കോര്‍പ്പറേഷന്റെ ചരിത്രം തന്നെ മാനേജ്‌മെന്റ് എന്ന ശാസ്ത്രത്തിന്റെ അല്ലെങ്കില്‍ കലയുടെ പ്രാധാന്യം വെളിവാക്കുന്ന ഒന്നാണ്.

മാനേജ്‌മെന്റ് സിസ്റ്റം

”മാനേജര്‍മാര്‍” എന്ന വിഭാഗത്തിനെ ഒരു പ്രസ്ഥാനത്തിനും ഒഴിവാക്കാനാവില്ല. ഒരു പ്രസ്ഥാനത്തിന്റെ അടിസ്ഥാന വിഭവങ്ങളാകുന്നു അവര്‍. ഏറ്റവും ചിലവേറിയതും അനിവാര്യമായതുമായ വിഭവങ്ങള്‍. മാനേജര്‍മാരുടെ സാന്നിധ്യം (Presence) കൊണ്ടു മാത്രം ‘മാനേജ്‌മെന്റ്’ സൃഷ്ടിക്കപ്പെടുന്നില്ല. വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നം ഇതിനാവശ്യമാണ്. വര്‍ഷങ്ങളുടെ പരിശ്രമം മൂലം സൃഷ്ടിച്ചെടുത്ത യുക്തമായ ഒരു മാനേജ്‌മെന്റ് സിസ്റ്റം തകരാന്‍ ഒരു നിമിഷത്തെ അശ്രദ്ധ മതിയാകും. മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ രൂപീകരണവും പരിപാലനവും അതീവ ശ്രദ്ധാപൂര്‍വ്വം നടത്തേണ്ട ഒരു പ്രവര്‍ത്തനമാണ്.
‘മാനേജ്‌മെന്റ്’ എന്ന പദം ഏതെങ്കിലുമൊരു പ്രത്യേക പ്രവര്‍ത്തിയേയോ വ്യക്തിയേയോ സൂചിപ്പിക്കുന്ന ഒന്നല്ല. പ്രവര്‍ത്തികളും (Functions) വ്യക്തികളും (People) ഒരുമിച്ച് ഉള്‍ക്കൊണ്ട ഒരു സംവിധാനമാണ് മാനേജ്‌മെന്റ്. പ്രവര്‍ത്തികള്‍ മാത്രമാണ് മാനേജ്‌മെന്റ് എന്നോ വ്യക്തികള്‍ മാത്രമാണ് മാനേജ്‌മെന്റ് എന്നോ നമുക്ക് വിവക്ഷിക്കുവാനാവില്ല. പ്രവര്‍ത്തികളും വ്യക്തികളും കൂടിച്ചേര്‍ന്ന അനിതര സാധാരണമായ ഒരു പ്രതിഭാസമാണ് മാനേജ്‌മെന്റ്.

എല്ലാവരും മാനേജര്‍മാരല്ല പ്രത്യേക നിപുണതകളില്ലാതെ (Skills) ഒരു പ്രസ്ഥാനത്തിനെ മാനേജ് ചെയ്യാന്‍ കഴിയുകയില്ല. ആര്‍ക്കെങ്കിലും മാനേജര്‍ എന്ന പദവിയിലിരുന്ന് ചെയ്യാവുന്ന ഒരു സാമാന്യ പ്രവര്‍ത്തിയല്ല മാനേജ്‌മെന്റ്. മാനേജ്‌മെന്റ് ഒരു നിശ്ചിത പ്രവര്‍ത്തിയാണ് (ടുലരശളശര ഖീയ). ആ പ്രവര്‍ത്തികള്‍ നടപ്പിലാക്കേണ്ട മാനേജര്‍ക്ക് നിശ്ചിത യോഗ്യതകളും അറിവുകളും ഉണ്ടായിരിക്കണം. മാനേജര്‍മാര്‍ എന്നറിയപ്പെടുന്ന ഈ വിഭാഗത്തിന് ഉണ്ടായിരിക്കേണ്ട കഴിവുകളും നിപുണതകളും എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
1-    ഫലപ്രദമായ തീരുമാനങ്ങള്‍ ശരിയായ സമയത്ത് എടുക്കുവാനുള്ള കഴിവ്
2-    വ്യക്തികളെ സംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊള്ളുവാനുള്ള കഴിവ്.
3-    ആശയവിനിമയം നടത്താനുള്ള കഴിവ്
4-    നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും ഫലപ്രദമായി ഉപയോഗിക്കാനുള്ള കഴിവ്
5-    ബജറ്റിംഗിലും പ്ലാനിംഗിലുമുള്ള കഴിവ്
6-    വിവരസാങ്കേതിക വിദ്യയുടെ ആശയങ്ങളേയും ഉപായങ്ങളേയും കൈകാര്യം ചെയ്യുവാനുള്ള കഴിവ്

