മേക്ക് ഇന്‍ ഇന്ത്യ: ഉയര്‍ന്ന മൂല്യമുള്ള സ്റ്റീലിന്റെ ആവശ്യമുയരും

മേക്ക് ഇന്‍ ഇന്ത്യ: ഉയര്‍ന്ന മൂല്യമുള്ള  സ്റ്റീലിന്റെ ആവശ്യമുയരും
ആഭ്യന്തര കമ്പനികള്‍ക്ക് വളര്‍ച്ച  കൈവരിക്കുന്നതിന് സഹായകരമാകും

കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ മേക്ക് ഇന്‍ ഇന്ത്യയ്ക്ക് കീഴില്‍ പ്രതിരോധം, കപ്പല്‍ നിര്‍മാണം, പാരമ്പര്യേത ഊര്‍ജ്ജ പദ്ധതികള്‍, ഓട്ടോമൊബീല്‍ വ്യവസായം എന്നിവ വഴിയുള്ള ഉല്‍പ്പാദനം വര്‍ധിക്കുകയാണെങ്കില്‍ രാജ്യത്തെ ഉയര്‍ന്ന മൂല്യമുള്ള സ്റ്റീലിന്റെ ആവശ്യത്തില്‍ വന്‍ കുതിച്ച് ചാട്ടമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഇത് ആഭ്യന്തര സ്റ്റീല്‍ കമ്പനികള്‍ക്ക് വളര്‍ച്ച കൈവരിക്കുന്നതിന് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എസ്&പി ഗ്ലോബല്‍ പ്ലാറ്റ്‌സിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ ചരക്ക് വ്യാപാര മേഖലയ്ക്ക് ലഭ്യമാകുന്ന അവസരങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

അടിസ്ഥാന സൗകര്യ വികസനത്തിന് ഉപയോഗിക്കുന്ന വാണിജ്യ ഗ്രേഡ് സ്റ്റീലില്‍ ഇന്ത്യ ഇതിനോടകം തന്നെ സ്വയം പര്യാപ്തമായിക്കഴിഞ്ഞു. ചില മേഖലകളില്‍ അടുത്തിടെ നടത്തിയ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ 2015-16 വര്‍ഷത്തില്‍ ഇന്ത്യയുടെ ആകെയുള്ള സ്റ്റീല്‍ ഉല്‍പ്പാദന ശേഷി 118 മില്ല്യണ്‍ ടണ്ണാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. തൊട്ട് മുന്‍പിലത്തെ വര്‍ഷം ഇത് 110 മില്ല്യണ്‍ ടണ്ണായിരുന്നു. എന്നാല്‍, ഇന്ത്യന്‍ സ്റ്റീല്‍ മേഖലയിലെ പ്രധാന അസംതുലിതാവസ്ഥയ്ക്ക് കാരണം ഉയര്‍ന്ന മൂല്യമുള്ള സ്റ്റീല്‍ ഉല്‍പ്പാദനത്തിലെ ശേഷിയില്ലായ്മയാണ്. മേക്ക് ഇന്‍ ഇന്ത്യ പ്രചാരണത്തിന്റെയും ഇന്ത്യയുടെ യാത്രാ വാഹന വിപണിയുടെ വിപുലീകരണത്തിന്റെയും ഫലമായി ഈ അസംതുലിതാവസ്ഥ കൂടുതല്‍ രൂക്ഷമാകും.

പ്രതിരോധ മേഖല, കപ്പല്‍ നിര്‍മാണം, പാരമ്പര്യേതര ഊര്‍ജ്ജ വ്യവസായങ്ങള്‍ എന്നിവയുടെ ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്ന മുറയ്ക്ക് മൂല്യവര്‍ധിത സ്റ്റീലിന്റെ ആവശ്യത്തിലും വര്‍ധനവുണ്ടാകും. ആഭ്യന്തര സ്റ്റീല്‍ നിര്‍മാണ കമ്പനികള്‍ പുതിയ നിക്ഷേപം നടത്തേണ്ടതും പ്രധാന്യം കൊടുക്കേണ്ടതും ഈ മേഖലയിലായിരിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. ഇന്ത്യയിലെ ആളോഹരി സ്റ്റീല്‍ ഉപഭോഗം 65 കിലോ ഗ്രാം ആണ്. ആഗോളതലത്തില്‍ ഇത് 235 കിലോ ഗ്രാമും. രാജ്യത്ത് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ആവശ്യത്തിന്റെ സാധ്യത നിലനില്‍ക്കുന്നുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ സ്റ്റീല്‍ ഉപഭോഗം 5.3 ശതമാനം വര്‍ധിച്ച് 85.8 മില്ല്യണ്‍ ടണ്ണിലെത്തുമെന്ന് ക്രിസിലും പ്രവചിക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ശരാശരി വാര്‍ഷിക വളര്‍ച്ച 3.9 ശതമാനമായിരുന്നു.

Comments

comments

Categories: Business & Economy