പുതിയ ഉല്‍പ്പാദന നയം സെപ്റ്റംബറോടെ: നിര്‍മല സീതാരാമന്‍

പുതിയ ഉല്‍പ്പാദന നയം സെപ്റ്റംബറോടെ: നിര്‍മല സീതാരാമന്‍

ന്യൂഡെല്‍ഹി: സാങ്കേതികവിദ്യ അതിവേഗം തൊഴിലവസരങ്ങളെ മാറ്റി പ്രതിഷ്ഠിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ക്ക് ജോലി ലഭ്യമാക്കാന്‍ പാകത്തിലെ ഇന്ത്യയുടെ പുതിയ ഉല്‍പ്പാദന നയം ഉടനെന്ന് കേന്ദ്ര തൊഴില്‍, വാണിജ്യ, വ്യവസായ മന്ത്രി നിര്‍മല സീതാരാമന്‍. ഇന്‍ഡസ്ട്രി 4.0യുടെ ആവിര്‍ഭാവത്തോടെ, ചില തൊഴിലുകള്‍ ഇല്ലാതാവുകയാണ്. ഇത്തരത്തില്‍ ജോലി നഷ്ടപ്പെടുന്നവര്‍ക്ക് പകരം തൊഴില്‍ കണ്ടെത്തുന്നതിനുള്ള വഴി പുതിയ നയം ആരായും-മന്ത്രി പറഞ്ഞു.

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ മൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് സെപ്റ്റംബറില്‍ പുതിയ ഉല്‍പ്പാദന നയം നിലവില്‍വരും. ഉല്‍പ്പാദന മേഖലയില്‍ നിന്നുള്ള ജിഡിപി വിഹിതം നാലില്‍ ഒന്നാക്കി ഉയര്‍ത്തുന്നതിനും പുതിയ നയം ഉന്നമിടുന്നു. നിലവില്‍ ഇത് 16-17 ശതമാനമാണ്. ജര്‍മനിയെപ്പോലെ ആധുനികവും നവീനവുമായ വ്യവസായ നയം ഇന്ത്യയ്ക്കുണ്ടെന്നവകാശപ്പെട്ട നിര്‍മല സീതാരാമന്‍ രാജ്യത്തെ ഉല്‍പ്പാദന ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കി.

ഓരോ മാസവും ഒരു മില്ല്യണ്‍ ആളുകളാണ് തൊഴില്‍ മേഖലയില്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നത്. ആവശ്യകത കുറഞ്ഞതിനാല്‍ ഇന്ത്യയിലെ ഉല്‍പ്പാദന മേഖല നെഗറ്റീവ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരിയില്‍ രണ്ട് ശതമാനവും ജനുവരിയില്‍ 2.9 ശതമാനവും 2016 ഡിസംബറില്‍ 1.7 ശതമാനവും നെഗറ്റീവ് വളര്‍ച്ചയാണ് ദര്‍ശിച്ചത്. ഫാക്റ്ററികളിലെ യന്ത്രവല്‍ക്കരണം ഊര്‍ജ്ജിതപ്പെടുത്തുന്നതിന് സ്‌കില്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ എന്നിവയെ പരമാവധി പ്രയോജനപ്പെടുത്തുമെന്നും മന്ത്രി വിശദീകരിച്ചു.

Comments

comments

Categories: Top Stories