മാനേജ്‌മെന്റിന്റെ രൂപീകരണം അതീവ ശ്രദ്ധയോടെ നിര്‍വ്വഹിക്കേണ്ട ഒരു പ്രവര്‍ത്തിയാണ്. പ്രമോഷന്‍ നല്‍കാന്‍ ഒരു വ്യക്തിയെ മാനേജര്‍ ആക്കുകയോ തന്റെ വിശ്വസ്തന്‍ ആയതുകൊണ്ട് ഒരു വ്യക്തിയെ മാനേജര്‍ ആക്കുകയോ അല്ല സംരംഭകന്‍ ചെയ്യേണ്ടത്. നിശ്ചിത കഴിവുകളില്ലാത്ത വ്യക്തികള്‍ ഒരിക്കലും ഒരു യഥാര്‍ത്ഥ മാനേജ്‌മെന്റായി മാറുന്നില്ല. സ്ഥാപനത്തിന്റെ മൊത്തം മാനേജ്‌മെന്റ് സിസ്റ്റം താളം തെറ്റാന്‍ മാനേജ്‌മെന്റ് എന്തെന്നറിവില്ലാത്ത ഇത്തരം വ്യക്തികളുടെ സാന്നിധ്യം ഇടയാക്കും. മാനേജര്‍മാരുടെ ജോലിയുടെ രൂപകല്‍പ്പന നിര്‍വ്വഹിക്കേണ്ടത് സ്ഥാപനത്തിന്റെ ലക്ഷ്യങ്ങള്‍ നേടാന്‍ ഉപയുക്തമായ രീതിയിലായിരിക്കണം. ലക്ഷ്യങ്ങളാവണം മാനേജര്‍മാരെ പ്രചോദിപ്പിക്കേണ്ടതും മുന്നോട്ട് നയിക്കേണ്ടതും. പ്രസ്ഥാനത്തിന്റെ മൊത്തം പ്രകടനത്തിന്റെ (Overall Performance) ഉത്തരവാദിത്തം മാനേജര്‍മാര്‍ക്കാണ്. അവരുടെ നിര്‍വ്വചിക്കപ്പെട്ട ജോലിക്ക് ആ വ്യാപ്തിയുണ്ടാവണം, വെല്ലുവിളികളുണ്ടാവണം.

മാനേജര്‍ എന്ന പദവി

മാനേജരുടെ പദവിക്ക് വിവിധ തലങ്ങളുണ്ട്. മാനേജര്‍ എന്ന പദവി ചുമതലകളുടെ പ്രത്യേകതകള്‍ കൊണ്ടോ ബന്ധങ്ങളുടെ പ്രത്യേകതകള്‍ കൊണ്ടോ നിര്‍വ്വചിക്കപ്പെടാം. മാനേജര്‍ എന്ന പദവി നല്‍കിയതു കൊണ്ടു മാത്രം ഒരു വ്യക്തി മാനേജരായി മാറുന്നില്ല. അതല്ലെങ്കില്‍ ആ വ്യക്തിയുടെ സാമാന്യമായ ജോലി വിവരണത്തില്‍ (Job Description) മാത്രം അത് ഒതുക്കപ്പെടുന്നില്ല. അയാള്‍ നിര്‍വ്വഹിക്കുന്ന ഓരോ കര്‍ത്തവ്യത്തിനും ലക്ഷ്യങ്ങളുണ്ടാവണം. അവ പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങള്‍ നേടാന്‍ പ്രാപ്തമായിരിക്കുകയും വേണം. ഉചിതമായ ഫലം നല്‍കുന്ന രീതിയില്‍ മാനേജര്‍മാരുടെ ജോലി ചിട്ടപ്പെടുത്തുക ഒരു കലയാണ്.

