ഇക്‌സിഗോ ആപ്പ് സ്റ്റോറിലേക്കും

ഇക്‌സിഗോ ആപ്പ് സ്റ്റോറിലേക്കും

ന്യൂഡെല്‍ഹി: ഇന്ത്യയിലെ പ്രമുഖ ആപ്ലിക്കേഷനായ ഇക്‌സിഗോ ആപ്പിള്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്കു വേണ്ടിയുള്ള തങ്ങളുടെ ട്രെയിന്‍ ആപ്പ് പ്രഖ്യാപിച്ചു. ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ഇനി ഉപഭോക്താക്കള്‍ക്ക് ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് സാധിക്കും. ഗൂഗിള്‍ പ്ലേ സ്‌റ്റോറിലെ മെയ്ഡ് ഇന്‍ ഇന്ത്യ കാറ്റഗറിയില്‍ 2016ലെ ഏറ്റവും മികച്ച ആപ്ലിക്കേഷനായിരുന്നു ഇക്‌സിഗോയുടെ ആന്‍ഡ്രോയിഡ് പതിപ്പ്. ഇതേ തുടര്‍ന്നാണ് കമ്പനി തങ്ങളുടെ ഐഫോണ്‍ ഉപഭോക്താക്കള്‍ക്കു വേണ്ടി ഇക്‌സിഗോയുടെ മികച്ച പതിപ്പ് അവതരിപ്പിക്കുന്നത്.

സൗജന്യമായി ട്രെയിന്‍ സംബന്ധമായ വിവരങ്ങള്‍ അറിയുന്നതിനും ഇന്ത്യന്‍ റെയില്‍വേ യാത്രക്കാരുടെ അനുഭവങ്ങള്‍ മനസിലാക്കുന്നതിനുമൊക്കെ വേണ്ടിയുള്ള ലേഖനങ്ങളാണ് ഇക്‌സിഗോ ട്രെയിന്‍സ് ആപ്പിലുള്ളത്. മാത്രവുമല്ല, ട്രെയിനില്‍ വെയ്റ്റിംഗ് ലിസ്റ്റിലുള്ള ഉപഭോക്താക്കള്‍ക്ക് ടിക്കറ്റ് ലഭിക്കുന്നതിനുള്ള സാധ്യതകളും മുന്‍കൂട്ടിയറിയുന്നതിനും എത്രമാത്രം ടിക്കറ്റുകള്‍ ബുക്ക് ചെയ്തിട്ടുണ്ടെന്നറിയുന്നതിനുമൊക്കെയായി ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ട്രെയിന്‍ എവിടെയെത്തി, നമുക്ക് ആവശ്യമായ സ്‌റ്റേഷനില്‍ അതെപ്പോള്‍ എത്തും തുടങ്ങിയ എല്ലാ വിവരങ്ങളും ഇക്‌സിഗോ പറഞ്ഞു തരും.

ട്രെയിന്‍ യാത്രയ്ക്ക് മുമ്പ് മാത്രമല്ല, യാത്രയ്ക്കിടക്കും ഏറെ ഉപകാരപ്രദമാണ് ഈ ആപ്ലിക്കേഷന്‍. ട്രെയിനുകളെ സംബന്ധിക്കുന്ന വാര്‍ത്തകളും റൂട്ട് സേവ് ചെയ്യുന്നതിനുള്ള സൗകര്യവുമെല്ലാം ഇക്‌സിഗോയിലുണ്ട്. ഇപ്പോള്‍ ഇക്‌സിഗോ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ള ആള്‍ക്കാരുടെ എണ്ണം 20 മില്ല്യണിനടുത്താണ്. അഞ്ചില്‍ 4.5 റേറ്റിംഗ് ഇക്‌സിഗോയ്ക്കുണ്ട്. എല്ലാ മാസവും 20 മില്ല്യണിലധികം ട്രെയിന്‍ സംബന്ധ വിവരങ്ങളാണ് ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് തിരയുന്നത്- ഇക്‌സിഗോ സഹസ്ഥാപകനും സിറ്റിഒയുമായ രജ്‌നിഷ് കുമാര്‍ പറഞ്ഞു. ആപ്പ്‌സ്റ്റോറില്‍ ലഭ്യമായി തുടങ്ങിയതിനു ശേഷം ഉപഭോക്താക്കളില്‍ നിന്നും മികച്ച പ്രതികരണമാണ് ഇക്‌സിഗോയ്ക്ക് ലഭിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. 4.7 റേറ്റിംഗാണ് ആപ്പ് സ്റ്റോറില്‍ ഇക്‌സിഗോയ്ക്കുള്ളത്.

Comments

comments

Categories: Tech