സംസ്ഥാനത്തെ മദ്യവില്‍പ്പനയില്‍ വന്‍ കുറവെന്ന് ബെവ്‌കോ

സംസ്ഥാനത്തെ മദ്യവില്‍പ്പനയില്‍ വന്‍ കുറവെന്ന് ബെവ്‌കോ

തിരുവനന്തപുരം: ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ മാറ്റിസ്ഥാപിക്കണമെന്ന സുപ്രീം കോടതി വിധിക്കു ശേഷം സംസ്ഥാനത്തെ മദ്യ വില്‍പ്പനയില്‍ വന്‍ കുറവ് രേഖപ്പെടുത്തിയതായി ബിവ്‌റെജസ് കോര്‍പറേഷന്‍ (ബെവ്‌കോ) പുറത്ത് വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ വര്‍ഷം ഏപ്രിലില്‍ 972 കോടി രൂപയുടെ വില്‍പ്പന മാത്രമാണുണ്ടായത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 1078 കോടി രൂപയുടെ വില്‍പ്പന ഉണ്ടായിരുന്ന സ്ഥാനത്താണിത്. അതായത് 106 കോടി രൂപയുടെ കുറവ്.

ബിയര്‍, വൈന്‍ വില്‍പ്പനയും കുത്തനെ ഇടിഞ്ഞു. ബിയര്‍ വില്‍പ്പനയില്‍ 50 ശതമാനം കുറവ് അനുഭവപ്പെട്ടപ്പോള്‍ വിദേശമദ്യ വില്‍പ്പനയില്‍ 8 ശതമാനം ഇടിവ് നേരിട്ടു. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അധികവും പൂട്ടിയത് ബിയര്‍, വൈന്‍ പാര്‍ലറുകളായതിനാല്‍ സര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍ ഏപ്രില്‍ മാസത്തില്‍ മാത്രം 10 ശതമാനം ഇടിവാണ് ഉണ്ടായത്. സംസ്ഥാനത്ത് നിലവില്‍ തുറന്നിരിക്കുന്ന 175 ഔട്ട് ലെറ്റുകളിലൂടെ മാത്രമാണ് ബെവ്‌കോ വില്‍പ്പന നടത്തുന്നത്. 100 വില്‍പ്പന ശാലകള്‍ ഇനിയും തുറക്കാനുണ്ട്.

എന്നാല്‍ പ്രാദേശികമായി വലിയ എതിര്‍പ്പ് നേരിടേണ്ടി വരുന്നതിനാല്‍ മദ്യവില്‍പ്പന ശാലകള്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാനാത്ത സ്ഥിതിയാണ്. ഈ രിതിയില്‍ പോയാല്‍ ഭാവിയില്‍ 5,000 കോടിയുടെ നഷ്ടം ഉണ്ടാകുമെന്ന് ബെവ്‌കോ നേരത്തെ സൂചിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അടിയന്തിര നടപടി വേണമെന്നും ബെവ്‌കോ ആവശ്യപ്പെടുന്നു.

Comments

comments

Categories: Top Stories