മാനേജര്‍മാരുടെ ജോലി ചില നിശ്ചിത പ്രവര്‍ത്തികളാല്‍ (Specific Functions)നിര്‍വ്വചിക്കപ്പെട്ടതാകാം. ഒരു മാര്‍ക്കറ്റ് റിസര്‍ച്ച് മാനേജരുടെ ജോലി പോലെ തുടര്‍ച്ചയുള്ള കൃത്യമായ പ്രവര്‍ത്തികള്‍. അതല്ലെങ്കില്‍ മാനേജരുടെ ജോലി അപ്പപ്പോള്‍ നിര്‍വ്വഹിക്കേണ്ട ചില ചുമതലകളാവാം. അതിന് റിസര്‍ച്ച് മാനേജരുടെ ജോലി പോലെ തുടര്‍ച്ച ഉണ്ടാവണമെന്നില്ല. ഒരു പ്രത്യേക ഫലം അതില്‍ നിന്ന് ഉടലെടുക്കണമെന്നും നിര്‍ബന്ധമില്ല. മാനേജര്‍ എന്ന പദവി ചിലപ്പോള്‍ നിര്‍വ്വചിക്കപ്പെടുന്നത് ബന്ധങ്ങളുടെ അടിസ്ഥാനത്തിലാവാം. അതല്ലെങ്കില്‍ ആ വ്യക്തിക്ക് ലഭ്യമാക്കപ്പെടുന്ന വിവരങ്ങളുടെയും (Information) വിവരശ്രേണിയിലെ സ്ഥാനത്തിന്റേയും അടിസ്ഥാനത്തിലാവാം.

മാനേജരുടെ ജോലി

മാനേജര്‍ എന്ന പദവി നിര്‍ണ്ണയിക്കുന്നത് ഇത്തരം വിവിധ മാനദണ്ഡങ്ങളാവാം. ഇവിടെ ഒരൊറ്റ ലക്ഷ്യമേയുള്ളൂ. പ്രസ്ഥാനത്തിന്റെ ലക്ഷ്യം നേടിയെടുക്കാന്‍ മാനേജര്‍മാരില്‍ അര്‍പ്പിക്കപ്പെട്ട ഉത്തരവാദിത്തങ്ങള്‍ക്ക് കഴിയുന്നുണ്ടോ എന്നതു മാത്രം. അതുകൊണ്ടു തന്നെ മാനേജര്‍മാരുടെ ജോലി രൂപകല്‍പ്പന ചെയ്യുമ്പോള്‍ ചിന്തിക്കേണ്ടത് താഴത്തെ തലത്തില്‍ നിന്നും മുകളിലേക്കാണ്. തൊഴിലാളികളെ നേരിട്ട് നയിക്കുകയും അവരുടെ പ്രകടനത്തിന്റെ (Performance) ഉത്തരവാദിത്തം മുഴുവന്‍ ചുമലില്‍ പേറുകയും ചെയ്യുന്നവരാണ് ഫസ്റ്റ് ലൈന്‍ മാനേജര്‍മാര്‍. ഇവരെ പിന്തുണയ്ക്കുന്ന ഉത്തരവാദിത്തമാണ് മുകളിലുള്ള മാനേജ്‌മെന്റ് സംവിധാനത്തിനുള്ളത്. ഓരോ തലത്തിലുള്ള മാനേജ്‌മെന്റും പരസ്പരാശ്രയത്വത്തിന്റെ നല്ലൊരു ഉദാഹരണമാണ്. ഔപചാരികമായതും (Formal) അനൗപചാരികമായതുമായ (Informal) ബന്ധത്തിലൂടെ ഈ തലങ്ങള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു.

