കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷ ; പാക് കോടതി വിധിക്കെതിരേ ഇന്ത്യ അന്താരാഷ്ട്ര കോടതിയില്‍

കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷ ; പാക് കോടതി വിധിക്കെതിരേ ഇന്ത്യ അന്താരാഷ്ട്ര കോടതിയില്‍

ന്യൂഡല്‍ഹി: ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് ഇന്ത്യന്‍ വംശജന്‍ കുല്‍ഭൂഷണ്‍ യാദവിനെ വധശിക്ഷയ്ക്കു വിധിച്ച പാകിസ്ഥാനിലെ കോടതിയുടെ തീരുമാനത്തിനെതിരേ ഹേഗിലുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാനുള്ള തീരുമാനം ശ്രദ്ധാപൂര്‍വ്വമെടുത്തതാണെന്നു ബുധനാഴ്ച ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയ വക്താവ് ഗോപാല്‍ ബാഗ്ലേ അറിയിച്ചു. അന്യായമായി തടഞ്ഞുവച്ചിരിക്കുന്ന, ജീവനു ഭീഷണി നേരിടുന്ന ഇന്ത്യന്‍ വംശജന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ് അന്താരാഷ്ട്ര കോടതിയെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനപതിയിലൂടെ ജാദവിനെ ബന്ധപ്പെടാന്‍ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടു ഇന്ത്യ പാകിസ്ഥാനു 16 അപേക്ഷകള്‍ നല്‍കിയെങ്കിലും യാതൊരു വിധത്തിലുള്ള മറുപടിയും ലഭിച്ചില്ല. കുല്‍ഭൂഷനെ വധശിക്ഷ വിധിച്ച പാക് സൈനിക കോടതി ഉത്തരവിനെതിരേ കുല്‍ഭൂഷന്റെ കുടുംബം നല്‍കിയ അപ്പീലിന്റെ അവസ്ഥയെന്തെന്നും വെളിപ്പെടുത്തിയിട്ടില്ല. ഇതിനു പുറമേ, ജാദവിന്റെ ആരോഗ്യനിലയെക്കുറിച്ചും അദ്ദേഹത്തെ എവിടെയാണു പാര്‍പ്പിച്ചിരിക്കുന്നതെന്നും അജ്ഞാതമാണെന്നും ഗോപാല്‍ ബാഗ്ലേ പറഞ്ഞു.

2016 മാര്‍ച്ച് മൂന്നിനു ബലോചിസ്ഥാനില്‍നിന്നും ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചാണു പാക് ഏജന്‍സികള്‍ കുല്‍ഭൂഷനെ(46) അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇന്ത്യന്‍ നാവികസേനയില്‍നിന്നും വിരമിച്ചതിനു ശേഷം ഇറാനില്‍ ബിസിനസ് ചെയ്യുമ്പോള്‍ പാകിസ്ഥാന്‍ കുല്‍ഭൂഷനെ തട്ടിക്കൊണ്ടു പോവുകയായിരുന്നെന്നാണ് ഇന്ത്യ ആരോപിക്കുന്നത്.

Comments

comments

Categories: Top Stories