തനിക്ക് കീഴില്‍ ജോലി ചെയ്യുന്ന വ്യക്തിയില്‍ നിന്നും താന്‍ എന്തു ഫലം പ്രതീക്ഷിക്കുന്നുവെന്ന് അയാള്‍ക്ക് വ്യക്തമാക്കി കൊടുക്കുവാന്‍ മാനേജര്‍ ബാധ്യസ്ഥനാണ്. അത്തരം ഓരോ വ്യക്തിയുടേയും ജോലിയുടെ രൂപകല്‍പ്പന ലക്ഷ്യങ്ങള്‍ നേടാന്‍ അനുരൂപമായ രീതിയിലാവണം. ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ കിട്ടുവാനും അത് നേടുന്നതിനായി ഏതു രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും അവരെ പരിശീലിപ്പിക്കേണ്ട ഉത്തരവാദിത്തം മാനേജര്‍ക്കാണ്. തനിക്ക് താഴെ ജോലിയെടുക്കുന്നവരെ ”ബോസ്” ചെയ്യുകയല്ല തന്റെ കടമ മറിച്ച് അവരെ സഹായിക്കുകയാണ് എന്ന് ബുദ്ധിമാനായ ഒരു മാനേജര്‍ മനസിലാക്കും. അതനുസരിച്ച് പ്രവര്‍ത്തിക്കും.

ക്യാപ്റ്റനും ടീമും

ഉന്നതമായ കാഴ്ചപ്പാട് പുലര്‍ത്തുന്ന വ്യക്തിയാവണം മാനേജര്‍. ഇവിടെ വീക്ഷണത്തിനാണ് (Vision) മുന്‍തൂക്കം. സ്ഥാപനത്തെ വലിയൊരു ക്യാന്‍വാസില്‍ കാണാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും മാനേജര്‍മാര്‍ക്ക് കഴിയണം. ഉന്നതമായ കാഴ്ചപ്പാട് പുലര്‍ത്തുമ്പോള്‍ തന്നെ തന്റെ ഉത്തരവാദിത്തം തന്റെ താഴെത്തട്ടില്‍ ജോലി ചെയ്യുന്നവരോടാണെന്ന തിരിച്ചറിവും മാനേജര്‍ക്കുണ്ടാവണം. തന്റെ ടീമിനെ ഒറ്റക്കെട്ടായി നയിച്ച് സ്ഥാപനത്തിന്റെ ലക്ഷ്യങ്ങള്‍ നേടുന്ന ക്യാപ്റ്റന്റെ റോളാണ് മാനേജര്‍ക്ക്.

പദവിയുടെ തിളക്കമോ അധികാരമോ ആയിരിക്കരുത്. ഒരു മാനേജരെ മുന്നോട്ട് നയിക്കുന്ന ഘടകങ്ങള്‍. ശ്രദ്ധ പൂര്‍ണ്ണമായും സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളിലാവണം. അവയാവണം മാനേജര്‍മാരെ പ്രചോദിപ്പിക്കേണ്ടത്. പ്രമോഷനുകളോ ബന്ധങ്ങളോ സ്ഥാനങ്ങള്‍ നേടിത്തരാം. പക്ഷേ, മാനേജര്‍ എന്ന പദവി കുട്ടിക്കളിയല്ല. മറ്റുള്ളവരെ തനിക്ക് ഭരിക്കാനുള്ള സിംഹാസനമല്ല മാനേജര്‍ പദവിയെന്ന തിരിച്ചറിവ് തന്നെ പ്രധാനം. തന്റെ ടീമിനൊപ്പം നിന്ന് അവര്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കി അവരുടെ ഉയര്‍ച്ചയ്ക്കായി അക്ഷീണം പ്രവര്‍ത്തിക്കേണ്ട പദവിയാണ് മാനേജര്‍ എന്നത്. മാനേജ്‌മെന്റ് എന്ന അസ്ഥികൂടത്തിന്റെ ഗുണത്തെ (Quality) ആശ്രയിച്ചിരിക്കും സ്ഥാപനത്തിന്റെ വളര്‍ച്ച.

(കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഡിവാലര്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ്‌സ് മേധാവിയാണ് മാനേജ്‌മെന്റ് വിദഗ്ധനായ ലേഖകന്‍)

Comments

comments

Categories: FK Special
Tags: business, sucess